ആലിയ ഭട്ട് മികച്ച നടി, 'ഗംഗുഭായി കത്തിയാവാഡി' കണ്ട് 'ദ ഗോഡ്ഫാദർ' സിനിമ പോലെ തോന്നിയെന്ന് ഹോളിവുഡ് നടൻ ജോസഫ് ഗോർഡൻ-ലെവിറ്റ്

ആലിയ ഭട്ട് മികച്ച നടി, 
'ഗംഗുഭായി കത്തിയാവാഡി' കണ്ട് 'ദ ഗോഡ്ഫാദർ' സിനിമ പോലെ തോന്നിയെന്ന് ഹോളിവുഡ് നടൻ ജോസഫ് ഗോർഡൻ-ലെവിറ്റ്
Published on

സഞ്ജയ് ലീല ബൻസാലി ചിത്രം 'ഗംഗുഭായി കത്തിയാവാഡി'യെ പ്രശംസിച്ച് ഹോളിവുഡ് നടൻ ജോസഫ് ഗോർഡൻ-ലെവിറ്റ്. ഗോഡ്ഫാദർ, ഗുഡ്‌ഫെല്ലസ് തുടങ്ങിയ ക്ലാസിക്കുകൾക്ക് സമാനമായ ചിത്രമെന്നാണ് നടൻ ഗംഗുഭായി കത്തിയാവാഡിയെ വിശേഷിപ്പിച്ചത്. 10 തിങ്ങ്സ് ഐ ഹേറ്റ് എബൗട്ട് യു, 500 ഡേയ്‌സ് ഓഫ് സമ്മർ , ക്രിസ്റ്റഫർ നോളൻ്റെ ഇൻസെപ്ഷൻ തുടങ്ങിയ ചിത്രങ്ങളിലുടെ ജനപ്രിയനായ നടനാണ് ജോസഫ് ഗോർഡൻ-ലെവിറ്റ്. ആദ്യമായി ഇന്ത്യയിൽ എത്തിയ അദ്ദേഹം ഐഎഫ്‌പി യുടെ ഉദ്ഘാടന സെഷനിൽ നടൻ രാജ്കുമാർ റാവോയുമായി സംസാരിക്കുന്നതിടെയാണ് സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യയിലേക്ക് താൻ വരാൻ തീരുമാനിച്ചതിന്റെ കാരണങ്ങളിലൊന്ന് ആ ചിത്രമാണ് എന്നും മികച്ച നടിയാണ് ആലിയ ഭട്ട് എന്നും ശനിയാഴ്ച രാവിലെ മുംബൈയിൽ നടന്ന ചടങ്ങിൽ ജോസഫ് ഗോർഡൻ-ലെവിറ്റ് പറ‍ഞ്ഞു.

ജോസഫ് ഗോർഡൻ-ലെവിറ്റ് പറ‍ഞ്ഞത്:

ഞാൻ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ചിത്രമായിരുന്നു അത്. വേറിട്ടതും അതിനെക്കാൾ ശക്തിയേറിയതുമായി ഒരു ചിത്രം. ഏതാണ്ട് ഒരു സ്കോർസെസിയുടെ സിനിമ കാണുന്നത് പോലെയാണ് എനിക്ക് അത് തോന്നിയത്. അതിൽ വളരെ മികച്ച സം​ഗീതമുണ്ടായിരുന്നു. എനിക്ക് ആ സിനിമയോട് വളരെയധികം ആകർഷണം തോന്നി. ഇന്ത്യൻ സിനിമയെക്കുറിച്ച് കൂടുതലായി പഠിക്കാൻ ആ സിനിമ എന്നെ പ്രേരിപ്പിച്ചു. ഇന്ന് ഞാൻ ഇവിടേക്ക് വരാൻ തീരുമാനിച്ചതിന്റെ ഒരു കാരണവും അത് തന്നെയാണ്. ഇവിടുത്തെ സംസ്കാരത്തിൽ നിന്ന് എനിക്ക് ലഭിക്കുന്ന അനുഭവത്തെ ഞാൻ ഇഷ്ടപ്പെടുന്നു. ഇവിടുത്തെ സിനിമകളോടും കലകളോടും എനിക്ക് വലിയ ഇഷ്ടമുണ്ട്, എനിക്ക് ഇവിടെ വന്ന് ഒരു സിനിമ നിർമിക്കണമെന്ന് ആ​ഗ്രഹമുണ്ട്.

പിന്നീട് നടന്ന ഫാൻ സോണിലും നടൻ ചിത്രത്തെക്കുറിച്ച് അവതാരകയോട് ആവർത്തിച്ച് സംസാരിച്ചു:

അടുത്തിടെ ഞാൻ ആലിയ ഭട്ടിന്റെ സിനിമ കണ്ടു, അവർ ശരിക്കുമൊരു മികച്ച നടിയാണ് എന്നാണ് ഞാൻ കരുതുന്നത്. അതൊരു ചരിത്ര നാടക സിനിമയായിരുന്നു. ഒരു ലൈം​ഗിക തൊഴിലാളിയുടെ വളർച്ചയാണ് ആ സിനിമ പറയുന്നത്. അത് ഏതാണ്ട് ഗുഡ്ഫെല്ലസ് അല്ലെങ്കിൽ ദി ഗോഡ്ഫാദർ എന്ന സിനിമ പോലെയാണ് എനിക്ക് തോന്നിയത്. അത്ര മികച്ച സിനിമയായിരുന്നു അത്. ഹോളിവുഡിൽ നിങ്ങൾക്ക് ഇത്തരത്തിൽ പാട്ടുകളും നൃത്തങ്ങളുമുള്ള സത്യസന്ധമായ ഒരു സിനിമ കാണാൻ സാധിക്കില്ല. ആ സിനിമയിലെ ആദ്യത്തെ പാട്ട് വന്നപ്പോൾ ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ പിന്നീട് എനിക്ക് അത് വളരെ നല്ലതായി തോന്നി. സംഗീതം, ആലാപനം, നൃത്തം, കൊറിയോഗ്രാഫി, ക്യാമറ, എല്ലാം തന്നെ വളരെ നന്നായിരുന്നു.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഗംഗുഭായി കത്തിയാവാഡി. ചിത്രത്തിലെ ​ഗം​ഗുഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മികവിന് ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ആലിയയെ തേടിയെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in