സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല: ജയസൂര്യ

സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല: ജയസൂര്യ
Published on

സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ലെന്ന് നടന്‍ ജയസൂര്യ. ഓരോ സിനിമയുടെയും കഥാസന്ദര്‍ഭവും ക്യാമറയും എഡിറ്റിംഗും എല്ലാ മലയാളി പ്രേക്ഷകര്‍ വിലയിരുത്താറുണ്ട്. അത് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ജയസൂര്യ അഭിപ്രായപ്പെട്ടു. 41-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സിനിമാ പ്രേക്ഷകരുമായി സംസാരിക്കവെയാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്.

സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലന്‍മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല. ഓരോ സിനിമയുടെയും കഥാസന്ദര്‍ഭവും ക്യാമറയും എഡിറ്റിംഗും വരെ മലയാളി പ്രേക്ഷകര്‍ വിലയിരുത്താറുണ്ട്. ഇത് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇക്കാരണത്താല്‍ തന്നെ ബഹുഭൂരിപക്ഷം മലയാള സിനിമകളും അതിന്റെ മേക്കിങ്ങില്‍ സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്.

ജയസൂര്യ

മികച്ച സിനിമകള്‍ ഉണ്ടാകുന്നത് ഈഗോ ഇല്ലാത്ത കൂട്ടുകെട്ടുകളില്‍ നിന്നും സൗഹൃദത്തില്‍ നിന്നുമാണെന്നും ജയസൂര്യ വ്യക്തമാക്കി. 'കൊണ്ടും കൊടുത്തും അഭിപ്രായങ്ങള്‍ സ്വീകരിച്ചും ചെയ്യുന്ന സിനിമാക്കൂട്ടുകള്‍ വേണം. മലയാളത്തില്‍ മിക്കവാറും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുള്ളത് മികച്ച സൗഹൃദത്തില്‍ നിന്നാണ്', ജയസൂര്യ പറയുന്നു.

'സംവിധായകന്‍ പ്രജേഷ് സെന്നില്‍ നിന്ന് തനിക്ക് അത്തരം അനുഭവമാണ് ഉണ്ടായിട്ടുള്ളത്. വെള്ളം പോലുള്ള ജീവിതഗന്ധിയായ സിനിമയിലെ കഥാപാത്രം ചെയ്തപ്പോള്‍ വേറിട്ട അനുഭവമാണുണ്ടായത്. നമുക്കിടയില്‍ ജീവിക്കുന്ന കഥാപാത്രമാണ് മുരളി. ഈ കഥാപാത്രം നിരവധിപേര്‍ക്ക് പ്രചോദനമായെന്നറിഞ്ഞപ്പോള്‍ സിനിമാജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി. ഇത് കുടുംബങ്ങളില്‍ വലിയ ചലനങ്ങളുണ്ടാക്കി. നിരവധിപേര്‍ക്ക് മദ്യപാനം ഉപേക്ഷിക്കാന്‍ സഹായകമായി. ഒരാള്‍ മാറിയാല്‍ ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. അതുവഴി സമൂഹത്തിന് ഗുണമാവും. ഇത് ചെറിയകാര്യമല്ലെ'ന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

'ജീവിക്കുന്ന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണ്. വെള്ളത്തിലെ മുരളിയെ അവതരിപ്പിച്ചത് അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്ന് കേട്ടറിഞ്ഞാണ്. ഫുട്‌ബോള്‍ താരം സത്യനെ അവതരിപ്പിച്ചതും അങ്ങനെത്തന്നെ ആയിരുന്നു. ഇതെല്ലാം ദൈവാനുഗ്രഹമായാണ് ഞാന്‍ കാണുന്നതെ'ന്നും ജയസൂര്യ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in