കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്
Published on

25 വർഷം നീണ്ട ബന്ധത്തിൽ താനും മമ്മൂട്ടിയുമായി കാര്യമായിട്ടുള്ള ഒരു പിണക്കവും ഉണ്ടായിട്ടില്ലെന്ന് എംപി ജോൺ ബ്രിട്ടാസ്. മമ്മൂക്കയുടെ പ്രത്യേക സ്വഭാവത്തെ മുൻ നിർത്തിക്കൊണ്ട് പല ആളുകളും പറയുന്നത് പലപ്പോഴും ഞങ്ങൾ തമ്മിൽ വഴക്കിട്ടിട്ടുണ്ടാകാം എന്നാണെന്നും എന്നാൽ‌ പരസ്പരം സ്വതന്ത്ര്യത്തോടെ സംസാരിക്കാനുള്ള വേദി തങ്ങൾക്കിരുവർക്കുമിടയിലുണ്ടെന്നും ജോൺ ബ്രിട്ടാസ് പറയുന്നു. നിരന്തരമായി കാര്യങ്ങളെ പഠിക്കാനാ​ഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മനോഭാവമാണ് നടൻ മമ്മൂട്ടിക്ക് എപ്പോഴുമുള്ളതെന്നും അതുകൊണ്ടാണ് സിനിമയിൽ ഇത്ര കണ്ട് പരീക്ഷണം നടത്താൽ അദ്ദേഹത്തിന് സാധിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് പറയുന്നു. തങ്ങൾക്കിടെയിലുള്ള ബന്ധത്തിലും കൈരളി എന്ന സ്ഥാപനത്തെക്കുറിച്ചും സ്വാർത്ഥ താൽപര്യങ്ങളില്ലാത്ത ആളാണ് മമ്മൂട്ടി എന്നും ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ ജോൺ ബ്രിട്ടാസ് പറഞ്ഞു.

ജോൺ ബ്രിട്ടാസ് പറഞ്ഞത്:

ആദ്യമായി ഞാൻ മമ്മൂട്ടിയുമായി സംവദിക്കുന്നത് അദ്ദേഹം ഡൽഹിയിലേക്ക് വന്നപ്പോഴാണ്. ബിബിസിക്ക് വേണ്ടി കരൺ ഥാപ്പറിന് ഒരു അഭിമുഖം കൊടുക്കാൻ വേണ്ടിയാണ് അദ്ദേഹം വന്നത്. അന്ന് ഞാനാണ് മമ്മൂക്കയെ സ്റ്റുഡിയോയിലേക്ക് കൊണ്ടു പോകുന്നത്. അന്നാണ് ഞങ്ങൾ ഒരുമിച്ച് സംസാരിച്ച് തുടങ്ങിയതും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതുമെല്ലാം. ഇത് നടക്കുനന്നത് ഇരുപത്തിയഞ്ച് വർഷം മുമ്പാണ്. അതിന് മുമ്പ് വല്ലപ്പോഴും കണ്ടിട്ടുണ്ടാകാം എന്നുള്ളതിന് അപ്പുറത്തേക്ക് ഒരു ബന്ധം ഞങ്ങൾക്കിടെയിൽ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഞാൻ കൈരളിയുടെ എംടി സ്ഥാനത്തേക്ക് വരുന്നത്. സ്വാഭാവികമായിട്ടും എംടിയും ചെയർമാനും തമ്മിൽ സംസാരം ഉണ്ടായിരിക്കുമല്ലോ? മമ്മൂക്കയുടെ പ്രത്യേക സ്വഭാവത്തെ മുൻ നിർത്തിക്കൊണ്ട് പല ആളുകളും പറയുന്നത് പലപ്പോഴും ഞങ്ങൾ തമ്മിൽ വഴക്കിട്ടിട്ടുണ്ടാകാം എന്നാണ്. ഒരുപാട് പേർ എന്നോട് അതിനെക്കുറിച്ച് ചോദിച്ചിട്ടുമുണ്ട്. പക്ഷേ പറഞ്ഞാൽ ആരും വിശ്വസിക്കില്ല ഈ ഇരുപത്തിയഞ്ച് വർഷത്തിൽ ഞങ്ങൾ തമ്മിൽ കാര്യമായിട്ടുള്ള ഒരു പിണക്കവും ഉണ്ടായിട്ടില്ല. അദ്ദേഹത്തിനും എനിക്കും അങ്ങോട്ടും ഇങ്ങോട്ടും എന്ത് കാര്യങ്ങളും സ്വതന്ത്രമായും നിർഭയമായും പറയാനും സംസാരിക്കാനും തുടങ്ങി എല്ലാത്തിനുമുള്ള ഒരു വേദി ഞങ്ങൾക്കിടെയിലുണ്ട്. അത് എനിക്ക് കിട്ടിയ ഒരു അനു​ഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. പിന്നെ അദ്ദേഹത്തിന്റെ ഒരു പ്രത്യേകത എന്തെന്നു വച്ചാൽ അദ്ദേഹം അപ്‍ഡേറ്റ് ചെയ്യപ്പെടാൻ ആ​ഗ്രഹിക്കുന്ന ഒരാളാണ്. ഏതൊരു കാര്യത്തെക്കുറിച്ചും അറിയാൻ ആ​ഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. ഇപ്പോഴും ഒരു വിദ്യാർത്ഥിയാണ് അദ്ദേഹം. ഇതുപോലൊരു വിദ്യാർത്ഥിയെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ കയ്യിൽ ഒരു ഉപകരണമുണ്ടെങ്കിൽ അദ്ദേഹത്തിന് അതിനെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ നമ്മളോട് പറ‍ഞ്ഞു തരികയും അറിയാത്ത കാര്യങ്ങൾ അദ്ദേഹം ചോദിച്ച് മനസ്സിലാക്കുകയും ചെയ്യും. നിരന്തര വിദ്യാർത്ഥിയാണ് അദ്ദേഹം. ആ നിരന്തര വിദ്യാർത്ഥി എന്ന അദ്ദേഹത്തിന്റെ സ്വഭാവ തലമാണ് ഒരുപക്ഷേ സിനിമയിലും ഒരുപാട് പരീക്ഷണങ്ങൾ നടത്താൻ‌ അദ്ദേഹത്തിന് പ്രേരകമാകുന്നത്. മാത്രമല്ല ഞങ്ങൾക്കിടെയിൽ ഒരു സ്വാർത്ഥതയില്ല. എനിക്ക് എന്തെങ്കിലും ഒരു സ്ഥാപിത താൽപര്യം ഇല്ല. അദ്ദേഹത്തിനും അതില്ല. കൈരളിയെക്കുറിച്ച് അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു സ്ഥാപിത താൽപര്യവുമില്ല. എനിക്കും ഇല്ല. അങ്ങനെയുള്ള ഒരു ബന്ധമായതുകൊണ്ടായിരിക്കാം ഒരുപക്ഷേ ഇത് ഇത്രത്തോളം നല്ല രീതിയിൽ മുന്നോട്ട് പോകുന്നത് എന്നാണ് ഞാൻ തിരഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in