ഒരു തരത്തിലും പ്രധാന്യമില്ലാത്ത ഒരു കൂട്ടം സിനിമകൾ ചെയ്യുന്നതിനെക്കാൾ നല്ല കുറച്ച് സിനിമകളുടെ ഭാഗമാകാനാണ് താൻ ശ്രമിക്കുന്നത് എന്ന് നടി സമാന്ത റൂത്ത് പ്രഭു. സ്റ്റീരീയോടെെപ്പുകൾ തകർക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ഒരേ കാര്യം തന്നെ ആവർത്തിക്കുന്നത് പ്രേക്ഷകരിൽ മടുപ്പുണ്ടാക്കുമെന്നും സമാന്ത പറയുന്നു. സിനിമ വ്യവ്യസായത്തിലെ സ്ത്രീകൾ സിനിമയിൽ തന്റേതായ ഒരു ഇടം ആവശ്യപ്പെടുന്നത് കാണുമ്പോൾ അഭിമാനമുണ്ട് എന്നും അത്തരത്തിലുള്ള ഒരു മാറ്റത്തിന്റെ ഭാഗമായതിൽ തനിക്ക് സന്തോഷമുണ്ട് എന്നും സമാന്ത റൂത്ത് പ്രഭു എല്ലെ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സമാന്ത റൂത്ത് പ്രഭു പറഞ്ഞത്:
ഇൻഡസ്ട്രിയിലുള്ള സ്ത്രീകൾ അവർ അവർക്ക് വേണ്ടുന്ന സ്പേയ്സ് ആവശ്യപ്പെട്ടുന്നത് കാണുമ്പോൾ എനിക്ക് വളരെ അഭിമാനം തോന്നുന്നുണ്ട്. മാത്രമല്ല ഈ മാറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷവുമുണ്ട്. ഞങ്ങൾ ഇപ്പോൾ മികച്ച വേഷങ്ങളും പൂർണ്ണമായ കഥാപാത്രങ്ങളും ആവശ്യപ്പെടുന്നുണ്ട്. എനിക്ക് എപ്പോഴും തോന്നുന്നത് ഒരു തരത്തിലും അർഥമില്ലാത്ത ഒരു കൂട്ടം സിനിമകൾ ചെയ്യുന്നതിനെക്കാൾ കുറച്ച് നല്ല സിനിമകളുടെ ഭാഗമാകുന്നതാണ് നല്ലത് എന്നതാണ്. സ്റ്റീരീയോടെെപ്പുകളെ ബ്രേക്ക് ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഒരേ കാര്യം ആവർത്തിക്കാൻ പാടില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു. കാരണം പ്രേക്ഷകർക്ക് അത് മടുപ്പുണ്ടാകും.
അതേസമയം ജീവിതത്തിലെ കഴിഞ്ഞു പോയ കാഠിന്യമേറിയ മൂന്ന് വർഷങ്ങളെക്കുറിച്ചും സമാന്ത എല്ലെ ഇന്ത്യയോട് തുറന്ന് സംസാരിച്ചു. എല്ലാവരുടെയും ജീവിതത്തിൽ അവർ മാറ്റാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും ഒരു കാര്യം ഉണ്ടാകുമെന്നും തന്റെ ജീവിതത്തിലെ കഴിഞ്ഞ മൂന്ന് വർഷങ്ങൾ അത്തരത്തിലുള്ളതായിരുന്നുവെന്നും സമാന്ത പറഞ്ഞു. മയോസ്റ്റൈറ്റിസ് രോഗബാധിതയാണ് താൻ എന്ന് കണ്ടെത്തിയതിനെ തുടർന്ന് സമാന്ത സിനിമയിൽ നിന്നും ഒരു വർഷത്തെ ഇടവേളയെടുത്തിരുന്നു. ശരീരത്തിലെ മസിലുകളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണല്‍ രോഗമാണ് മയോസ്റ്റൈറ്റിസ്. രോഗം കണ്ടെത്തിയതിന് ശേഷവും സിനിമയിൽ സജീവമായിരുന്ന സമാന്ത കഴിഞ്ഞ വർഷമാണ് തുടർ ചികിത്സയ്ക്കായി ഒരു വർഷത്തെ ഇടവേളയെടുത്തത്. എന്നാൽ ഇപ്പോൾ ആഗസ്റ്റിൽ ഷൂട്ട് ആരംഭിക്കുന്ന ചിത്രത്തിലൂടെ ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്താൻ ഒരുങ്ങുകയാണ് നടി.