കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ജാതി അധിക്ഷേപവും; സംവിധായകൻ അനീഷ് അൻവറിനെതിരെ ഉണ്ണി വ്ലോ​ഗ്സ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ജാതി അധിക്ഷേപവും; സംവിധായകൻ അനീഷ് അൻവറിനെതിരെ ഉണ്ണി വ്ലോ​ഗ്സ്
Published on

സിനിമാ റിവ്യൂ വീഡിയോക്ക് പിന്നാലെ യൂട്യൂബർക്ക് സംവിധായകനിൽ നിന്ന് തെറിവിളിയും വധഭീഷണിയുമെന്ന് പരാതി. യൂട്യൂബറും പോഡ്കാസ്റ്ററുമായ ഉണ്ണി വ്ലോ​ഗ്സിലെ ഉണ്ണിയാണ് രാസ്ത എന്ന ചിത്രത്തിന്റെ സംവിധായകൻ അനീഷ് അൻവറിനെതിരെ പൊലീസിനെ സമീപിച്ചിരിക്കുന്നത്. ജനുവരി അഞ്ചിന് റിലീസ് ചെയ്ത രാസ്ത എന്ന സിനിമയുടെ വീഡീയോ റിവ്യൂ തന്റെ യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്തതിന് പിന്നാലെ സംവിധായകൻ ഫോണിൽ വിളിച്ച് അസഭ്യപ്രയോ​ഗം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് ഉണ്ണി വ്ലോ​ഗ്സിന്റെ പരാതി. കൊച്ചി എളമക്കര പൊലീസ് സ്റ്റേഷനിൽ ഉണ്ണി അനീഷ് അൻവറിനെതിരെ പരാതി നൽകി. ഉണ്ണിയുടെ വീഡിയോയിലുള്ള പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യത്തിൽ വീഡിയോ പ്രതികരണം ഉടൻ പോസ്റ്റ് ചെയ്യുമെന്നും അനീഷ് അൻവർ ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

രാത്രി പത്ത് മണിക്കാണ് അനീഷ് അൻവർ എന്നെ വിളിക്കുന്നത്. മറ്റൊരു നമ്പറിൽ നിന്നും ഇതേ സമയം പലയാവർത്തി കോൾ വരുന്നുണ്ടായിരുന്നു. ഒന്നര മിനുട്ടോളം വരുന്ന കോളിൽ തെറിവിളിയും വധഭീഷണിയും നടത്തുകയായിരുന്നു. രണ്ടാം വട്ടം വിളിച്ചപ്പോഴാണ് കോൾ റെക്കോർഡ് ചെയ്തത്. ഇരുപത് മിനുട്ടോളം ദൈർഘ്യമുള്ള രണ്ട് കോളുകളിലായി വധഭീഷണി മുഴക്കുകയായിരുന്നുവെന്ന് ഉണ്ണി വ്ലോ​ഗ്സ് ക്യു സ്റ്റുഡിയോട് പ്രതികരിച്ചു.

ഉണ്ണി വ്ലോ​ഗ്സ് ക്യു സ്റ്റുഡിയോയോട്

നിന്നെ കൊന്ന് കഴിഞ്ഞാൽ എനിക്ക് വേണ്ടി കയ്യടിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഉണ്ടെന്നാണ് അനീഷ് അൻവർ ഫോൺ കോളിൽ പറഞ്ഞത്. സിനിമയെക്കുറിച്ചുള്ള അഭിപ്രായം അദ്ദേഹത്തിന് വിയോജിപ്പുള്ളതാണെങ്കിൽ പ്രതികരിക്കാൻ സംവിധായകൻ അനീഷ് അൻവറിന് പല വഴികളുണ്ട്. മുൻപ് പലരും സിനിമയെക്കുറിച്ച് വിയോജിപ്പ് പ്രകടിപ്പിച്ചതിന് പ്രതിഷേധവും എതിർപ്പും അറിയിച്ചിട്ടുണ്ട്. അതെല്ലാം മാന്യമായ രീതിയിലായിരുന്നു. എന്നാൽ അനീഷ് തുടർച്ചയായി വധഭീഷണി മുഴക്കുകയാണുണ്ടായത്. മാതൃത്വത്തിന്റെ മഹത്വം പ്രമേയമാക്കിയ സക്കറിയയുടെ ​ഗർഭിണികൾ പോലൊരു സിനിമ സംവിധാനം ചെയ്യുകയും അതിന് സംസ്ഥാന പുരസ്കാരം സ്വന്തമാക്കുകയും ചെയ്ത ആളാണ് എന്റെ അമ്മയെ അധിക്ഷേപിക്കുന്ന രീതിയിൽ അസഭ്യപ്രയോ​ഗം നടത്തിയത്. അമർഷത്തിന്റെ പുറത്തുള്ള സ്വാഭാവിക പ്രതികരണം അല്ല അനീഷിന്റേത്. കൊല്ലുമെന്ന് തുടർച്ചയായി ഭീഷണിപ്പെടുത്തുകയായിരുന്നു. എനിക്കെതിരെ ജാതി അധിക്ഷേപം നടത്തുക കൂടിയാണ് അനീഷ് അൻവർ ചെയ്തത്. ഞാൻ എസ് സി വിഭാ​ഗത്തിൽപ്പെട്ടയാളാണ്, ഞാൻ അക്കാര്യം പല വീഡിയോകളിലായും സോഷ്യൽ മീഡിയയിലും പരസ്യമായി പറഞ്ഞിട്ടുള്ളയാളാണ്. ഒരാളെ അസഭ്യം പറയുമ്പോൾ ജാതിപ്പേര് വിളിക്കുകയും ജാതി അധിക്ഷേപം നടത്തരുതെന്നും സ്ഥിരമായി പറയുന്നയാളാണ് ഞാൻ. ഈ രണ്ട് കാര്യങ്ങൾ ഉന്നയിച്ചാണ് ഞാൻ എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്.

ഉണ്ണി വ്ലോ​ഗ്സ് സമർപ്പിച്ച പരാതി
ഉണ്ണി വ്ലോ​ഗ്സ് സമർപ്പിച്ച പരാതി

അനീഷ് അൻവറിന്റെ പ്രതികരണം:

ഉണ്ണി വ്ലോ​ഗ്സിന്റെ കോൾ റെക്കോർഡ്സ് ഞാൻ കേട്ടു, അതിൽ ഞാൻ സംസാരിച്ചതിന്റെ ആദ്യ ഭാ​ഗം ഇല്ല. രാസ്ത റിലീസ് ചെയ്ത ദിവസമായ ഇന്നലെ അദ്ദേഹം യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ നിങ്ങളൊന്ന് കാണണം. ആ വീഡിയോയിലുള്ള എന്റെ പ്രതിഷേധം അറിയിക്കാൻ വേണ്ടിയാണ് ഞാൻ വിളിച്ചത്. അതിൽ സിനിമ അദ്ദേഹത്തിന് ഇഷ്ടമായില്ലെന്ന് മാത്രമല്ല, മ്യൂസികിനെക്കുറിച്ചും സിനിമാട്ടോ​ഗ്രഫിയെക്കുറിച്ചുമൊക്കെ മോശമായി പറയുന്നുണ്ട്. അത്തരത്തിലുള്ള കമന്റുകളൊന്നും എന്റെ അറിവിൽ ആ സിനിമയെക്കുറിച്ച് വന്നിട്ടില്ല. ഒന്നരവർഷത്തോളമുള്ള പ്രയത്നമാണ് സിനിമ. ആ വീഡിയോ റിവ്യൂവിന്റെ തുടക്കത്തിൽ രാസ്ത കാണാൻ മൂന്ന് പേർ മാത്രമേ തിയറ്ററിൽ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുന്നുണ്ട്, അത് തെറ്റാണ്. ഞാൻ ഡിസ്ട്രിബ്യൂഷൻ ടീമിനെയും തിയറ്ററിലുള്ളവരെയും വിളിച്ച് ഇക്കാര്യം ക്രോസ് ചെക്ക് ചെയ്തിരുന്നു. സിനിമക്കെതിരെ മനപൂർവം ചെയ്തതാണ് എന്നാണ് ഞാൻ മനസിലാക്കിയത്. പുള്ളി എന്നെ പ്രകോപിപ്പിച്ചതിനാണ് ഞാൻ പ്രതികരിച്ചത്. സിനിമാ നിരൂപണം നടത്തുന്ന ആൾ സിനിമ റിലീസ് ചെയ്ത ദിവസം തന്നെ ഇങ്ങനെ പറഞ്ഞതിലുള്ള പ്രതിഷേധമാണ് ഞാൻ രേഖപ്പെടുത്തിയത്. സാധാരണ ഒരാളല്ലല്ലോ, നിരൂപണം ചെയ്യുന്ന ആളല്ലേ?. അതിലുള്ള അസഭ്യ വാക്കുകൾ ഞാൻ അഡ്മിറ്റ് ചെയ്യുന്നു. എനിക്കുള്ള പ്രതിഷേധം അതേപടിയുണ്ട്. ഇക്കാര്യത്തിൽ എന്റെ വിശദീകരണം ഞാനൊരു വീഡിയോയായി പോസ്റ്റ് ചെയ്യാൻ ആലോചിക്കുന്നുണ്ട്. സക്കറിയയുടെ ​ഗർഭിണികൾക്ക് സംസ്ഥാന അവാർഡ് കിട്ടിയത്കൊണ്ട് എന്റെ സിനിമയെ കീറി മുറിച്ചയാളോട് പ്രതിഷേധിക്കാൻ പാടില്ലെന്നില്ലല്ലോ, ഞാൻ സംസാരിച്ച് തുടങ്ങിയ ഭാ​ഗം അയാൾ പുറത്ത് വിട്ടിട്ടില്ലല്ലോ.

Related Stories

No stories found.
logo
The Cue
www.thecue.in