നായാട്ട്, ചാർലി എന്നീ സിനിമകൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ചിത്രമാണ് ഇരട്ട. ജോജു ജോർജിന്റെ അപ്പു പാത്തു പാപ്പു ഫിലിംസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന സിനിമയിൽ ഡബിൾ റോളിൽ ജോജു ആദ്യമായി എത്തുകയാണ്. നവാഗതനായ രോഹിത് എം.ജി കൃഷ്ണനാണ് സംവിധാനം. സിനിിമയുടെ ട്രെയിലർ 21ന് പുറത്തിറങ്ങും.
ജോജു ജോർജ് അവതരിപ്പിക്കുന്ന ഇരട്ട സഹോദരങ്ങളുടെ ബന്ധത്തെ മുൻനിർത്തി വികസിക്കുന്ന പൊലീസ് സ്റ്റോറിയാണ് ചിത്രമെന്ന് സംവിധായകൻ രോഹിത് എം.ജി കൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.
മീശ പിരിച്ച ഒരു പൊലീസ് ഓഫീസറായും ഗൗരവത്തിൽ കസേരയിൽ കാൽ കയറ്റി വച്ചിരിക്കുന്ന സഹോദരനായുമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആദ്യം പുറത്തുവന്നിരുന്നത്.
ജോജു ജോർജ്ജ് ഇരട്ടയെക്കുറിച്ച്
ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾക്കെല്ലാം പ്രിയപ്പെട്ട, ഏറെ സ്പെഷ്യലായ സിനിമയാണ് ഇരട്ട. കരിയറിൽ ആദ്യമായാണ് ഡബിൾ റോളിലെത്തുന്നത്. എന്നെ എക്സൈറ്റ് ചെയ്ത സിനിമയാണ്. എന്റെ ഇരട്ടക്കുട്ടികളെ പോലെ എനിക്ക് പ്രിയപ്പെട്ടൊരു സിനിമ കൂടിയാണ്.
സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഛായാഗ്രഹണം. ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ.
അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. അഞ്ജലി, സ്രിന്ധ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വരികള്‍ അൻവർ അലി, എഡിറ്റിംഗ് മനു ആന്റണി, മേക്കപ്പ് റോണക്സ് സേവ്യര്‍, ആക്ഷന്‍ കൊറിയോഗ്രഫി കെ രാജശേഖർ, പിആർഒ പ്രതീഷ് ശേഖർ.