കടുവ സിനിമയുടെ പ്രീക്വലും സീക്വലും മനസിലുണ്ടെന്ന് തിരക്കഥാകൃത്ത് ജിനു എബ്രഹാം. കടുവയുടെ രണ്ടാം ഭാഗം വരുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജിനു. ഇപ്പോള്‍ കണ്ട കടുവ ശരിക്കും പ്രീക്വലിനും സീക്വലിനും ഇടയ്ക്കുള്ള ചെറിയൊരു ഭാഗമാണെന്നും ജിനു ക്ലബ്ബ് എഎഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'കടുവ രണ്ടാം ഭാഗവും ചെയ്യണമെന്നുണ്ട്. അതുപോലെ തന്നെ ആഗ്രഹമുണ്ട് കടുവ 1, കടുവയുടെ പ്രീക്വല്‍. കടുവ കുന്നേല്‍ കോരത് മാപ്ലയുടെ കഥ. അത് തീര്‍ച്ചയായും നമ്മുടെ മെഗാ സ്റ്റാറില്‍ ആരെങ്കിലും ഒരാള്‍ ചെയ്യണമെന്ന വലിയൊരു ആലോചനയുണ്ട്. അത് 19-ാം വയസില്‍ കൂട്ടിക്കല്‍ വനത്തില്‍ വെച്ച് ദിവാന്‍ സിപിക്കെതിരെ ആയുധം എടുത്ത കോരത് മാപ്ലയുടെ കഥ. അത് പാലയുടെയും മുണ്ടക്കയത്തിന്റെയും 50കളുടെയും 60കളുടെയും കുടിയേറ്റത്തിന്റെ കഥയാണ്. ശരിക്കും പറഞ്ഞാല്‍ പ്രീക്വലിന്റെയും സീക്വലിന്റെയും ഇടയ്ക്കുള്ള ചെറിയൊരു ഭാഗം മാത്രമാണ് നമ്മള്‍ ഇപ്പോള്‍ കണ്ട കടുവ. അവിടെ നിന്ന് നമ്മള്‍ പുറകോട്ടും മുന്നോട്ടും പോവുകയാണ്', എന്നാണ് ജിനു പറഞ്ഞത്.
കടുവ സിനിമ ചെയ്യുമ്പോള്‍ തന്നെ പ്രീക്വലിനെ കുറിച്ച് തന്നോട് ജിനു പറഞ്ഞിരുന്നുവെന്ന് സംവിധായകന്‍ ഷാജി കൈലാസും പറയുന്നു. 'കടുവ ചെയ്യുമ്പോള്‍ തന്നെ പ്രീക്വല്‍ ചെയ്യണമെന്ന് ജിനു പറഞ്ഞിരുന്നു. അത് ഒരു ഭീകര ക്യാരക്ടറിന്റെ ഒരു സംഭവമാണ്. ആ ക്യാരക്ടറിനെ ഞാന്‍ ഉണ്ടാക്കി എന്റെ മനസിന് അകത്ത് ഇട്ട് ഇങ്ങനെ പാകപെടുത്തി കൊണ്ടിരിക്കുകയാണ്. അത് ചെയ്യണം എന്നൊക്കെ എന്നോട് ജിനു പറഞ്ഞിട്ടുണ്ട്', എന്ന് ഷാജി കൈലാസും കൂട്ടിച്ചേര്‍ത്തു.
ജൂലൈ 7നാണ് കടുവ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തില്‍ കടുവാകുന്നേല്‍ കുരിയച്ചന്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.