ജോൺ എബ്രഹാം എന്ന ഇതിഹാസ ചലച്ചിത്രകാരന്റെ ജീവിതവും രാഷ്ട്രീയവും ചലച്ചിത്ര സപര്യയും പ്രമേയമാകുന്ന സിനിമ 'ജോൺ' മേയ് 31ന് കോഴിക്കോട് ശ്രീ തിയറ്ററിൽ പ്രദർശിപ്പിക്കും. ജോൺ എബ്രഹാമിന്റെ ഓർമ്മദിനത്തിലാണ് ഏറെ ചർച്ചയായ സിനിമ പ്രേക്ഷകരിലെത്തുന്നത്. രാവിലെ ഒമ്പതിനും വൈകിട്ട് ആറിനുമാണ്
പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്ത ചിത്രമാണ് 'ജോൺ'. മധു മാസ്റ്റർ, രാമചന്ദ്രൻ മൊകേരി, എ നന്ദകുമാർ (നന്ദൻ), ഹരിനാരായണൻ, ഛായാഗ്രാഹകരായ കെ.രാമചന്ദ്രബാബു, എം ജെ രാധാകൃഷ്ണൻ എന്നിവരുടെ ഓർമ്മച്ചിത്രം കൂടിയാണ്. ദീദി തിരക്കഥ രചിച്ച ചിത്രത്തിന്റെ നിർമ്മാണവും സർഗ്ഗാത്മക സംവിധാനവും മുക്തയാണ് നിർവ്വഹിച്ചത്.
കെ.രാമചന്ദ്രബാബു, എം.ജെ.രാധാകൃഷ്ണൻ, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുൽ ആകോട്ട് എന്നിവർ ചേർന്ന് ഛായാഗ്രഹണസംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ ജോൺ എബ്രഹാമിന്റെ സഹോദരി ശാന്തേടത്തി, മധു മാസ്റ്റർ, ഹരിനാരായണൻ, രാമചന്ദ്രൻ മൊകേരി, എ. നന്ദകുമാർ, ആർട്ടിസ്റ്റ് മദനൻ, ജീജോ, ശിവപ്രസാദ്, ഷുഹൈബ്, ദീപക് നാരായണൻ, ആർട്ടിസ്റ്റ് ജോൺസ് മാത്യു, ശോഭീന്ദ്രൻ മാസ്റ്റർ, ചെലവൂർ വേണു, ജീവൻ തോമസ്, ശരത്ത് കൃഷ്ണ, വെങ്കിട്ട് രമണൻ, ദുന്ദു, രാജഗോപാൽ, വിഷ്ണു രാജ് തുവയൂർ, അരുൺ പുനലൂർ, ഷാജി എം, യതീന്ദ്രൻ കാവിൽ, അഭിനവ് ജി കൃഷ്ണൻ, ജീത്തു കേശവ്, വിനായക് , കരുണൻ , അനിത ,സിവിക്ചന്ദ്രൻ, ടി.കെ. വാരിജാക്ഷൻ, പ്രകാശ് ബാരെ, ഒ പി സുരേഷ്, ഷാനവാസ് കോനാരത്ത്, ഷൗക്കത്ത് അലി വി.പി, വിജേഷ് കെ.വി, ബേബി നിയ നിഖിൽ, ബേബി ദേവ്ന അഖിൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
അപ്പു ഭട്ടതിരി ചിത്രസംയോജനം കൈകാര്യം ചെയ്ത ചിത്രത്തിന് ശ്രീവത്സൻ ജെ. മേനോനാണ് സംഗീതം ഒരുക്കിയത്. കലാസംവിധാനം: ദുന്ദു, ശബ്ദ സമന്വയം: ആനന്ദ് രാഗ്, ഷൈജു യൂണിറ്റി, അരുൺ, പി.എ, അജീഷ് ഓമനക്കുട്ടൻ, ആന്റണി, സൗണ്ട് ഡിസൈൻ: അക്ഷയ് രാജ് കെ.
ജോണിനെക്കുറിച്ച് ഒരു സിനിമയോ ? എങ്കിൽ ആരാണ് ജോൺ? മേഘത്തെ കുപ്പിയിലടയ്ക്കുന്നതെങ്ങിനെയാണ്? പ്രശ്നമാണ്. മേഘത്തെ കുപ്പിയിലടയ്ക്കാനാകില്ല ,കടലിനെയും . "ഞാനും ജോണും " എന്ന പാട്ട് പിന്നിട്ട 31 വർഷക്കാലം പാടി നടക്കാത്ത ഒരു നാട്ട് മുക്ക് കേരളത്തിൽ സങ്കല്പിക്കാനാകില്ല .സാധാരണക്കാർ മുതൽ വലിയ ബുദ്ധിജീവി വരെയുള്ള സദസ്സുകളിൽ ആ ജോൺ സ്മരണ നമുക്ക് കേൾക്കാം. അത് മരിച്ചിട്ടില്ല. ആകസ്മികമായി കൈവിട്ടു പോയ ജോൺ എബ്രഹാമിന്റെ നഷ്ടം കേരളം പൂരിപ്പിച്ച വിധമായി ഇന്നതിനെ വായിക്കാം. ജോണിന്റെ ജീവിതത്തിൽ ആയിരക്കണക്കിന് ദിവസങ്ങളും ആയിരക്കണക്കിന് മനുഷ്യരുമുണ്ടായിട്ടുണ്ട്. ഈ ലോകജീവിതത്തിൽ ഒട്ടനവധി കാര്യങ്ങൾ ചെയ്ത് കടന്നു പോയ മനുഷ്യനാണ്. ഒരു വിധം അടുപ്പമുള്ളവർക്കെ അവരവരുടെ സ്വന്തം ജോൺ ഉണ്ട്. അതൊക്കെ ഏകമാന സ്വഭാവത്തിലുള്ളതുമല്ല. എത് നിലക്കും ആരെക്കറിച്ചും എന്ന പോലെ ജോണിനെക്കുറിച്ചും ഇതൊക്കെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബയോപിക് എന്നത് അസാധ്യമാണ് എന്നാണ് എന്റെ പക്ഷം. എന്തിനാണ് അങ്ങിനെയൊരു അസാധ്യമായ ബയോപിക് ! ഒരു നിലക്കും "ജോൺ " എന്ന സിനിമ കാലാനുക്രമത്തിലുള്ള ഒരു ജോൺ എബ്രഹാം ജീവിത കഥയല്ല . ഞാനറിഞ്ഞിടത്തോളം ഓരോത്തവർക്കും അവരവരുടെതായ ജോൺ ഉള്ളത് പോലെ എനിക്കുമുണ്ട് എന്റെ മനസ്സിലൂടെ കടന്നുപോയ ഒരു ജോൺ. ആ ജോണിനെയാണ് ഈ "ജോൺ " എന്ന സിനിമയിൽ ഓർക്കുന്നത്. ഇത് ആ നിലക്ക് ഒരോർമ്മച്ചിത്രമാണ്. അത്ര മാത്രം.
പ്രേംചന്ദ് , സംവിധായകൻ
എന്തുകൊണ്ട് ജോൺ സിനിമ, പ്രേംചന്ദ് ദ ക്യുവിനോട് സംസാരിച്ചത്
ജോണിനെ വിഗ്രഹവൽക്കരിക്കാനാണോ പുറപ്പാട് എന്ന ചോദ്യവും ചോദിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ മറുപടി ജോൺ അഗ്രഹാരത്തിലെ കഴുതയിലൂടെ പറഞ്ഞു കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. . ജോണിനെ വിഗ്രഹവൽക്കരിക്കാനാകില്ല. ജോൺ ഇതുവഴി കടന്നു പോയിട്ട് 35 വർഷം പിന്നിട്ടു. ഒരു ജോൺ വിഗ്രഹവും ഇവിടെ ഉണ്ടായിട്ടുമില്ല ( പ്രതിമയും ). എന്നാൽ ഓർക്കപ്പെടുന്നുണ്ട്. അങ്ങിനെ ഒരാൾ മറക്കാതെ ഓർക്കപ്പെടുന്നു എന്നത് വിസ്മയമാണ്. മരിച്ച ഉടനെ അതുവരെ ആലോഷിച്ചവരെ മറന്നുകളയുന്നവരാണ് നമ്മൾ .എന്നാൽ ഓർമയിൽ ജോൺ അതിജീവിക്കുന്നുണ്ടെങ്കിൽ അതിന് സമൂഹികാബോധ മനസ്സിൽ പാടുകൾ വീഴ്ത്തിയ ഒട്ടേറെ കാരണങ്ങളുണ്ടാകും. ആ കാരണങ്ങളിൽ ജീവിക്കുന്നവരിലൂടെയാണ് "ജോൺ " എന്ന സിനിമയും കടന്നു പോകുന്നത് .
എന്തിന് ഇങ്ങിനെയൊരു സിനിമ എന്ന് ഞാനും സ്വയം ചോദിച്ചിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ടവർ മരിച്ചിട്ടും നമ്മൾ പിന്നെയും തുടർന്ന് ജീവിക്കുന്നു എന്നതാണല്ലോ മഹാഭാരതം നമ്മോട് പറഞ്ഞു തന്ന ജീവിതത്തിലെ എറ്റവും വലിയ മഹാത്ഭുതം. എന്റെ ജീവിതത്തിൽ എന്തെങ്കിലും അടയാളങ്ങളുണ്ടാക്കിയ മനുഷ്യരിൽ ഏറ്റവും വലിയ ആഘാതമുണ്ടാക്കിയ മരണങ്ങളിലൊന്ന് ജോൺ എബ്രഹാമിന്റെ തായിരുന്നു. 1977 ൽ അടിയന്തരാവസ്ഥ കഴിഞ്ഞ് കാമ്പസിലെത്തിയ ആദ്യത്തെ തലമുറയിൽ പെട്ടവരിലെ ഒരാളെന്ന നിലക്ക് അന്നത്തെ ഫിലീം സൊസൈറ്റി നവോന്ഥാനത്തിന്റെ ഭാഗമായാണ് ഞാനും വളർന്നു വന്നത്. സ്വാഭാവീകമായും അന്നത്തെ ഏറ്റവും വലിയ ആകർഷണം ജോൺ എബ്രഹാമായിരുന്നു. ജയിൽ നിന്നും പുറത്ത് വന്ന മധു മാസ്റ്ററുടെ ശിഷ്യനായി ഫിലീം സൊസൈറ്റി ആക്ടിവിറ്ററായി പ്രവർത്തിച്ചിരുന്ന ആ കാലത്താണ് ജോണിനെ നേരിട്ട് കാണുന്നതും അടുക്കുന്നതുമൊക്കെ . ചലച്ചിത്ര ചിന്തയിൽ വഴികാട്ടികളായിരുന്ന ചിന്ത രവീന്ദ്രൻ , സേതു എന്നിവരുമായുള്ള ദീർഘ സംവാദങ്ങളാണ് വ്യക്തിപരമായി എന്റെ സിനിമാ ആഭിമുഖ്യങ്ങളെ നിർണ്ണയിച്ചത്. 1978 ൽ മധു മാഷിന്റെ അമ്മ നാടകത്തിന്റെ അണിയറ പ്രവർത്തകരിലൊരാളായി നടക്കുന്ന കാലത്താണ് ജോൺ അതിന്റെ റിഹേഴ്സൽ ക്യാമ്പുകളിലെത്തുന്നത്. അടിയന്തരാവസ്ഥയെ പിൻതുടർന്ന് 77- 78-79-80-81-82 എന്നീ വർഷങളിൽ പതുക്കെ ഉദിക്കുകയും പൊടുന്നനെ കത്തിയാളുകയും അത്ര തനെ വേഗത്തിൽ അസ്തമിക്കുകയും ചെയ്ത ജനകീയ സാംസ്കാരിക വേദി എന്ന സാമൂഹിക വിപ്ലവ പരീക്ഷണത്തിന്റെ കാലത്ത് ജോൺ സിനിമയിലെ ഒരു പ്രത്യാശയായിരുന്നു. പിന്നെ സാംസ്കാരിക വേദി കാലത്തിന് ശേഷം ടി.എൻ.ജോയ് , ടി.കെ.രാമചന്ദ്രൻ , സേതു , കവിയൂർ ബാലൻ , സച്ചിദാനന്ദൻ , ബി.രാജീവൻ , മൈത്രേയൻ എന്നിവരുടെ നേതൃത്വത്തിൽ സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസ് എന്ന സംഘടനയും ചിങ്ങോലി കേന്ദ്രമായി അന്റോണ്യോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടും ഉണ്ടായപ്പോൾ ഞാനും അതിന്റെ ഭാഗമായി. സച്ചിദാനന്ദൻ പത്രാധിപരായി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഉത്തരം എന്ന മാസികയിൽ ജോൺ എബ്രഹാമിനായിരുന്നു സിനിമയുടെ ചുമതല. അങ്ങിനെ ജോണിന്റെ ഈ പ്രവർത്തന അധ്യായത്തിലും ചർച്ചകളിലും ഞാനും ഭാഗഭാക്കായി. ഈ സംവാദകാലത്തിന്റെ ഭാഗമായാണ് അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാനെന്റെ ആദ്യത്തെ ചലച്ചിത്ര പ0നമെഴുതുന്നത്. 1985 ലായിരുന്നു അത്.
കെ.സി.നാരായണനായിരുന്നു അന്ന് ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ. ആഴ്ചപ്പതിപ്പിൽ ചിത്രശാല പംക്തിക്കപ്പുറത്തേക്ക് ഒരു സിനിമയുടെ സാമൂഹിക രാഷ്ട്രീയ മാനം വിശകലനം ചെയ്യുന്ന ആ ലേഖനം അച്ചടിക്കാനിടയായതിന് കടപ്പെട്ടിരിക്കുന്നത് ആ കാലത്തിന്റെ സംവാദങളോടാണ്. പ്രത്യേകിച്ചും സേതു, ചിന്ത രവീന്ദ്രൻ , ജോൺ എബ്രഹാം എന്നിവരോട്.അന്ന് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പല തലങ്ങളിൽ ഒരു സിനിമാ സംരംഭത്തെക്കുറിച്ച് ചർച്ച നടന്നിരുന്നു. ടി.എൻ.ജോയ് ,സച്ചിദാനന്ദൻ , ടി.കെ.രാമചന്ദ്രൻ , സേതു , ബി.രാജീവൻ ,കവിയൂർ ബാലൻ എന്നിവരൊക്കെയായിരുന്നു ആ ചർച്ചകൾക്ക് നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നത്. കോഴിക്കോട് സുഹൃത്തുക്കളായ ജോയ്മാത്യുവും ടി.പി.യാക്കൂബും ചേർന്ന് നടത്തിയ ബോധി ബുക്സിൽ വച്ച് നടന്ന ഈ പാതിരാ ചർച്ചകളടെ തുടർച്ചയായാണ് ജോൺ കോഴിക്കോട്ടെത്തുന്നത് . പിറക്കാതെ പോയ കയ്യൂർ സംരംഭമുണ്ടാകുന്നത്. അതിന്റെ വീഴ്ചയിൽ അമ്മ അറിയാൻ ഉണ്ടാക്കുന്നത്. അതൊക്കെ ഏറെ പറയപ്പെട്ട ചരിത്രങ്ങളാണ്.
1986 ൽ അമ്മ അറിയാൻ കാലമായപ്പോഴേക്കും ഞാൻ മാതൃഭൂമിയിൽ കോഴിക്കോട് ബ്യൂറോയിൽ ലേഖകനാലെത്തി. ജോണിന്റെ താവളങ്ങളിലൊന്നായിരുന്നു മാതൃഭൂമി . അന്നത്തെ മുഖ്യധാര സിനിമയിൽ ശക്തമായി നിന്നിരുന്ന ചിത്രഭൂമിയിൽ ജോണിന്റെ അമ്മ അറിയാന്റെ തിരക്കഥ പ്രസിദ്ധീകരിച്ചത് ഒരു സംഭവം തന്നെയായിരുന്നു .ജോണിന്റെ ഈ കോഴിക്കോടൻ ജീവിതത്തിന്റെ അപ്രതീക്ഷിതമായ അന്ത്യമാണ് 1987 മെയ് 29 ന് രാത്രി മിഠായിത്തെരുവിലെ ഓയാസീസ് കോമ്പൌണ്ടിലെ പണി തീരാത്ത ഒരു കെട്ടിടത്തിൽ നിന്നുള്ള വീഴ്ച . തൊട്ടടുത്ത ദിവസം രാവിലെ മുതൽ 31 ന് യാത്രയയയ്ക്കുന്നത് വരെ ജോണിന്റെ മരണം റിപ്പോർട്ട് ചെയ്യാനുള്ള മാതൃഭൂമി ലേഖകരുടെ സംഘത്തിൽ ഞാനുമുണ്ടായിരുന്നു.
എന്റെ റിപ്പോർട്ടിങ്ങ് അടയാളപ്പെടുത്തിയത് ജോണിന്റെ അവസാനത്തെ കോഴിക്കോടൻ ദിവസങളിലൂടെയുള്ള ഒരു യാത്രയായാണ്. മാതൃഭൂമി ദിനപത്രം , ആഴ്ചപ്പതിപ്പ് , ചിത്രഭൂമി എന്നിവയിലായി അത് ചിതറിക്കിടക്കുന്നു. അതിൽ പത്ര ഭാഷയിൽ ഒരു എക്സ്ക്ലൂസീവ് എന്നു പറയാവുന്ന ഒന്നായിരുന്നു ചിത്രഭൂമി ജോൺ സ്പെഷലിൽ എഴുതിയ അവസാനത്തെ തിരക്കഥ , അവസാനത്തെ മൂന്നു ദിവസങ്ങൾ എന്ന ലേഖനമെന്നോ ഫീച്ചറെന്നോ വിളിക്കാവുന്ന സ്റ്റോറി . ഇതിനെ ആസ്പദമാക്കി ദീദി വികസിപ്പിച്ചെടുത്ത തിരക്കഥയാണ് ജോണിന്റെ അടിത്തറ.
ജയരാജിന്റെ ഗുൽമോഹർ , കേരള കഫേയിലെ രേവതി സംവിധാനം ചെയ്ത മകൾ , ജയരാജിന്റെ തന്നെ നായിക എന്നീ സിനിമകൾക്ക് ശേഷം ദീദി എഴുതിയ തിരക്കഥയാണ് ജോണിന്റെത് . അമ്മ അറിയാനിലെ പ്രധാന വേഷത്തിലഭിനയിച്ച ജോണിന്റെ സുഹൃത്തും സംഗീതജ്ഞനുമായ ഹരി നാരായണന്റെ അനുഭവത്തെ ആസ്പദമാക്കി എഴുതിയ ചിത്രഭൂമി സ്റ്റോറിയുടെ ഓർമ്മയാണ് തിരക്കഥയുടെ വേര് എന്നു പറയാം. അവസാനത്തെ വീഴ്ചക്ക് തൊട്ട് മുമ്പുള്ള ദിവസത്തിൽ അസമയത്ത് ഹരിയുടെ മീഞ്ചന്തയിലുള്ള വീട്ടിൽ വന്ന് ഉറക്കത്തിൽ വാതിൽക്കൽ മുട്ടി വിളിച്ചുണർത്തി പറഞ്ഞു കൊടുത്തെഴുതിയ അപൂർണ്ണമായ കുറെ ശിഥില തിരക്കഥാ സ്വപനങ്ങളും ചേർന്ന അനുഭവമാണത്. മരിച്ചു കിടക്കുന്ന ജോണിനെ കാണാൻ മോർച്ചറിയിലേക്കോ യാത്രയയയ്ക്കാൻ ട്രെയിനിങ്ങ് കോളേജ് ഓഡിറ്റോറിയത്തിലേക്കോ ഹരി വന്നിരുന്നില്ല.
അസമയത്ത് വന്നു കയറി ഉറക്കമുണർത്തി എന്നെക്കൊണ്ട് എഴുതിച്ച മരിക്കാത്ത ജോൺ മനസ്സിലുണ്ട് , അത് മതി തനിക്ക് എന്നു് പറഞ്ഞു ഹരി. അതാണ് ജോൺ എന്ന സിനിമയുടെ കാമ്പ്. ഞാനടക്കം പിന്നിട്ട ഒരു കാലത്തിന് ജീവിച്ചു തീരാത്ത മോഹങ്ങൾക്ക് ഒരു സമർപ്പണം. എന്നാൽ ജോൺ സിനിമയുടെ പണി തീരും മുൻപ് ഹരി നാരായണൻ അപ്രതീക്ഷിതമായി വിട പറഞ്ഞത് ഇന്നിപ്പോൾ തീർത്താൽ തീരാത്ത മറ്റൊരു ഖേദമാണ്. തുടക്കം മുതൽ ഈ സിനിമ ഹരിയുടെയും സ്വപ്നമായിരുന്നു.