ഒരിടവേളയ്ക്ക് ശേഷം ഹരികുമാര്‍ സംവിധാനം ചെയ്യുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യിലൂടെ സിനിമയിലേക്ക് മടങ്ങി എത്തുകയാണ് നടി ആന്‍ അഗസ്റ്റിയന്‍. വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിയെത്തും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നാണ് ആന്‍ പറയുന്നത്. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നുവെന്നും ആന്‍ പറയുന്നു. കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആന്‍ അഗസ്റ്റ്യന്റെ പ്രതികരണം.
'അഭിനയത്തിലേക്ക് തിരിച്ച് വരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. വീട്ടിലിരുന്ന് മടുത്തപ്പോഴാണ് ഞാനൊരു ആഡ് പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നത്. അടുത്തിടെയാണ് എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച് തുടങ്ങിയത്. അത് അങ്ങനെ സംഭവിച്ച് പോവുകയായിരുന്നു. സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എനിക്ക് താത്പര്യം ഇല്ലായിരുന്നു. പക്ഷെ ആ സമയത്ത് ഞാന്‍ അങ്ങനെ ചെയ്തു. എന്തുകൊണ്ടാണ് അത് ചെയ്തത് എന്ന് എനിക്ക് അറിയില്ല,' എന്നാണ് ആന്‍ പറഞ്ഞത്.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ ചിത്രീകരണം തുടങ്ങിയ ദിവസത്തെ കുറിച്ചും ആന്‍ സംസാരിച്ചു. എം മുകുന്ദന്റെ കഥ, ഹരികുമാര്‍ സാറിന്റെ സംവിധാനം, പിന്നെ സുരാജ് വെഞ്ഞാറമൂട്. ഈ മൂന്ന് പേരും ഒരുമിച്ച് വരുന്ന ഒരു സിനിമ വേണ്ടെന്ന് വെക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് ആന്‍ പറഞ്ഞത്. വീണ്ടും ക്യാമറയുടെ മുന്നില്‍ നിന്നപ്പോള്‍ വല്ലാതെ ഇമോഷണല്‍ ആയിരുന്നു. തന്റെ അമ്മയും ആന്റിയും ഒപ്പം ഉണ്ടായിരുന്നു. ആദ്യമായി സ്‌കൂളില്‍ പോകുന്ന പോലെയുള്ള പേടിയും മനസില്‍ ഉണ്ടായിരുന്നു. പക്ഷെ ഹരി സര്‍ മുതല്‍ സുരാജേട്ടന്‍ വരെയുള്ള എല്ലാവരും തന്നെ നന്നായി സഹായിച്ചുവെന്നും ആന്‍ വ്യക്തമാക്കി.
എം. മുകുന്ദന്റെ ചെറുകഥയായ 'ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ'യാണ് അതേ പേരില്‍ ഹരികുമാര്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സുരാജിന്റെ നായികയായാണ് ആന്‍ എത്തുന്നത്. രാധിക എന്നാണ് ആന്‍ അഗസ്റ്റ്യന്റെ കഥാപാത്രത്തിന്റെ പേര്.
മലയാളത്തില്‍ ശ്രീവിദ്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് അടുത്തതായി ആന്‍ അഭിനയിക്കാനിരിക്കുന്നത്. തമിഴില്‍ ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി ഒരുക്കുന്ന ചിത്രത്തിലും ആന്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.