മമ്മൂക്കയുള്ളത് കൊണ്ടാണോ കാതലിൽ ഇന്റിമേറ്റ് രം​ഗങ്ങൾ ഉൾപ്പെടുത്താതിരുന്നത്?; മറുപടി പറഞ്ഞ് ജിയോ ബേബി

മമ്മൂക്കയുള്ളത് കൊണ്ടാണോ കാതലിൽ ഇന്റിമേറ്റ് രം​ഗങ്ങൾ ഉൾപ്പെടുത്താതിരുന്നത്?; മറുപടി പറഞ്ഞ് ജിയോ ബേബി
Published on

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് 'കാതൽ ദ കോർ'. മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രം ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മാത്യു ദേവസി എന്ന ​ഗേ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സ്വവർ​ഗാനുരാ​ഗം പ്രമേയമാക്കി എത്തിയ ചിത്രത്തിൽ കഥാപാത്രങ്ങൾ തമ്മിലുള്ള ഇന്റിമേറ്റ് രം​ഗങ്ങൾ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നത് വലിയ ചർച്ച സൃഷ്ടിച്ചിരുന്നു. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രം എന്നത് കൊണ്ടാണ് ചിത്രത്തിൽ ഇന്റിമേറ്റ് രം​ഗങ്ങൾ ഉൾപ്പെടുത്താൻ സംവിധായകൻ മടിച്ചത് എന്നും ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ മമ്മൂക്ക സിനിമയിൽ ഉള്ളത് കൊണ്ടല്ല ഇന്റിമേറ്റ് രം​ഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്താതെയിരുന്നതെന്നും സിനിമയുടെ ആദ്യ ഡ്രാഫ്റ്റ് മുതൽ അത്തരം ആലോചനകളുണ്ടായിരുന്നില്ലെന്നും ജിയോ ബേബി സമകാലിക മലയാളത്തോട് സംസാരിക്കവേ പറഞ്ഞു.

ജിയോ ബേബി പറഞ്ഞത്:

നമ്മുടെ സുഹൃത്തുക്കളായിട്ടുള്ള മാധ്യമ പ്രവർത്തകരും ഫിലിം മേക്കേഴ്സും ഒക്കെ വിശ്വസിക്കുന്നത് മമ്മൂക്ക ഈ സിനിമയിൽ ഉള്ളത് കൊണ്ടാണ് ഇന്റിമേറ്റ് സീൻസ് ഇല്ലാതിരുന്നത് എന്നാണ്. ഈ സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് നമ്മുടെ കയ്യിൽ ഇപ്പോഴും ഇരിപ്പുണ്ട്. അതിൽ സ്നേഹിക്കുന്ന രണ്ട് മനുഷ്യരാണ്. തങ്കൻ സ്നേഹത്തിൽ മമ്മൂക്കയെക്കാൾ ഫീൽ ചെയ്യുന്നുണ്ട്. മമ്മൂക്കയുടെ മാത്യുവിന് വീടുണ്ട്, അച്ഛനുണ്ട്, പങ്കാളിയുണ്ട്, മകളുണ്ട്. മറ്റേയാൾക്ക് മാത്യു മാത്രമേയുള്ളൂ. പലപ്പോഴും പലരും ചോദിക്കുന്നുണ്ട്, മാത്യു സ്നേഹത്തോടെ എന്തുകൊണ്ടാണ് തങ്കനെ നോക്കാത്തതെന്ന്. തങ്കൻ ഹൃദയം നിറഞ്ഞ് അത്രമാത്രം സ്നേഹത്തോടെ ഇന്റർവെൽ സമയത്ത് മാത്യുവിനെ നോക്കുന്നുണ്ട്. മാത്യുവിന് നോക്കാൻ പേടിയാണ്. മാത്യുവിന് കുടുംബം, ബന്ധങ്ങൾ, സമൂഹം, ക്ലാസ്സ് ഡിഫറൻസ് തുടങ്ങിയെല്ലാം ബാധിക്കുന്നുണ്ട്. കാതൽ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന മനുഷ്യരുടെ കഥയാണ്. അതിനെ അങ്ങനെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്, കാതലിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സീൻ കോഫീ ഷോപ്പിൽ നിന്ന് മമ്മൂക്ക ഇറങ്ങി വരുന്നതാണ്. മമ്മൂക്കയുടെ അടുത്ത് നിന്നാണ് അത്തരം ഒരു സീൻ ഉണ്ടാവുന്നതും. മമ്മൂക്ക കോഫി ഷോപ്പിൽ നിന്ന് ഇറങ്ങി വരുമ്പോൾ കാമറ തങ്കനിലേക്ക് പാൻ ചെയ്യുന്നുണ്ട്. അതെനിക്ക് എടുക്കാൻ സാധിച്ചു എന്നതാണ്. എനിക്ക് ആ സിനിമയിലെ ഏറ്റവും വലിയ ഷോട്ടായി ഞാൻ കാണുന്നത് അതാണ്. ഒരു ഡയലോ​ഗും പോലും ഞങ്ങൾ എഴുിതിയില്ല. ആ സിനിമ ചെയ്യാൻ പറ്റിയല്ലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. ഇവർ രണ്ട് പേരും കെട്ടിപ്പുണരുന്നതോ ഉമ്മ കൊടുക്കുന്നതോ ഒന്നും എടുക്കാൻ എനിക്ക് തോന്നിയില്ല. അത് മാത്രമേ എനിക്ക് പറയാൻ പറ്റൂള്ളൂ, വിശ്വസിക്കുമോ ഇല്ലയോ, അത് നിങ്ങൾക്ക് തീരുമാനിക്കാം. ഈ സിനിമയ്ക്ക് അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in