പനച്ചേലെ കുട്ടപ്പൻ ചേട്ടൻ അഥവാ തൊരപ്പൻ ബാസ്റ്റിൻ; നടൻ പി എൻ സണ്ണിയെക്കുറിച്ചുള്ള കുറിപ്പ്

പനച്ചേലെ കുട്ടപ്പൻ ചേട്ടൻ അഥവാ തൊരപ്പൻ ബാസ്റ്റിൻ;  നടൻ  പി എൻ സണ്ണിയെക്കുറിച്ചുള്ള കുറിപ്പ്
Published on

പണത്തിന് പുറമെ മസിലുകൾ ഉള്ള ശരീരം കൊണ്ട് അധികാരത്തെ ഉറപ്പിക്കുന്ന ജോജിയിലെ പനച്ചേൽ കുട്ടപ്പനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. പനച്ചേൽ കുട്ടപ്പനെ സ്‌ക്രീനിൽ കണ്ടപ്പോളാണ് സ്ഫടികത്തിലെ ആട് തോമയെ തല്ലിതോൽപ്പിക്കുവാൻ വരുന്ന തൊരപ്പൻ ബാസ്റ്റിൻ എന്ന ഗുണ്ട പ്രേക്ഷകരുടെ ഓർമ്മയിലേക്ക് വരുന്നതും. പി എൻ സണ്ണി ആണ് പനച്ചേലെ കുട്ടപ്പനെയും തൊരപ്പൻ ബാസ്റ്റിനെയും അനശ്വരമാക്കിയത് . മലയാളത്തിൽ ഏകദേശം 25 സിനിമകളിൽ ചെറുവേഷങ്ങളും ശ്രദ്ധേയമായ വേഷങ്ങളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. കിരൺ എഴുതിയ പി എൻ സണ്ണിയെക്കുറിച്ചുള്ള കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

കുറിപ്പ് വായിക്കാം

പനച്ചേലെ കുട്ടപ്പൻ ചേട്ടൻ - അഥവാ തൊരപ്പൻ ബാസ്റ്റിൻ - പി എൻ സണ്ണി ആണത്

കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശി. പോലീസ് സേനയിലായിരുന്നു പി എൻ സണ്ണി ജോലി ചെയ്തിരുന്നത്. ചെറുപ്പം മുതൽ തന്നെ ശരീരസൗന്ദര്യത്തിലും ആയോധന കലകളിലുമൊക്കെ താല്പര്യം പ്രകടിപ്പിച്ചിരുന്ന സണ്ണി മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാമതെത്തിയിരുന്നു. ജിംനേഷ്യവും കളരിയുമൊക്കെ പരിശീലിപ്പിച്ചിരുന്ന സണ്ണി സ്ഫടികത്തിൽ പുലിക്കോടനെ അവതരിപ്പിച്ച ജോർജ്ജ് കോട്ടയം സി വി എൻ കളരിയിൽ പരിശീലനത്തിനെത്തിയപ്പോൾ അദ്ദേഹത്തിനെ പരിശീലിപ്പിച്ചിരുന്നു.

അങ്ങനെയാണ് അതേ സിനിമയിലേക്കുള്ള തൊരപ്പൻ ബാസ്റ്റിനെന്ന കഥാപാത്രത്തിലേക്ക് സണ്ണി എത്തിച്ചേർന്നത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷണിൽ കോൺസ്റ്റബിൾ ആയിരിക്കുമ്പോഴാണ് സ്ഫടികത്തിൽ അഭിനയിക്കുന്നത്.

തുടർന്ന് ‌ജയരാജിന്റെ ഹൈവേ, പിന്നീട് സ്വസ്ഥം ഗൃഹഭരണം, അൻവർ, അശ്വാരൂഢൻ, ഇയ്യോബിന്റെ പുസ്തകത്തിലെ താച്ചു, ഡബിൾ ബാരൽ എന്നീ ചിത്രങ്ങളിലൊക്കെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ഏകദേശം 25 സിനിമകളിലദ്ദേഹം ചെറുവേഷങ്ങളും ശ്രദ്ധേയമായ വേഷങ്ങളും കൈകാര്യം ചെയ്തു.

രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച സഞ്ജു സുരേന്ദ്രന്റെ ‌"എദൻ" എന്ന സിനിമയിൽ മാനസാന്തരപ്പെട്ട ഗുണ്ട - മാടൻ തമ്പിയുടെ വേഷം ഏറെ വ്യത്യസ്തമായിരുന്നു. തുടർന്ന് പ്രണയപട്ടണമെന്ന സിനിമയിലും ജോസഫേട്ടനെന്ന കഥാപാത്രം വ്യത്യസ്തമായി അവതരിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in