മലയാളത്തില്‍ നിന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി മനപൂര്‍വമായി ഇടവേളയെടുത്തിരിക്കുകയായിരുന്നുവെന്ന് നടന്‍ ജയറാം. നല്ലൊരു പ്രൊജക്ടിനായി കാത്തിരിക്കുകയായിരുന്നെന്നും ആ കാത്തിരുപ്പ് വെറുതെയായില്ലെന്നും ജയറാം പറയുന്നു. നിലവില്‍ ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 'അബ്രഹാം ഓസ്ലറി'ലാണ് ജയറാം അഭിനയിക്കുന്നത്. 'അബ്രഹാം ഓസ്ലര്‍' താന്‍ കാത്തിരുന്ന പോലെ വളരെ പ്രതീക്ഷ നല്‍കുന്ന ഒരു ചിത്രമാണെന്നും മലയാളിത്തലേക്കുള്ള തന്റെ വലിയൊരു തിരിച്ചു വരവാകും ഈ സിനിമയെന്നും ജയറാം പറയുന്നു. പാലക്കാട് പല്ലശന ക്ഷേത്രത്തിലെ ഓഡിറ്റോറിയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ജയറാം ഇക്കാര്യം വ്യക്തമാക്കിയത്.
ജയറാം പറഞ്ഞത്.
'മലയാള സിനിമയില്‍ നിന്ന് ഞാനായിട്ട് എടുത്ത ഒരു ഇടവേളയായിരുന്നു കഴിഞ്ഞ ഒന്നൊന്നര വര്‍ഷം. നല്ലൊരു പ്രൊജക്ടിന് വേണ്ടിയുള്ള ആ കാത്തിരിപ്പ് വെറുതെയായില്ല. ഇപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന അബ്രഹാം ഓസ്ലര്‍ എന്ന സിനിമ അഞ്ചാം പാതിര എന്ന വളരെ ഹിറ്റായ ഒരു സിനിമയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ ചെയ്യുന്ന ഒരു സിനിമയാണ്. എനിക്ക് വളരെയേറെ പ്രതീക്ഷ തരുന്ന ഒരു ത്രില്ലര്‍ സിനിമയായിരിക്കും അബ്രഹാം ഓസ്ലര്‍. അതിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്.'
കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി എല്ലാവരുടെയും സ്‌നേഹത്താല്‍ കുറേയധികം സിനിമകള്‍ ചെയ്യാന്‍ ഭാഗ്യമുണ്ടായെന്നും മലയാളം വിട്ട് പല ഭാഷകളിലും അഭിനയിക്കാന്‍ കഴിഞ്ഞെന്നും ഇതൊന്നും നമ്മള്‍ വിചാരിച്ചാല്‍ മാത്രം നടക്കില്ലെന്നും നമ്മളെ തേടി വരേണ്ട കാര്യങ്ങളാണെന്നും ജയറാം പറയുന്നു. നാളെ മഹേഷ് ബാബുവിന്റെ സിനിമയില്‍ അഭിനയിക്കാന്‍ എത്തിച്ചേരണം എന്നും അടുത്ത ചിത്രം റാം ചരണിനോടൊപ്പമാണെന്നും, വിജയ് ദേവരകൊണ്ടയോടൊപ്പം ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണെന്നും കന്നടയില്‍ ഏറ്റവും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന 'ഗോസ്റ്റ'് എന്ന ചിത്രവും അടുത്തായി വരാനിരിക്കുന്നുണ്ടെന്നും ജയറാം പറയുന്നു. 2022 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രമായിരുന്നു ജയറാം ഒടുവിലായി മലയാളത്തില്‍ അഭിനയിച്ച ചിത്രം.