'ആ സിനിമയിൽ എനിക്ക് വേണ്ടി പത്മരാജൻ സാർ ഒരു വേഷം കരുതി വച്ചു, പക്ഷേ ആ സ്നേഹം അനുഭവിക്കാൻ എനിക്ക് സാധിച്ചില്ല'; ജ​ഗദീഷ്

'ആ സിനിമയിൽ എനിക്ക് വേണ്ടി പത്മരാജൻ സാർ ഒരു വേഷം കരുതി വച്ചു, പക്ഷേ ആ സ്നേഹം അനുഭവിക്കാൻ എനിക്ക് സാധിച്ചില്ല'; ജ​ഗദീഷ്
Published on

പത്മരാജൻ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കാതെ പോയതിന്റെ വേദന തുറന്ന് പറഞ്ഞ് നടൻ ജ​ഗദീഷ്. പത്മരാജനെ ആകാശവാണിയിൽ വച്ച് കാണുമ്പോഴൊക്കെ അദ്ദേഹത്തോട് താൻ അഭിനയിക്കാൻ അവസരം ചോദിക്കാറുണ്ടായിരുന്നു എന്ന് ജ​ഗദീഷ് പറയുന്നു. നോക്കാം എന്ന് മറുപടി പറുയുമെങ്കിലും ഒരിക്കലും അദ്ദേഹത്തിന്റെ സിനിമകളിലേക്ക് തന്നെ വിളിച്ചിരുന്നില്ല. അപ്പോഴോക്കെ വേദന തോന്നിയിരുന്നു എന്നും എന്നാൽ ജയറാമിനെ നായകനാക്കി ഞാൻ ​ഗന്ധർവ്വന് ശേഷം സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ തനിക്കായി പത്മരാജൻ ഒരു വേഷം മാറ്റി വച്ചിരുന്നു എന്നും ജ​ഗദീഷ് പറയുന്നു. എന്നാൽ അതിന് മുമ്പേ മരണം പത്മരാജനെ കവർന്നെടുത്തിരുന്നു. നടക്കാതെ പോയ ആ ചിത്രം ഇന്നും തന്റെയുള്ളിൽ ഒരു വേദനയാണെന്നാണ് ജ​ഗദീഷ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജ​ഗദീഷ് പറഞ്ഞത്:

ഇതളുകൾ എന്ന പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ പത്മരാജൻ സാർ അവിടെ ന്യൂസ് റീഡർ ആണ്. 'വാർത്തകൾ വായിക്കുന്നത് പത്മരാജൻ' എന്ന് ഒരു പ്രത്യേക താളത്തിൽ പറയുന്ന ഈ വരിയും ആ പേരും അന്നു മലയാളികൾക്ക് സുപരിചിതമാണ്.

ഇടയ്ക്ക് ആകാശവാണിയിൽ വച്ചു കാണുമ്പോൾ പറയും, "ഞാൻ എംജി കോളജിൽ പഠിപ്പിക്കുകയാണ്. എനിക്കു സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്നുണ്ട് " ഗൗരവത്തെ മുഴുവനായി മായ്ച്ചു കളയാതെ അദ്ദേഹം മറുപടിയും തരും, "അവസരം വരുമ്പോൾ നമുക്കു നോക്കാം. പറ്റുന്ന കഥാപാത്രങ്ങൾ വരട്ടെ " പിന്നീട് പല സിനിമകളും അദ്ദേഹം സംവിധാനം ചെയ്തെങ്കിലും എന്നെ വിളിച്ചില്ല 'എന്നാലും വിളിച്ചില്ലല്ലോ' എന്ന വേദന മനസ്സിലുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം നിർമാതാവ് രാജു മല്യത്തിൻ്റെ ഫോൺ. "പത്മരാജൻ്റെ അടുത്ത സിനിമ ഞാനാണ് നിർമിക്കുന്നത്. അതിൽ ജഗദീഷിന് വേഷമുണ്ട്. എത്ര നാളായി ആഗ്രഹിച്ച കാര്യമാണ് അത് തൊട്ടരികിലെത്തിയ സന്തോഷത്തിലായിരുന്നു ഞാൻ

'ഞാൻ ഗന്ധർവനു ശേഷം തുടങ്ങാനായിരുന്നു പ്ലാൻ. നായകൻ ജയറാം, കായികാധ്യാപകന്റെ വേഷമായിരുന്നു ജയറാമിന്. മറ്റൊരധ്യാപകനായി ഞാനും. പക്ഷേ, പത്മരാജൻ സാറിൻ്റെ സ്നേഹം അനുഭവിക്കാൻ എനിക്ക് സാധിച്ചില്ല. സിനിമ തുടങ്ങും മുൻപേ അദ്ദേഹം പോയി. നടക്കാതെ പോയ ആ സിനിമ ഇന്നും എൻ്റെ വേദനയാണ്.

എൻ്റെ പേര് സാറിൻ്റെ മനസ്സിലേക്കു വരാനുള്ള കാരണം പിന്നീടൊരിക്കൽ മകൻ അനന്തപത്മനാഭൻ പറഞ്ഞു. "ഗോഡ്‌ഫാദർ ഉൾപ്പെടെയുള്ള സിനിമകൾ കണ്ടു ഞങ്ങൾ ചേട്ടന്റെ കാര്യം അച്ഛനോടു പറയാറുണ്ടായിരുന്നു. അച്ഛൻ്റെ സിനിമയിൽ ഇതുവരെ ജഗദീഷ് അങ്കിൾ അഭിനയിച്ചിട്ടില്ലല്ലോ അടുത്ത സിനിമയിലെങ്കിലും അങ്കിളിനെ വിളിക്കണം എന്ന്. ഒരു ദിവസം അച്ഛൻ പറഞ്ഞു, അടുത്ത സിനിമയിൽ ജഗദീഷിന് ഒരു വേഷം ഉണ്ട് " ഒരുപാടു മോഹിച്ചത് കിട്ടാതെ പോകുമ്പോഴുള്ള സങ്കടം ഇപ്പോഴും മാറിയിട്ടില്ല. ജ​ഗദീഷ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in