‘ദുരാത്മാക്കളില്‍’ ഇവര്‍ക്ക് വിശ്വാസമുണ്ടോ?, ഇഷയില്‍ ഉത്തരമുണ്ടെന്ന് ജോസ് തോമസ്
ദുരാത്മാക്കളില്‍ മനുഷ്യര്‍ വിശ്വസിക്കുന്നുണ്ടോ, അത്തരം അനുഭവങ്ങള്‍ കെട്ടുകഥയാണോ. നിരവധി വമ്പന്‍ ഹിറ്റുകളൊരുക്കിയ ജോസ് തോമസ് പുതുതായി സംവിധാനം ചെയ്ത ഇഷ എന്ന സിനിമയുടെ പ്രീ റിലീസ് ട്രെയിലര്‍ സിനിമയിലെ രംഗങ്ങള്‍ അല്ല, പകരം സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള പ്രമുഖര്‍ പ്രേതം ഉണ്ടോ, ദുരാത്മാക്കളില്‍ വിശ്വാസമുണ്ടോ എന്ന് വിവരിക്കുകയാണ്. ജീവന്‍ പോയാലുള്ള മൃതശരീരമാണ് പ്രേതം എന്ന് സ്വാമി സന്ദീപാനന്ദഗിരി പറയുന്നു. മനുഷ്യനാണ് പ്രേതവും പിശാചുമെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. കിഷോര്‍ സത്യ കേന്ദ്രകഥാപാത്രമായി എത്തുന്ന 'ഇഷ' മലയാളത്തിലെ പതിവ് ഹൊറര്‍ സിനിമകളില്‍ നിന്ന് മാറി സഞ്ചരിക്കുന്നതായിരിക്കുമെന്നാണ് സംവിധായകന്‍ ജോസ് തോമസ് നല്‍കുന്ന ഉറപ്പ്.
പ്രേതം ഏതൊരാളെയും മഥിക്കുന്ന ശബ്ദമാണ്. പ്രേതം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാണ്, അത് ശബ്ദമാണ്, ശരീരത്തില്‍ നിന്ന് ജീവന്‍ പോയിക്കഴിഞ്ഞാല്‍ മൃതശരീരത്തെയാണ് പ്രേതം എന്ന് പറയുന്നത്
സന്ദീപാനന്ദ ഗിരി
മാട്ടുപ്പെട്ടി മച്ചാന്‍,ഉദയപുരം സുല്‍ത്താന്‍,മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ വിജയചിത്രങ്ങള്‍ക്ക് ശേഷം ഹ്യൂമ ര്‍ ട്രാക്കില്‍ നിന്ന് ഹൊറര്‍ ട്രാക്കിലേക്ക് ജോസ് തോമസ് ചുവടുമാറ്റുന്ന സിനിമയുമാണ് ഇഷ. പ്രേതത്തെയും പരേതാത്മക്കളെക്കുറിച്ചും തനിക്ക് ഒറ്റ അഭിപ്രായമേ ഉള്ളൂ അതാണ് ഇഷയെന്ന് ജോസ് തോമസ്. ജോസ് തോമസ് തന്നെയാണ് ഇഷയുടെ തിരക്കഥയും.
ഞാന്‍ പ്രേതത്തിനും പിശാചിനുമെല്ലാം എതിരാണ്. ഒരിക്കലും പ്രേതവും ഇല്ല പിശാചും ഇല്ല. മനുഷ്യനാണ് പ്രേതമായും പിശാചുമായി മാറുന്നത്.
മജീഷ്യന്‍ ഗോപിനാഥ് മുതുകാട്
പ്രേതത്തെ കാണുന്നുവെന്ന് പറയുന്നത് വാസ്തവമാണ്. ടൈം സ്ലിപ്പ് ആയിരിക്കാം. മരണാനന്തര ജീവിതം ഉണ്ടോ എന്നത് തര്‍ക്ക വിഷയമാണ്
ജോര്‍ജ്ജ് മാത്യു , ഹെഡ്, മനശാസ്ത്ര വിഭാഗംകേരളാ യൂണിവേഴ്‌സിറ്റി
എന്റെ തോന്നലില്‍, എന്നാണോ പ്രേതത്തെ കണ്‍മുന്നില്‍ കാണുന്നത് അന്ന് വിശ്വസിക്കാം
ശ്രീജ ശ്യാം, മാതൃഭൂമി ന്യൂസ്
കോടക്കാറ്റേ തരുമോ എന്ന് തുടങ്ങുന്ന ആദ്യഗാനം നേരത്തെ പുറത്തുവന്നിരുന്നു. ജോഫി തരകന്റെ വരികളിലാണ്. ജോനാഥന്‍ ബ്രൂസ് ആണ് സംഗീത സംവിധാനം. അഖിലയാണ് പാടിയിരിക്കുന്നത്.വില്ലന്‍-കാരക്ടര്‍ റോളുകളില്‍ തിളങ്ങിയ കിഷോര്‍ സത്യ ഇടവേളക്ക് ശേഷം നായക വേഷത്തിലെത്തുന്ന ചിത്രവുമാണ് ഇഷ. വിഷ്വല്‍ ഡ്രീംസ് ആണ് നിര്‍മ്മാണം. ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു ബംഗ്ലാവില്‍ അരങ്ങേറുന്ന അസ്വാഭാവിക സംഭവങ്ങളിലൂടെ മുന്നേറുന്നതാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. അഭിഷേക് വിനോദ്, മാസ്റ്റര്‍ അവനി, മാര്‍ഗരറ്റ് ആന്റണി എന്നിവരും പ്രധാന റോളുകളിലുണ്ട്.
ജോസ് തോമസിന്റെ സഹസംവിധായകനായി സിനിമയിലെത്തിയ കിഷോര്‍ സത്യ പിന്നീട് ശ്രദ്ധേയ കാരക്ടര്‍ റോളുകളിലേക്കും നായക കഥാപാത്രങ്ങളിലേക്കും മാറുകയായിരുന്നു. ഇംതിയാസ് മുനവര്‍ എന്ന പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററുടെ റോളിലാണ് കിഷോര്‍ സത്യ. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലാണ് ഈ കഥാപാത്രം.