മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ ലഭിക്കാത്തതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്: ജോണ്‍ ബ്രിട്ടാസ്

മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ ലഭിക്കാത്തതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്: ജോണ്‍ ബ്രിട്ടാസ്
Published on

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്ന്പറയാന്‍ ഒരിക്കലും മടികാണിക്കാത്തയാളാണ് നടന്‍ മമ്മൂട്ടിയെന്ന് രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്. തുറന്ന് പറയുന്ന രാഷ്ട്രീയം കാരണമാണ് മമ്മൂട്ടിക്ക് ഇപ്പോഴും പദ്മഭൂഷണ്‍ ലഭിക്കാത്തതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

മലയാള സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെക്കുറിച്ച് ഔട്ട്‌ലുക്കിലെഴുതിയ കുറിപ്പിലാണ് ജോണ്‍ബ്രിട്ടാസ് മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് പറഞ്ഞത്.

'എവിടെയും തന്റെ രാഷ്ട്രീയം വ്യക്തമാക്കാന്‍ ഒരു മടിയും കാണിച്ചയാളല്ല മമ്മൂട്ടി. രാഷ്ട്രീയം തുറന്ന് പറയുന്നതാണ് ഇപ്പോഴും മമ്മൂട്ടിയും പദ്മഭൂഷണും തമ്മിലുള്ള ദൂരം എന്നാണ് ഞാന്‍ കരുതുന്നത്. (1998ല്‍ മമ്മൂട്ടിക്ക് പദ്മശ്രീ ലഭിച്ചിരുന്നു),' ജോണ്‍ബ്രിട്ടാസ് പറഞ്ഞു.

എന്നാല്‍ തന്റെ സൗഹൃദങ്ങള്‍ക്കിടയിലോ മറ്റു ബന്ധങ്ങള്‍ക്കിടയിലോ ഒന്നും രാഷ്ട്രീയം കൊണ്ടു വരാന്‍ മമ്മൂട്ടി ശ്രമിക്കാറില്ലെന്നും ജോണ്‍ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

കഥാപാത്രങ്ങള്‍ക്ക് വേണ്ടി സ്വയം മാറാന്‍ ശ്രമിക്കുന്ന നടനാണ് മമ്മൂട്ടിയെന്നും ബ്രിട്ടാസ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ മോഹന്‍ലാലിന് 2001ല്‍ പദ്മശ്രീയും 2019ല്‍ പദ്മഭൂഷണും നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in