പണി സിനിമയെ വിമർശിച്ച് റിവ്യൂ എഴുതിയ ആളെ ഭീഷണിപ്പെടിയെന്ന വാർത്തകൾക്ക് വിശദീകരണവുമായി നടൻ ജോജു ജോർജ്ജ്. റിവ്യൂവറെ വിളിച്ചതും സംസാരിച്ചതും താൻ തന്നെയാണ്. സിനിമയെക്കുറിച്ച് ധാരാളം നെഗറ്റീവ് റിവ്യൂകൾ നേരത്തെയും വന്നിരുന്നു. സിനിമയുടെ വ്യാജ പ്രിന്റ് ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ റിവ്യൂ ചെയ്തയാളെ വിളിക്കാൻ കുറച്ചു കാരണങ്ങൾ ഉണ്ട്. സിനിമയുടെ സ്പോയിലർ ഉൾപ്പെടുന്ന റിവ്യൂ ആണ് പ്രചരിപ്പിച്ചിരുന്നത്. റിവ്യൂ പലയിടത്തേക്കും പകർത്തിയെഴുതി മനപ്പൂർവം സിനിമയെ തകർക്കാൻ ശ്രമമുണ്ടായി. കമന്റ് ബോക്സിൽ ഉൾപ്പെടെ റിവ്യൂ ചെയ്തയാൾ ആളുകളോട് സിനിമ കാണരുതെന്ന് പറയുന്നുണ്ട്. പുറകിൽ ഒരുപാട് അധ്വാനമുള്ള സിനിമയാണ് പണി എന്നും റിവ്യൂവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിൽ ജോജു ജോർജ്ജ് പറഞ്ഞു.
ജോജു പറഞ്ഞത്:
ഞാൻ ഒരാളെ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന നിലയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അത് ഞാൻ തന്നെ വിളിച്ചതാണ്. ഈ സിനിമയുടെ കാര്യത്തിൽ ഞാൻ രക്ഷപെട്ട സന്തോഷത്തിലാണ്. ഒരുപാട് പണം സിനിമയ്ക്കായി ചിലവഴിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ രണ്ടു ദിവസത്തെ ഡീഗ്രേഡിംഗ് തളർത്തിയിരുന്നു. പക്ഷെ പ്രേക്ഷകർ സിനിമ ഏറ്റെടുത്തു. സിനിമയുടെ പ്രിന്റുകൾ പലതും പല വെബ്‌സൈറ്റിലും വന്നിരുന്നു. ഒരുപാട് നെഗറ്റീവ് റിവ്യൂ സിനിമയ്‌ക്കെതിരെ വന്നു. എന്നിട്ടും ഞാൻ ആരെയും വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്രം തന്നെയാണ്. എന്റെ സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് തന്നെ പറയണം. നല്ലതാണെന്ന് പറയണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.
പക്ഷെ ഈ വ്യക്തി ഒരുപാട് സ്ഥലങ്ങളിൽ ഒരേ റിവ്യൂ കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട്. ആ റിവ്യൂ പ്രചരിപ്പിക്കുകയും കമന്റ് ബോക്സുകളിൽ സിനിമ കാണരുതെന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. മോശമായി റിവ്യൂ എഴുതിയ ആളുകളെ ഞാൻ വിളിച്ചിട്ടില്ല. കാരണം ഞാൻ വിധിയിൽ വിശ്വസിക്കുന്ന ആളാണ്. ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് ഒരു സിനിമ നിലനിർത്തി കൊണ്ടുപോകുന്നതിന്. വിനോദ ഉപാധി ആണെങ്കിൽ പോലും എന്നെ സംബന്ധിച്ച് ജീവിത പ്രശ്നമാണിത്. ഞാൻ അദ്ദേഹത്തെ വിളിച്ച് സംസാരിക്കാനുള്ള പ്രധാന കാരണം അഭിപ്രായ സ്വാതന്ത്രമല്ല. ഒരിക്കലും റിവ്യൂവിന്റെ പേരിലല്ല അത്. എന്റെ പടം മോശമാണെങ്കിൽ പറയണം. ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ വിഷയത്തിൽ ഒരുപാട് സ്ഥലത്ത് റിവ്യൂ കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടു. ഇത് മനപ്പൂർവ്വം ചെയ്യുന്നതായിരിക്കും. അതുകൊണ്ടാണ് വിളിച്ചത്. കാരണം എന്റെ രണ്ട് വർഷത്തെ അധ്വാനമാണ് ഈ സിനിമ. അതുപോലെ ഒരു സിനിമയുടെ സ്പോയിലർ പ്രചരിപ്പിക്കുക എന്നത് ഒരു റിവ്യൂവറും ഇവിടെ ചെയ്യാറില്ല. സിനിമയിലെ പ്രധാന സംഭവത്തെ കുറിച്ചാണ് അയാൾ എഴുതിയിരിക്കുന്നത്. ഈ സിനിമ ഞാൻ ആർക്കും സജസ്റ്റ് ചെയ്യില്ല എന്ന് പലയിടത്തും അയാൾ എഴുതിയിട്ടുണ്ട്. അതിനുള്ള തെളിവുകൾ എന്റെ കൈവശമുണ്ട്.
ഇദ്ദേഹം ചെയ്തതിന്റെ ഉത്തരം എനിക്കിതുവരെ കിട്ടിയിട്ടില്ല. അതെനിക്ക് കിട്ടണം. നിയമപരമായിട്ടാണെങ്കിൽ അങ്ങനെ ഉത്തരം കിട്ടേണ്ടതുണ്ട്. ഈ പ്രശ്നങ്ങളിൽ നിന്നെല്ലാം എന്നെ രക്ഷിച്ചത് ജനങ്ങളാണ്. അവർ നല്ല അഭിപ്രായം രേഖപ്പെടുത്തി. എന്റെ അഭിനയം ഉൾപ്പെടെ മോശമാണെന്ന് റിവ്യൂവിൽ പറയുന്നുണ്ട്. ഒരുപാട് മികച്ച കലാകാരൻമാർ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അതും മോശമാണെന്ന് പറയുകയാണെങ്കിൽ എനിക്ക് ഒന്നും പറയാനില്ല. എനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷെ അതെല്ലാം എന്നോട് വ്യക്തിപരമായി കാണിക്കാം. എന്റെയൊരു സിനിമ എന്ന് പറയുന്നത് എന്റെ മാത്രമല്ല. അത് ഒരുപാട് പേരുടേതാണ്. ദയവു ചെയ്തു മനപ്പൂർവം ഇങ്ങനെ ഒരു കാര്യം ചെയ്യരുത്. എന്റെ എന്നല്ല ആരുടെ സിനിമയ്ക്കും ചെയ്യരുത്. എന്തൊക്കെ തന്നെ ചെയ്താലും ഒരു സിനിമയെ തകർക്കാൻ കഴിയില്ല എന്നതിന് തെളിവാണ് 'പണി' സിനിമ. പക്ഷെ വളരെ വേദനാജനകമായ കാര്യങ്ങളാണ് ഇതെല്ലാം.
ഞങ്ങളുടെ ഭാഗത്തുനിന്ന് 100% പണിയെടുത്ത സിനിമയാണിത്. ക്ലാസ്സിക് ആണെന്നോ പഠിക്കേണ്ട സിനിമയാണെന്നോ അവകാശ വാദങ്ങളില്ല. നിങ്ങളെല്ലാവരും ഉദ്ദേശിക്കുന്നതിൽ അധികം മോശം റിവ്യൂകളിൽ നിന്ന് രക്ഷപെട്ട് കയറി വന്ന സിനിമയാണ് പണി.