തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായ രജിനികാന്തിന്റെ ജയിലറിന്റെ ഒ ടി ടി സ്ട്രീമിങ് തിയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രം സെപ്റ്റംബർ 7 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. തമിഴ് മലയാളം തെലുങ്ക് കന്നഡ ഹിന്ദി തുടങ്ങിയ ഭാഷകളിൽ ചിത്രം ഒ ടി ടി യിൽ ലഭ്യമാകും. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 500 കോടിക്കും മുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്.
ചിത്രത്തിന്റെ എച്ച് ഡി പ്രിന്റ് കഴിഞ്ഞ ദിവസം ഇന്റർനെറ്റിലൂടെ ചോർന്നിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രം തിയറ്ററുകളിൽ ഇരുപത് ദിവസം തികയ്ക്കവേയായിരുന്നു ഈ തിരിച്ചടി. സിനിമയുടെ വൻ വിജയത്തിന്റെ ഭാഗമായി ലാഭ വിഹിതം നിർമാതാവ് കലാനിധി മാരൻ രജിനികാന്തിന് സമ്മാനിച്ചു. രജിനികാന്തിനെ അദ്ദേഹത്തിന്റെ പോയിസ് ഗാർഡനിലുള്ള വസതിയിലെത്തി നേരിട്ട് കണ്ടാണ് കലാനിധി മാരൻ ചെക്ക് കെെമാറിയത്. ചെക്ക് കെെമാറുന്നതിന്റെ ചിത്രങ്ങൾ സണ്‍ പിക്ചേഴ്സ് തന്നെ തങ്ങളുടെ ട്വിറ്ററിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒപ്പം ബിഎംഡബ്ല്യു എക്സ് 7 കാറും രജിനികാന്തിന് കലാനിധി മാരൻ കൈമാറിയിരുന്നു.
ഇതിന് പുറമെ ചിത്രത്തിന്റെ സംവിധായകൻ നെൽസൺ ദിലീപ്കുമാറിന് ചെക്കും പോർഷെ കാറും കലാനിധി മാരൻ സമ്മാനിച്ചു. മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. വര്‍മന്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രമായി വിനായകനും ചിത്രത്തില്‍ ഉണ്ട്.
ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത ചിത്രം കമൽ ഹാസൻ നായകനായ വിക്രത്തിന്റെ ലൈഫ് ടൈം ഗ്രോസ് കലക്ഷൻ മറികടന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി മാറി. ഒൻപത് ദിവസം കൊണ്ടാണ് വിക്രത്തിന്റെ കളക്ഷൻ ജയിലർ മറികടന്ന് ഒന്നാമതെത്തിയത്. ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആറ് കോടിക്കടുത്താണ് കേരളത്തില്‍ നിന്ന് റിലീസ് ദിവസത്തില്‍ ജയിലര്‍ നേടിയത്. റിലീസ് ഡേയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടവും ജയിലര്‍ സ്വന്തമാക്കി കഴിഞ്ഞു.