പ്രശസ്തിക്ക് നൽകേണ്ടി വരുന്ന വിലയാണ് സ്വകാര്യതയെന്ന് നടൻ വിക്രം. ഒരു നടൻ ആവുക എന്നത് പ്രയാസമുള്ള കാര്യമാണെങ്കിലും അതിനെക്കാൾ പ്രയാസമാണ് ഒരു ഐശ്വര്യ റായ് ആകുന്നതോ ഒരു രജിനികാന്ത് ആകുന്നതോ അല്ലെങ്കിൽ ഒരു അമിതാഭ് ബച്ചൻ ആകുന്നതോ എന്നും അവരുടെയെല്ലാം ജീവിതം നിരന്തരം ഒരു മൈക്രോസ്കോപ്പിന് താഴെയായിരിക്കുമെന്നും രൺവീർ അൽഹാബാദിയയുമായുള്ള അഭിമുഖത്തിൽ വിക്രം പറഞ്ഞു.
വിക്രം പറഞ്ഞത്:
ഒരു നടൻ ആവുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഒരു ഐശ്വര്യ റായ് ആകുന്നതോ ഒരു രജിനികാന്ത് ആകുന്നതോ അല്ലെങ്കിൽ ഒരു അമിതാഭ് ബച്ചൻ ആകുന്നതോ അതിനെക്കാൾ പ്രയാസമേറിയ കാര്യമാണ്, കാരണം അവർ നിരന്തരം ഒരു മൈക്രോസ്കോപ്പിന് താഴെയായിരിക്കും. നിങ്ങൾക്ക് നിരന്തരം മികച്ച് ചുവടുകൾ മാത്രം വയ്ക്കേണ്ടി വരും. പ്രത്യേകിച്ചും ഇപ്പോൾ എല്ലാവരുടെയും കയ്യിൽ ഫോണും ക്യാമറയും ഉണ്ട്, ഒരു ദിവസം മുഴുവൻ നിങ്ങൾ ഒരു മാലാഖയെപ്പോലെ പെരുമാറിയാലും ഒരു നിമിഷം ആരെയെങ്കിലും മാറ്റി നിർത്തി മുന്നോട്ട് നടന്നാൽ അപ്പോൾ പറയും കണ്ടോ അയാൾ എന്താണ് ചെയ്തത് എന്ന് നോക്കൂ എന്ന്. അത് വളരെ പരുഷമാണ്. ഫേക്ക് ചെയ്യാതെ ബോധപൂർവ്വമുള്ള ഇടപെടലുകൾ ഉണ്ടാവേണ്ടിവരും നിങ്ങളിൽ നിന്ന്. ഒരു ആക്ടർ ആകേണ്ടി വരുമ്പോൾ അതിന് നൽകേണ്ടി വരുന്ന വില വലുതാണ്. എന്നാൽ നിങ്ങൾക്ക് അതിൽ നിന്ന് ലഭിക്കുന്നതോ അതിനെക്കാൾ വലിയ കാര്യങ്ങളുമായിരിക്കും. നിങ്ങളോട് ഒരു അഭിനേതാവായിരിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലല്ലോ? നിങ്ങൾക്ക് നിങ്ങളുടെ സ്വകാര്യയുണ്ടാവാം, ഒറ്റയ്ക്ക് ഇരിക്കാം ആരും നിങ്ങളെ നോക്കില്ല. എന്നാൽ നിങ്ങൾക്ക് ഇത് വേണം അങ്ങനെ വരുമ്പോൾ ആ പ്രശസ്തിക്ക് നിങ്ങൾ കൊടുക്കേണ്ടി വരുന്ന വില ഇതാണ്. നിങ്ങൾക്ക് എതെങ്കിലും തരത്തിൽ അംഗീകാരം ലഭിക്കുമ്പോൾ അവിടെ നിങ്ങൾക്ക് ഇല്ലാതെയാകുന്നത് നിങ്ങളുടെ സ്വകാര്യതയാണ്.
ഞാൻ ഒറ്റയ്ക്കായിരിക്കുമ്പോൾ വളരെ ശാന്തനാണ്. പക്ഷേ എന്റെ കുടുംബത്തിനൊപ്പമാണ് ഞാൻ എങ്കിൽ ഞാൻ അസ്വസ്ഥനായിരിക്കും. അവരുടെ ചിത്രങ്ങൾ പുറത്ത് പോകുന്നത് എനിക്ക് ഇഷ്ടമല്ല, അവർക്ക് അവരുടേതായ ജീവിതമുണ്ട്. ഒരിക്കലെങ്കിലും അവരുടെ ചിത്രങ്ങൾ പുറത്തേക്ക് പോയാൽ പിന്നീട് അവർക്ക് പുറത്തേക്ക് ഇറങ്ങാൻ സാധിക്കില്ല. എന്റെ ഭാര്യ ഓട്ടോയിൽ സഞ്ചരിക്കുകയും എന്റെ കുട്ടികൾ എല്ലായിടത്തും പോവുകയും ചെയ്യുന്നവരാണ്. എന്നാൽ അവർ ആരാണ് എന്ന് ആർക്കും അറിയില്ല. ഞാൻ അവരോടൊപ്പമുള്ളപ്പോൾ ഞാൻ ചെയ്യുന്നത് എന്നെ ആരും ശ്രദ്ധിക്കാതിരിക്കാൻ ഞാൻ ശ്രമിക്കും എന്നതാണ്. ഞാൻ ഒറ്റയ്ക്കാണ് എങ്കിൽ സാധാരണ പോലെ ഞാൻ പോകും. എന്നാൽ കുടുംബത്തിനൊപ്പമാണെങ്കിൽ ആർക്കും കണ്ടുപിടിക്കാൻ സാധിക്കാത്ത രീതിയിൽ ഞാൻ മറഞ്ഞിരിക്കും. അങ്ങനെയാണ് ഞാൻ അതിനെ കൈകാര്യം ചെയ്യുന്നത്. വിക്രം പറഞ്ഞു.