'ഇരട്ട'യായി ജോജു സ്ക്രീനിലേക്ക്, നവാ​ഗതനായ രോഹിത് എം.ജിയുടെ ചിത്രം, നിർമ്മാതാവായി മാർട്ടിൻ പ്രക്കാട്ട്

'ഇരട്ട'യായി ജോജു സ്ക്രീനിലേക്ക്, നവാ​ഗതനായ രോഹിത് എം.ജിയുടെ ചിത്രം, നിർമ്മാതാവായി മാർട്ടിൻ പ്രക്കാട്ട്
Published on

ജോജു ജോർജ്ജ് ഡബിൾ റോളിലെത്തുന്ന ഇരട്ട എന്ന ചിത്രം ഫെബ്രുവരി 3ന് തിയറ്ററുകളിലേക്ക്. ഇരട്ടക്കുട്ടികളെ പോലെ എനിക്ക് പ്രിയപ്പെട്ട ചിത്രമെന്നാണ് ജോജു ജോർജ് സിനിമയെ വിശേഷിപ്പിച്ചത്. ഷെഹബാസ്‌ അമന്റെ ആലാപനത്തിൽ ഇരട്ടയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം റിലീസായിരുന്നു. ജോജു ജോർജ് പാടിയ 'എന്തിനാടി പൂങ്കുയിലേ' എന്ന പ്രൊമോ ഗാനത്തിന് ശേഷമാണ് ഇരട്ട സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കിയത്. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകിയപ്പോൾ പാടിയിരിക്കുന്നത് ഷെഹബാസ്‌ അമൻ ആണ്. അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന 'ഇരട്ട'യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്‍ണൻ ആണ്.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ്‌ , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

രോഹിത് എംജി കൃഷ്ണന്‍ ക്യു സ്റ്റുഡിയോയോട്

2017-18 കാലം മുതല്‍ തന്നെ 'ഇരട്ട'യുടെ ഡ്രാഫ്റ്റ് തിരക്കഥയുമായി പല നിര്‍മ്മാതാക്കളെയും സമീപിച്ചിരുന്നു. ഇതിനിടെയാണ് സിനിമാ പ്രാന്തന്റെ സാജിദ് യഹിയ സിനിമ നിര്‍മ്മിക്കാമെന്ന് പറയുന്നത്. ഇതോടെ, ആക്ടേഴ്‌സിനെ നോക്കി തുടങ്ങി. അങ്ങനെ ജോജു ജോര്‍ജിനോട് കഥപറയാന്‍ ഒരു ദിവസം നായാട്ടിന്റെ ലൊക്കേഷനിലുമെത്തി. അന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷബീറിനെ മാത്രമാണ് കാണാനായത്. ജോജു ചേട്ടന്‍ ഇപ്പോള്‍ ഒരുപാട് പൊലീസ് വേഷങ്ങള്‍ ചെയ്തുകഴിഞ്ഞു എന്നും, ഇനിയൊരു പൊലീസ് വേഷം ചെയ്യാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അന്ന് കഥ പറയാനാകാതെ മടങ്ങേണ്ടിവന്നു.

അതിനുശേഷം സാജിദ് യഹിയ വഴി തന്നെയാണ് ഇരട്ടയുടെ സ്‌ക്രിപ്റ്റ് ജോജു ജോര്‍ജിന് കൊടുക്കാന്‍ സാധിക്കുന്നത്. കൊവിഡിന്റെ തുടക്കകാലത്തായിരുന്നു ഇത്. സ്‌ക്രിപ്റ്റ് വായിച്ച അദ്ദേഹം സിനിമ ചെയ്യാമെന്നും പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും കൊവിഡും ലോക്ഡൗണുമെല്ലാം വന്ന് ചിത്രം നീണ്ടു. തുടര്‍ന്ന് 2022-ന്റെ തുടക്കത്തിലാണ് ചിത്രീകരണം ആരംഭിക്കാനാകുന്നത്. വളരെ ചെറിയ ഒരു പ്രോജക്ട് എന്ന നിലയിലാണ് 'ഇരട്ട' ആരംഭിക്കുന്നത്. അത് ജോജു ചേട്ടനിലേക്ക് എത്തിയപ്പോള്‍ അദ്ദേഹമാണ് ഇതൊരു ചെറിയ സിനിമയായി ചെയ്യേണ്ടതല്ല, വലിയ ക്യാന്‍വാസില്‍ വലിയ സിനിമയായി ചെയ്യേണ്ടതാണെന്ന് താത്പര്യം അറിയിക്കുന്നത്. അദ്ദേഹം തന്നെയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടുമൊന്നിച്ച് നിര്‍മ്മിക്കാന്‍ സന്നദ്ധതയറിയിച്ചതും അദ്ദേഹത്തെയും പ്രൊഡക്ഷന്റെ ഭാഗമാക്കിയതും.

ജോസഫിലും, ആക്ഷന്‍ ഹീറോ ബിജുവിലും, നായാട്ടിലുമായി പ്രേക്ഷകര്‍ കണ്ടിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായ, ജോജു ജോര്‍ജ് ഇതുവരെ ചെയ്യാത്ത പൊലീസ് വേഷമായിരിക്കും 'ഇരട്ട'യിലേത്. രണ്ട് ഇരട്ട സഹോദരന്മാര്‍ തമ്മിലെ വൈകാരിക ഇടപെടലുകളാണ് ചിത്രം സംസാരിക്കുന്നത്. ഇതില്‍ കൂടുതല്‍ എന്ത് പറഞ്ഞാലും സിനിമയുടെ സ്‌പോയിലറാവും. സിനിമയുടെ തുടക്കത്തില്‍ തന്നെ കഥ വെളിപ്പെടുത്തുന്നതിന് പകരം, ഓരോ ഘട്ടത്തിലും, ഓരോ കഥാപാത്രങ്ങളിലൂടെയും കഥാഗതിയുടെ ചുഴുളഴിച്ചെടുക്കുന്ന മേക്കിംഗാണ് ഈ ചിത്രത്തിനുള്ളത്. ആ അനുഭവം തിയറ്ററില്‍ നിന്ന് തന്നെ പ്രേക്ഷകന്‍ സ്വീകരിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in