അബ്രഹാം ഓസ്ലറിന്റെ കഥ കേൾക്കുന്ന സമയത്ത് ഈ കഥാപാത്രം ഞാൻ ചെയ്യാം എന്ന് മമ്മൂട്ടി ഇങ്ങോട്ട് പറയുകയായിരുന്നു എന്ന് നടൻ ജയറാം. അബ്രഹാം ഓസ്ലറിലെ അലക്സാണ്ടർ എന്ന കഥാപാത്രത്തിന് വേണ്ടി കന്നട, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ നിന്നും പല പ്രമുഖ നടന്മാരെയും സമീപിച്ചിരുന്നതായി ജയറാം പറയുന്നു. എന്നാൽ ഒരു ദിവസം യാദൃശ്ചികമായി മമ്മൂട്ടിയെ കാണാനെത്തിയ മിഥുനോട് അദ്ദേഹം ചിത്രത്തിന്റെ കഥ ചോദിക്കുകയും, കഥ ഇഷ്ടപ്പെട്ട അദ്ദേഹം ഈ കഥാപാത്രം ഞാൻ ചെയ്യാം എന്ന് അങ്ങോട്ട് പറയുകയായിരുന്നു എന്നും ജയറാം പറഞ്ഞു. എന്നാൽ അദ്ദേഹത്തെപോലെ ഒരു വലിയ നടനെ ആ കഥാപാത്രത്തിലേക്ക് കൊണ്ടു വരാൻ മിഥുൻ തയ്യാറായിരുന്നില്ല എന്നും ഞാൻ നായകനാകുന്ന ഒരു ചിത്രത്തിൽ മമ്മൂക്ക ഇത്തരത്തിൽ ഒരു വേഷം ചെയ്യാം എന്ന് പറയുന്നുണ്ടെങ്കിൽ അത് എനിക്ക് വേണ്ടിയാകില്ലേ അതുകൊണ്ട് അദ്ദേഹത്തോട് ഒന്നുകൂടി പോയി ചോദിക്കുന്നു എന്ന് താനാണ് മിഥുനെ നിർബന്ധിച്ചതെന്നും ജയറാം പറഞ്ഞു. മനോരമ ന്യുസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയറാം.
ജയറാം പറഞ്ഞത്;
അലക്സാണ്ടർ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം സത്യ രാജ്, ശരത് കുമാർ, പ്രകാശ് രാജ് അതിന് ശേഷം കന്നട, തെലുങ്ക് എന്നിങ്ങനെ പല സ്ഥലത്ത് നിന്നും പലരെയും നോക്കിയിരുന്നു. ഞാൻ സത്യരാജിനോട് പോയി കഥയൊക്കെ പറഞ്ഞിരുന്നതുമാണ്, അത് അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തു. അങ്ങനെയിരിക്കുന്ന സമയത്താണ് വളരെ യാദൃശ്ചികമായി മിഥുൻ മമ്മൂക്കയെ കാണാൻ വേണ്ടി ചെല്ലുന്നത്, ചെന്നപ്പോൾ ജയറാമിനെ വച്ച് ചെയ്യുന്ന സിനിമയുടെ കഥ എന്താണെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം അങ്ങനെയാണ് എല്ലാം ചോദിക്കും. അങ്ങനെ കഥ കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഇന്ററസ്റ്റിംഗ് ആയി തോന്നി. മിഥുനോട് അദ്ദേഹം ഞാൻ ചെയ്യട്ടേ എന്ന് ചോദിച്ചു. മിഥുൻ പറഞ്ഞു അയ്യോ വേണ്ട, നിങ്ങൾ ചെയ്താൽ ഇത് വലിയ ഭാരമാകും. വേണ്ട എന്ന്. അല്ലാ ഞാൻ ചുമ്മാ ചോദിച്ചു എന്നേയുള്ളൂ, ചെയ്യണമെങ്കിൽ ഞാൻ ചെയ്യാം കേട്ടോ എന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വലിയ ആവേശമായി. ഇത് എന്താണ് മിഥുൻ മമ്മൂക്കയെ പോലെ ഒരാള് ഞാൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ ഇങ്ങനെയൊരു വേഷം ചെയ്യാം എന്ന് പറയുന്നില്ലേ? ഒരു പക്ഷേ എനിക്ക് വേണ്ടി മാത്രമായിരിക്കും അദ്ദേഹം അത് പറഞ്ഞിട്ടുണ്ടാവുക. ഒന്നുകൂടി പോയി ചോദിക്കു എന്ന് ഞാൻ മിഥുനോട് പറഞ്ഞൂ. മിഥുൻ എന്നോട് ചോദിച്ചു ജയറാം ഇത് വേണോ എന്ന്, ഞാൻ പറഞ്ഞു എനിക്ക് വേണ്ടി ചോദിക്കു, പ്ലീസ് എന്ന്. അങ്ങനെ മിഥുൻ രണ്ടാമത് ചെന്ന് ചോദിക്കുന്നു മമ്മൂക്ക ഞാൻ വന്ന് ചെയ്ത് തരാം എന്ന് പറയുന്നു. അങ്ങനെയാണ് അദ്ദേഹം വന്നത്.
1988 മുതൽ ഇരുപത് വർഷത്തോളം എനിക്ക് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അത് എന്റെ സംവിധായകന്മാർ കാരണമാണ്. പത്മരാജൻ സാർ, ഭരതൻ, ഐ.വി ശശി, സിബി മലയിൽ, കമൽ, രാജസേനൻ, സത്യൻ അന്തിക്കാട് തുടങ്ങി നിരവധിപ്പേർ. അന്ന് എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ ഒരു ഇരുപത് ഇരപത്തിരണ്ട് വർഷങ്ങൾക്ക് ശേഷമാണ് മാറി കുറച്ച് ഒരു ടെെപ്പ് കഥാപാത്രങ്ങൾ ചെയ്താലോ എന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയത്. അതിൽ പരാജയങ്ങൾ സംഭവിച്ചു. അതൊരുപക്ഷേ ഞാൻ തിരഞ്ഞെടുത്ത കഥകളുടെയാവാം. അത് ആർക്കും സംഭവിക്കാവുന്നതാണ്. ഒരു ജോലി കുറേ വർഷം ചെയ്തു കൊണ്ടിരിക്കുമ്പോൾ തെറ്റുകൾ സംഭവിക്കാം. പിന്നെ ഒരുപാട് പേർ കൂടെയില്ലാത്ത ഒരാളാണ് ഞാൻ. അങ്ങനെയില്ലത്ത മലയാള സിനിമയിലെ ഏക ആൾ ഞാൻ മാത്രമായിരിക്കും. എനിക്ക് ഒരു മനേജർ ഇല്ല, കഥ കേൾക്കാനാളില്ല, ഡേറ്റ് നോക്കാൻ പോലും ഒരാള് പോലുമില്ല എനിക്ക്, ഞാൻ ഒരൊറ്റ മനുഷ്യനാണ് കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായിട്ട് എല്ലാം നോക്കുന്നത്. എന്റെ നമ്പർ എല്ലാവർക്കും അറിയാം. മൊബെെൽ കണ്ടു പിടിച്ച കാലം തൊട്ട് ഒരു നമ്പർ മാത്രമേ എനിക്കുള്ളൂ. അതിലേക്ക് ആളുകൾ വിളിക്കും ഞാൻ തന്നെ സംസാരിക്കും. ഇപ്പോൾ മലയാളം അല്ലാത്ത മറ്റു ഭാഷകളിൽ നിന്ന് വിളിക്കുമ്പോൾ ചോദിക്കും സാർ നിങ്ങൾക്ക് മനേജർ ഇല്ലേ എന്ന്. ഞാൻ പറയും ഇല്ല എന്ന്. എല്ലാം ചെയ്യുന്നത് ഞാൻ തന്നെയാണ് എന്നും ജയറാം പറഞ്ഞു.