ആമസോണ്‍ പ്രൈമിലൂടെ ഏപ്രില്‍ ഏഴിന് പ്രേക്ഷകരിലെത്തുന്ന ദിലീഷ് പോത്തന്‍ ചിത്രം ജോജിയുടെ പുതിയ ടീസര്‍ പുറത്തുവന്നു. ജോജിയെ അപ്പന്‍ പനച്ചേല്‍ കുട്ടപ്പന്‍ ഭീഷണിപ്പെടുത്തുന്നതാണ് ടീസര്‍. നിനക്കും കുതിരക്കും ചെലവിന് തരുന്നില്ലേയെന്നാണ് കുട്ടപ്പന്റെ ചോദ്യം.
നിരന്തരം തെറ്റുകളിലേക്ക് നീങ്ങുന്ന കുടുംബത്തിന്റെ കഥയാണ് ജോജിയെന്ന് ദിലീഷ് പോത്തന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ജോജി. എരുമേലിയിലെ ഭൂവുടമയായ പനച്ചേല്‍ കുട്ടപ്പന്റെ ഇളയമകന്റെ റോളിലാണ് ഫഹദ് ഫാസില്‍. ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ജോജി എന്നിവരും കഥാപാത്രങ്ങളാണ്. ഭാവന സ്റ്റുഡിയോസാണ് നിര്‍മ്മാണം.
ഫഹദ് ഫാസിലിന്റെ അമ്പരപ്പിക്കുന്ന പ്രകടനം സിനിമയുടെ ഹൈലൈറ്റ് എന്നറിയുന്നു.
ജോജിയെക്കുറിച്ച് ദ ക്യുവിനോട് ദിലീഷ് പോത്തന്‍
എരുമേലിയിലെ പനച്ചേല്‍ കുടുംബത്തില്‍ നടക്കുന്ന കഥയാണ്. പി.കെ കുട്ടപ്പന്‍ പനച്ചേലിന്റെയും മക്കളുടെയും കഥയാണ്. കുട്ടപ്പന്റെ മക്കളും അവര്‍ക്ക് ചുറ്റുമുള്ള സൊസൈറ്റിയും ഈ കഥയില്‍ പ്രധാനമാണ്. ഓരോരുത്തര്‍ക്കും ജോജിയെ ഓരോ രീതിയിലാണ് കണക്ട് ചെയ്യാന്‍ സാധിക്കുക. ചിലപ്പോള്‍ ജോജിയെ ഒരു ഘട്ടത്തില്‍ നമ്മള്‍ കൈവിട്ടേക്കാം.
ജോജി എന്റെ പുതിയ ശ്രമമാണ്, പുതിയ പുതിയ സാധ്യതകളാണ് ഞാന്‍ ട്രൈ ചെയ്തത്. എനിക്കും ടീമിനും തൃപ്തികരമായ രീതിയിലാണ് സിനിമകള്‍ വന്നിരിക്കുന്നത്. മഹേഷും തൊണ്ടിമുതലും പോലൊരു സിനിമയല്ല. ജോജി ഒരു ട്രാജഡിയാണ്.
ഫഹദ് ഫാസില്‍ പറഞ്ഞത്
മാക്ബത്തില്‍ നിന്നുമാണ് പ്രചോദനം. അത്യാഗ്രഹത്തിന്റെയും അധികാരത്തിന്റെയും തീമുകള്‍ ഒരുപോലെയാണ്. ഇവയൊക്കെ തന്നെയാണ് ജോജിയെ നയിക്കുന്നതും. ഒരു രാജ്യത്തിന്റെ അധികാരമല്ല അവന്റെ വീടിന്റെ നിയന്ത്രണമാണ് ജോജി ആഗ്രഹിക്കുന്നത്. ഞാന്‍ ഇത് വരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു ജോജി. തൊണ്ടിമുതലും ദൃസാക്ഷിയുമായിരുന്നു ദിലീഷ് പോത്താനൊപ്പമുള്ള അവസാനത്തെ സിനിമ. സംവിധാനം ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സിനിമ ജോജിയാണെന്ന് ദിലീഷും പറഞ്ഞിട്ടുണ്ട്.