'കണ്ടന്റിന്റെ പേരില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമ'; തിങ്കളാഴ്ച്ച നിശ്ചയത്തെ കുറിച്ച് ജിയോ ബേബി

'കണ്ടന്റിന്റെ പേരില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമ'; തിങ്കളാഴ്ച്ച നിശ്ചയത്തെ കുറിച്ച് ജിയോ ബേബി
Published on

കണ്ടന്റിന്റെ പേരില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണ് തിങ്കളാഴ്ച്ച നിശ്ചയമെന്ന് സംവിധായകന്‍ ജിയോ ബേബി. കണ്ടന്റിന്റെ പേരില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും കണ്ടന്റിന്റെ പേരില്‍ വില്‍ക്കാന്‍ സാധിക്കുകയും ചെയ്യുന്ന രീതിയിലേക്കാണ് സിനിമ മാറേണ്ടത്. അത്തരമൊരു സിനിമയാണ് തിങ്കളാഴ്ച്ച നിശ്ചയമെന്ന് ജിയോ ബേബി അഭിപ്രായപ്പെട്ടു.

ജിയോ ബേബിയുടെ വാക്കുകള്‍: 'കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ എന്നോട് ചോദിച്ചു സിനിമ എങ്ങനെ മാറണമെന്നാണ് ആഗ്രഹിക്കുന്നത്? ഞാന്‍ പറഞ്ഞു സിനിമയുടെ കണ്ടന്റിന്റെ പേരില്‍ പ്രേക്ഷകര്‍ ഏറ്റുടുക്കുന്ന, കണ്ടന്റിന്റെ പേരില്‍ സിനിമ വില്‍ക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് സിനിമ മാറണം എന്നാണ് ആഗ്രഹിക്കുന്നത്. ഇതാ അങ്ങനെ ഒരു കിടിലന്‍ സിനിമ കണ്ടു കഴിഞ്ഞിരിക്കുന്നു. ആകെ വല്ലാത്ത മാനസിക അവസ്ഥയില്‍ ആണ് കാണാന്‍ ഇരുന്നത്. ഈ സിനിമ എന്നേ നല്ല മാനസികാവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. നന്ദി സെന്ന ഹെഗ്ഡെ.'

സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച്ച നിശ്ചയം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസ് ചെയ്തത് മുതല്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. 51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥക്കുമുള്ള പുരസ്‌കാരം തിങ്കളാഴ്ച്ച നിശ്ചയത്തിന് ലഭിച്ചിരുന്നു.

കാഞ്ഞങ്ങാടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തിലെ സുജ എന്ന കഥാപാത്രത്തിന്റെ കല്യാണ നിശ്ചയവുമായി ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. താന്‍ ജനിച്ച് വളര്‍ന്ന സ്ഥലമാണ് കാഞ്ഞങ്ങാട്. സിനിമയില്‍ പറയുന്നതും താന്‍ കണ്ട് വളര്‍ന്ന മനുഷ്യരെ തന്നെയാണെന്ന് സെന്ന ഹെഗ്ഡെ പറഞ്ഞിരുന്നു.

പുഷ്‌കര്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശ്രീരാജ് രവീന്ദ്രനാണ്. ഹരിലാല്‍ കെ രാജീവാണ് എഡിറ്റര്‍. അനഖ നാരായണന്‍, ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരന്‍, അനുരൂപ് പി, അര്‍ജുന്‍ അശോകന്‍, അര്‍പ്പിത് പിആര്‍, മനോജ് കെ യു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in