മണിരത്നം - കമൽ ഹാസൻ ചിത്രം 'തഗ് ലൈഫി'ൽ അഭിനയിക്കനുള്ള അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് നടൻ ജയം രവി. വലിയൊരു കമൽ ഹാസൻ ആരാധകനായ താൻ 'ആളവന്താൻ' എന്ന ചിത്രത്തിൽ സഹ സംവിധായകനാകാൻ തീരുമാനിച്ചത് കമൽ ഹാസന്റെ അഭിനയം കോപ്പിയടിക്കാൻ വേണ്ടി ആയിരുന്നുവെന്ന് ജയം രവി പറയുന്നു. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാം എന്നല്ലാതെ അദ്ദേഹത്തെ കോപ്പിയടിക്കാൻ ആർക്കും സാധിക്കില്ലെന്ന് തനിക്ക് പിന്നീട് മനസ്സിലായെന്നും അദ്ദേഹത്തെ കണ്ട് പ്രചോദനം കിട്ടിയ ഒരുപാട് അഭിനേതാക്കളിൽ ഒരാളാണ് താൻ എന്നും ജയം രവി പറഞ്ഞു. 'തഗ് ലൈഫി'ൽ കമൽ ഹാസനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും ചില കാരണങ്ങൾ കൊണ്ട് അതിന് സാധിച്ചില്ലെന്നും 'ബ്രദർ' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ ജയം രവി പറഞ്ഞു.
ജയം രവി പറഞ്ഞത്:
'ആളവന്താനി'ൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പോയത് ശരിക്കും സംവിധാനം പഠിക്കാൻ വേണ്ടിയായിരുന്നില്ല. കമൽ സാർ എന്താണ് ചെയ്യുന്നതെന്ന് നോക്കി പഠിച്ചിട്ട് അത് കോപ്പി അടിക്കണമെന്ന ഉദ്ദേശത്തിലാണ് ഞാൻ പോയത്. എന്നാൽ അദ്ദേഹത്തിൽ നിന്ന് നമുക്ക് പ്രചോദനം ഉൾക്കൊള്ളാം എന്നല്ലാതെ കോപ്പിയടിക്കാൻ ആർക്കും സാധിക്കില്ലെന്ന് എനിക്ക് മനസ്സിലായി. അദ്ദേഹത്തെ കണ്ട് പ്രചോദിതരായ നിരവധി അഭിനേതാക്കളുണ്ട് അവരിൽ ഒരാളാണ് ഞാൻ എന്ന് വളരെ അഭിമാനത്തോടെ ഞാൻ പറയും. എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹം സിനിമയിൽ കൊണ്ടുവന്ന പല കാര്യങ്ങളും ഇന്ന് ഇവിടെ എല്ലാവരും ഉപയോഗിക്കുന്നു. അത്തരത്തിലുള്ള ഒരാളോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു എന്നതിൽ എനിക്ക് അഭിമാനം ഉണ്ട്. മണിരത്നം ചിത്രം തഗ് ലൈഫിൽ ഞാനുണ്ടായിരുന്നു എന്നാൽ ചില കാരണങ്ങൾ കൊണ്ട് എനിക്ക് അതിൽ അഭിനയിക്കാൻ സാധിച്ചില്ലെന്നൊരു വിഷമം മാത്രമാണ് എനിക്കുള്ളത്. എല്ലാ അഭിനേതാക്കൾക്കും വളരെ പ്രചോദനം നൽകിയിട്ടുള്ള അഭിനേതാവാണ് അദ്ദേഹം.
എം രാജേഷിന്റെ സംവിധാനത്തിൽ ജയം രവി നായകനായി എത്തുന്ന ചിത്രമാണ് 'ബ്രദർ'. ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 31 ന് റിലീസ് ചെയ്യും. വിടിവി ഗണേഷ്, പ്രിയങ്ക മോഹൻ, ഭൂമിക ചൗള, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതിന് പുറമെ 'ജീനി', 'കാതലിക്ക നേരമില്ലെ', 'ജെആർ34' തുടങ്ങിയ പ്രോജക്റ്റുകളാണ് ജയം രവിയുടെതായി ഒരുങ്ങുന്നത്. ജയം രവിയുടെ സഹോദരനും സംവിധായകനുമായ മോഹൻരാജ സംവിധാനം ചെയ്യുന്ന തനി ഒരുവൻ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.