ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന നേരിന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു. സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. പ്രിയാമണി ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. 'ദൃശ്യം 2', '12th മാൻ', 'റാം' എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'നേര്'. ചിങ്ങം ഒന്നിന് നേരിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ഒപ്പം നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും അഭ്യർത്ഥിക്കുന്നു എന്ന ക്യാപ്ഷനോടൊപ്പം പൂജയുടെ സ്റ്റിൽസും മോഹൻലാൽ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം പ്രിയാമണിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'നേര്'. സീക്കിങ് ജസ്റ്റിസ് എന്നാണ് സിനിമയുടെ ടാഗ് ലെെൻ. ഈ ചിത്രം ദൃശ്യം മൂന്നാം ഭാഗമല്ലെന്നും സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ വഴിയേ അറിയിക്കുമെന്നും ജീത്തു ജോസഫ് ക്യു സ്റ്റുഡിയോയോട് മുൻപ് പറഞ്ഞിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രംകൂടിയാണിത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം വിഷ്ണു ശ്യാം ആണ്. വി എസ് വിനായക് എഡിറ്റിംഗ് നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശാന്തി ആന്റണി. ലിറിക്‌സ് : വിനായക് ശശികുമാർ ആർട്ട് : ബോബൻ കോസ്റ്യൂം ഡിസൈനർ : ലിന്റാ ജീത്തു ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : സുധീഷ് രാമചന്ദ്രൻ.
റാം ഒന്നാം ഭാഗം ആണ് ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഷൂട്ട് ചെയ്യേണ്ടിയിരുന്ന ലൊക്കേഷനിലെ ക്ലൈമറ്റ് ചേഞ്ച് കാരണം ആണ് ചിത്രം വൈകുന്നതെന്നും ഈ വർഷം അവസാനത്തോടെ ഷൂട്ട് പുനരാരംഭിക്കുമെന്നും ജീത്തു ജോസഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു. മോഹൻലാലിനെ കൂടാതെ തൃഷ, ഇന്ദ്രജിത് സുകുമാരൻ, സംയുക്ത, അനൂപ് മേനോൻ, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിന് ഇനി അമ്പത് ദിവസത്തെ ഷൂട്ട് കൂടെ ബാക്കിയുണ്ടെന്നും അത് കൂടെ തീര്‍ന്നാല്‍ റാം ഫിനിഷാകും എന്ന് ജീത്തു ജോസഫ് നേരത്തെ ക്യു സ്റ്റുഡിയോയോട് വെളിപ്പെടുത്തിയിരുന്നു.