'നായകനായ ആദ്യ ചിത്രത്തിൽ പുരസ്കാര നേട്ടം' ; ജാഗരൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ ആയി ജയരാജൻ കോഴിക്കോട്

'നായകനായ ആദ്യ ചിത്രത്തിൽ പുരസ്കാര നേട്ടം' ; ജാഗരൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ ആയി ജയരാജൻ കോഴിക്കോട്
Published on

എഴുപതാം വയസ്സിൽ നായകനായ ആദ്യ ചിത്രത്തിലെ അഭിനയത്തിന് ജാഗരൺ ഫിലിം ഫെസ്റ്റിവൽ മികച്ച നടൻ ആയി തിരഞ്ഞെടുക്കപ്പെട്ട് ജയരാജൻ കോഴിക്കോട്. അഭിജിത്ത്‌ അശോകൻ സംവിധാനം നിർവഹിച്ച 'ജനനം:1947 പ്രണയം തുടരുന്നു' എന്ന സിനിമയിലെ അഭിനയത്തിനാണ് ജയരാജനെ മികച്ച നടനുള്ള പുരസ്ക്കാരം തേടിയെത്തിയത്. അൻപത് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ആദ്യമായി ആണ് ജയരാജൻ നായക വേഷത്തിൽ എത്തിയത്.

കഠിനാധ്വാനവും ആവേശവും നിശ്ചയദാർഢ്യവും എപ്പോഴും ഫലം കാണുമെന്ന വിശ്വാസത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് ജയരാജന്റെ യാത്ര. വിരമിക്കലിനെ കുറിച്ച് പലരും ചിന്തിക്കുന്ന പ്രായത്തിൽ അഭിനയത്തിന്റെ ലോകത്തേക്ക് ചുവടുവെച്ച അദ്ദേഹം സമാനതകളില്ലാത്ത അർപ്പണബോധവും ഉത്സാഹവും പ്രകടിപ്പിച്ചു ഒപ്പം പ്രതിബന്ധങ്ങളെയും സ്റ്റീരിയോടൈപ്പുകളെയും തകർത്തെന്നും ചിത്രത്തിന്റെ സംവിധായകൻ അഭിജിത്ത്‌ അശോകൻ ഫേസ്ബുക്കിൽ കുറിച്ചു. ജയരാജന്റെ നേട്ടം സ്വപ്നങ്ങൾക്ക് കാലഹരണപ്പെടൽ തീയതിയില്ലെന്ന സന്ദേശം നൽകുന്നു. ഇത് വരാനിരിക്കുന്ന പ്രതിഭകൾക്ക് പ്രതീക്ഷ നൽകുന്നു. വിജയത്തിന് അതിരുകളില്ലെന്നും കഴിവുകൾ പ്രായത്തെ മറികടക്കുമെന്നും അഭിജിത് കൂട്ടിച്ചേർത്തു.

ലീല സാംസൺ ആണ് 1947 പ്രണയം തുടരുന്നു എന്ന സിനിമയിൽ ജയരാജന്റെ നായികയായി എത്തുന്നത്. അഭിജിത് അശോകൻ, സന്തോഷ് സന്തോഷ് അണിമ എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്. ഛായാഗ്രഹണം : സന്തോഷ് അണിമ എഡിറ്റിങ്: കിരൺ ദാസ് നിർമ്മാണ നിർവ്വഹണം: ഷൈൻ ചന്ദ്രൻ ഗാനരചന: അനിൽ ലാൽ.

Related Stories

No stories found.
logo
The Cue
www.thecue.in