ആടുജീവിതത്തില്‍ അഭിനയിച്ചതിന് സൗദിയിലെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായി ജോര്‍ദാനിയന്‍ നടന്‍ ആകിഫ് നജം. മരണത്തിന്റെ വക്കിലെത്തിയ ഒരാളെ രക്ഷിക്കുന്ന സൗദിക്കാരന്റെ വേഷമായിരുന്നു തന്റേത്. സൗദിക്കാരുടെ ധീരതയും മാനുഷിക മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന വേഷമായതിനാലാണ് താന്‍ ആ റോള്‍ ഏറ്റെടുത്തത്. പക്ഷെ സിനിമ കണ്ടപ്പോള്‍ ചില നെഗറ്റീവ് സൗദി മാതൃകകള്‍ അതില്‍ അവതരിപ്പിക്കുന്നതായി തോന്നി. ചിത്രത്തിന്റെ തിരക്കഥ മുഴുവനായി വായിച്ചിരുന്നില്ല. വിശദാംശങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താനൊരിക്കലും ആ ചിത്രത്തില്‍ അഭിനയിക്കില്ലായിരുന്നു. ആ ചിത്രത്തില്‍ അഭിനയിച്ചതിന് മാപ്പ് ചോദിക്കുകയാണെന്നും സോഷ്യല്‍ മീഡിയ കുറിപ്പില്‍ നടന്‍ പറഞ്ഞു.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം സൗദിയിലെ ജനങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്ന നിലയില്‍ നേരത്തെ വിവാദമായിരുന്നു. ആടുജീവിതത്തിലെ വില്ലനായ അറബിയുടെ വേഷത്തില്‍ അഭിനയിച്ചതിന് ഒമാന്‍ നടന്‍ താലിബ് അല്‍ ബലൂഷിക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പക്ഷെ നടന്‍ ഈ വിവരം നിഷേധിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ആകിഫ് നജം മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.
ആകിഫ് നജത്തിന്റെ ഓണ്‍ലൈന്‍ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഇന്ത്യന്‍ സിനിമയായ ആടുജീവിതത്തില്‍ അഭിനയിച്ചതിനെ കുറിച്ച് ജോര്‍ദാനിയന്‍ കലാകാരന്‍ ആകിഫ് നജം പുറത്തിറക്കിയ പ്രസ്താവന
സൗദി അറേബ്യയും അവിടത്തെ ബഹുമാന്യരായ ആളുകളെയും ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാമെന്ന അതിയായ ആഗ്രഹത്തിലാണ് ചിത്രത്തില്‍ അഭിനയിച്ചത്. പക്ഷെ സിനിമയുടെ തിരക്കഥ മുഴുവന്‍ ഞാന്‍ വായിച്ചില്ല. എന്റെ ഭാഗം മാത്രം അവര്‍ എന്നോട് വിശദീകരിച്ചു. സിനിമയും അതിലെ നായകനും വഴിതെറ്റി മരുഭൂമിയില്‍ ദിവസങ്ങളോളം അകപ്പെടുകയും, മരണത്തിന്റെ വക്കോളമെത്തിയ നായകനെ ഒരു സൗദിക്കാരന്‍ രക്ഷിക്കുകയും ചെയ്യുന്നു. ആ സൗദിക്കാരന്റെ വേഷമായിരുന്നു എനിക്ക്. സൗദികളുടെ ധീരതയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്നതായതിനാലാണ് ആ കഥാപാത്രമാകാന്‍ തീരുമാനിച്ചത്. പക്ഷെ സിനിമ കണ്ടപ്പോള്‍ ചില നെഗറ്റീവ് സൗദി മോഡലുകളും അവതരിപ്പിക്കുന്നതായി മനസിലാകുന്നു. എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ഞന്‍ അഭിനയിക്കില്ലായിരുന്നു. സഹോദര തുല്യരായി ഞങ്ങള്‍ സഹവസിക്കുന്ന സൗദിയിലെ എല്ലാ ജനങ്ങളോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്റെയും എല്ലാ ജോര്‍ദാന്‍കാരുടെയും ഹൃദയത്തില്‍ സ്‌നേഹമുള്ള കുടുംബമായി നിങ്ങള്‍ തുടരും.