2019ലെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തില്‍ നിന്നും പതിനേഴ് ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലായി പരിഗണനയില്‍. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ജെല്ലിക്കെട്ടും വിവിധ വിഭാഗങ്ങളിലായി ദേശീയ ജൂറിക്ക് മുന്നിലെത്തിയിട്ടുണ്ട്. മികച്ച സംവിധായകന്‍, കലാ സംവിധായകന്‍, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്‌കാര വിഭാഗങ്ങളിലേയ്ക്ക് 'മരക്കാര്‍' പരിഗണിക്കപ്പെടുമെന്നാണ് സൂചന. ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കായുള്ള ജൂറിയാണ് സമീര്‍, വാസന്തി, ഇഷ്ഖ്, വൈറസ് തുടങ്ങിയ ചിത്രങ്ങളും ദേശീയ ജൂറിയുടെ പരിഗണനക്ക് അയച്ചിരിക്കുന്നത്.
മാർച്ച് ആദ്യമാകും പുരസ്‌കാര പ്രഖ്യാപനം. വിവിധ ഭാഷകളിൽ നിന്നായി എത്തിയ നൂറിലേറെ ചിത്രങ്ങൾ അവാർഡ് നിർണയത്തിനായി അടുത്ത മാസം ജൂറി അംഗങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കും. അഞ്ച് പ്രാദേശിക ജൂറികളാണ് ആദ്യ ഘട്ടത്തിൽ സിനിമകൾ കണ്ടത്.
100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ. തിരുനാവകാരസുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.