പുതുമുഖ സംവിധായകര്‍ക്ക് പൈസ കൊടുക്കേണ്ടാത്തത് നല്ല കാര്യം, ആദ്യമേ ഇല്ലെന്ന് പറഞ്ഞാല്‍ മതി : അജു വര്‍ഗീസ്

പുതുമുഖ സംവിധായകര്‍ക്ക് പൈസ കൊടുക്കേണ്ടാത്തത് നല്ല കാര്യം, ആദ്യമേ ഇല്ലെന്ന് പറഞ്ഞാല്‍ മതി : അജു വര്‍ഗീസ്
Published on

പുതുമുഖ സംവിധായകര്‍ക്ക് പൈസ കൊടുക്കേണ്ടാത്തത് നല്ല കാര്യമായിട്ടാണ് തോന്നിയിട്ടുള്ളതെന്ന് നടനും നിര്‍മ്മാതാവുമായ അജു വര്‍ഗീസ്. ഒരു പുതിയ സംവിധായകന്റെ സിനിമ നിര്‍മിക്കാന്‍ തയ്യാറാണെങ്കില്‍ അവിടെ സിനിമയാണ് പ്രാധാന്യമെങ്കില്‍ പൈസ ചോദിക്കില്ല. ആദ്യം തന്നെ പൈസ കൊടുക്കുന്നില്ലെന്ന് പറയണം. അതിന് സമ്മതമാണെങ്കില്‍ മാത്രം സിനിമ ചെയ്യുക. അജു വര്‍ഗീസിന്റെ ഫണ്ടാസ്റ്റിക് ഫിലിംസ് നിര്‍മിച്ച 'പ്രകാശന്‍ പറക്കട്ടെ' എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അജുവിന്റെ പരാമര്‍ശം.

ധ്യാന്‍ ശ്രീനിവാസന്‍, വിശാഖ് സുബ്രഹ്‌മണ്യം, അജു വര്‍ഗീസ് എന്നിവരുടെ നിര്‍മാണ കമ്പനിയായ ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ഉദ്ദേശം പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുക എന്നതാണെന്ന് അഭിമുഖത്തില്‍ അജു വര്‍ഗീസ് പറഞ്ഞു. അതിനിടെ ധ്യാന്‍ ശ്രീനിവാസന്‍ കളിയാക്കിക്കൊണ്ട് 'പുതുമുഖ സംവിധായകര്‍ക്ക് പൈസ കൊടുക്കേണ്ട ആവശ്യമില്ല' എന്ന് പറഞ്ഞു. തുടര്‍ന്നാണ് അജു വര്‍ഗീസ് പുതുമുഖ സംവിധായകര്‍ക്ക് പൈസ കൊടുക്കേണ്ടാത്തത് നല്ല കാര്യമായിട്ടാണ് തോന്നിയിട്ടുള്ളതെന്ന് പറഞ്ഞത്.

അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും പറഞ്ഞത്:

അജു: ഞാന്‍, ധ്യാന്‍, വിശാഖ് ഉള്‍പ്പെടുന്ന ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ഉദ്ദേശം പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കുക എന്നതാണ്. ലൗ ആക്ഷന്‍ ചെയ്യുമ്പോള്‍ ധ്യാന്‍ പുതുമുഖ സംവിധായകനാണ്. സാജന്‍ ബാക്കറിയുടെയും പ്രകാശന്‍ പറക്കട്ടെയുടെയും പുതുമുഖ സംവിധായകരാണ്. പിന്നെ വിതരണം ചെയ്ത സിനിമകളും അങ്ങനെ തന്നെയായിരുന്നു.

ധ്യാന്‍: പിന്നെ പുതുമുഖ സംവിധായകര്‍ക്ക് പൈസ ഒന്നും കൊടുക്കണ്ട.

അജു: അത് നല്ലൊരു കാര്യമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം, ഞാനൊരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍, ശംഭു അത് നിര്‍മ്മിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ പൈസ ചോദിക്കില്ല. എനിക്ക് അവിടെ പ്രാധാന്യം സിനിമയാണെങ്കില്‍ ഞാന്‍ ചോദിക്കില്ല. പക്ഷെ ഞാന്‍ സിനിമ നിര്‍മിക്കുമ്പോള്‍ എനിക്ക് മുടക്ക് മുതല്‍ എങ്കിലും തിരിച്ചുകിട്ടണ്ടേ? പിന്നെ ഞാന്‍ നിര്‍മിക്കുമ്പോള്‍ സംവിധായകന് പൈസ കൊടുക്കുന്നില്ലെങ്കില്‍ അത് ഞാന്‍ ആദ്യം തന്നെ അയാളോട് പറയും. അതിന് സമ്മതം ആണെങ്കില്‍ മാത്രം മതി സിനിമ ചെയ്യുക. അത് സന്തോഷത്തോടെ വേണം ചെയ്യാന്‍. തയ്യാറല്ലെങ്കില്‍ എനിക്ക് കാശ് വരുന്ന സമയത്ത് സന്തോഷത്തോടെ ചെയ്യാം.

Related Stories

No stories found.
logo
The Cue
www.thecue.in