പാൻ മസാല പരസ്യങ്ങളിൽ ഒരിക്കലും അഭിനയിക്കില്ല എന്ന് ബോളിവുഡ് നടൻ ജോൺ എബ്രഹാം. ഒരു മനുഷ്യൻ മോഡലിൽ നിന്ന് റോൾ മോഡലായി പരിണമിക്കുന്നത് അയാൾ എന്താണോ പറയുന്നത് അത് ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ് എന്നും ഒരു വശത്ത് ഫിറ്റ്നസിനെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് പാൻ മസാല വിൽക്കുയും ചെയ്തിട്ട് എന്താണ് കാര്യമെന്നും ജോൺ എബ്രഹാം ചോദിക്കുന്നു. ഒപ്പം ഇന്ത്യയിൽ സ്ത്രീകളും കുട്ടികളും മൃഗങ്ങളും ഒരുപോലെ സുരക്ഷിതരല്ല എന്നും യൂട്യൂബറായ രൺവീർ അല്ലഹാബാദിയയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവേ ജോൺ എബ്രഹാം പറഞ്ഞു.
ജോൺ എബ്രഹാം പറഞ്ഞത്:
എന്റെ കയ്യിൽ എത്ര പണമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ എന്റെ ജീവിത രീതിയോ മൂല്യങ്ങളോ മാറാൻ പാടില്ല എന്നതിൽ എനിക്ക് വളരെ വ്യക്തതയുണ്ട്. എന്റെ കയ്യിൽ ഇത്ര പണമുണ്ട് എന്ന് പറയാൻ എനിക്ക് എളുപ്പമാണ്, പക്ഷേ എന്റെ ഉദ്ദേശം അതല്ല. നിങ്ങൾ മരിച്ചു കഴിഞ്ഞാൽ ഈ പണം പിന്നെ എങ്ങോട്ട് പോകും. ഇന്ത്യക്കാരുടെ സ്വഭാവമാണ് പണം സമ്പാദിച്ചു കൊണ്ടേയിരിക്കുക എന്നത്. പക്ഷേ അവർ ആ പണം സമൂഹത്തിന് വേണ്ടി നൽകാൻ തയ്യാറാവില്ല. എന്റെ ചെറിയ ലോകത്തിൽ നിന്നുകൊണ്ട് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടു വരിക എന്നതാണ് എന്റെ ലക്ഷ്യം. ഞാൻ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നാൽ മൃഗങ്ങൾക്ക് ഒരു സ്ഥാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ നാട്ടിൽ മൃഗങ്ങളുടെ ജീവിതം വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും സങ്കടമുള്ള കാര്യം എന്തെന്നാൽ സർക്കാർ എത്രയൊക്കെ നിയമങ്ങൾ കൊണ്ടു വരുന്നു എന്നിട്ടും മൃഗങ്ങൾക്ക് വേണ്ടിയിട്ടോ അതിന്റെ സുരക്ഷയ്ക്ക് വേണ്ടിയിട്ടോ ഒരു നിയമം പോലും ഇവിടെയില്ല. സ്ത്രീകൾ, കുട്ടികൾ, മൃഗങ്ങൾ ഇവരൊന്നും ഇന്ത്യയിൽ സുരക്ഷിതരല്ല. നിങ്ങൾക്ക് എന്നോട് ഏത് കാര്യത്തെക്കുറിച്ചും തർക്കിക്കാം. പക്ഷേ ഈ കാര്യത്തിൽ നിങ്ങൾക്ക് എന്നോട് തർക്കിക്കാൻ കഴിയില്ല, നിങ്ങൾക്ക് ഈ വിഷയത്തിൽ എന്നോട് സംവാദം നടത്താൻ കഴിയുമോ, ഇല്ല. കാരണം സ്ത്രീകളും കുട്ടികളും മൃഗങ്ങളും ഇന്ത്യയിൽ സുരക്ഷതിരല്ല, അത് സങ്കടകരമാണ്, ഞാൻ ഇന്ത്യയെ സ്നേഹിക്കുന്ന ആളാണ്. ദേശസ്നേഹിയാണ് ഞാൻ. അതുകൊണ്ട് തന്നെ ഇന്ത്യയെ വിമർശിക്കുക എന്നതും എനിക്ക് പ്രധാനപ്പെട്ട കാര്യമാണ്. പേട്രിയോട്ടിസവും ജിങ്കോയിസവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. അതിലൂടെ നിങ്ങൾ ദേശസ്നേഹി ആവുകയില്ല. നിങ്ങൾ നിങ്ങളുടെ സമൂഹത്തിലേക്ക് മാറ്റങ്ങൾ കൊണ്ടു വരുമ്പോഴാണ് നിങ്ങൾ യഥാർത്ഥ ദേശസ്നേഹി ആവുന്നത്. ഞാൻ എന്താണോ പറയുന്നത് അതിനെ ഞാൻ എന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണെങ്കിൽ ഞാൻ ഒരു റോൾ മോഡലാവുകയാണ് അവിടെ. ഒരു വശത്ത് നമ്മൾ ഫിറ്റ്നസ്സിനെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് പാൻ മസാല വിൽക്കുകയും ചെയ്താൽ അതിൽ എന്താണ് കാര്യം. ഞാൻ എന്റെ അഭിനേതാക്കളായ എല്ലാ സുഹൃത്തുക്കളെയും ഇഷ്ടപ്പെടുന്ന ആളാണ്. ഞാൻ അവരെ ആരെയും നിന്ദിക്കുകയല്ല, ഞാൻ എന്റെ കാര്യം മാത്രമാണ് പറയുന്നത്. ഞാൻ ഒരിക്കലും മരണത്തെ വിൽക്കുകയില്ല. ഞാൻ ഒരിക്കലും അത് ചെയ്യില്ല. അത് എന്റെ അടിസ്ഥാന തത്ത്വമാണ്.