ഓരോരുത്തരും ഓരോ ചോദ്യങ്ങളും, ഓരോരുത്തരും അവരവർക്കുള്ള മറുപടിയുമാണ് പറയുന്നത്, അത് നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ സാധിക്കില്ലെന്ന് മമ്മുട്ടി. സമീപകാലത്ത് ഇന്റർവ്യൂകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മമ്മുട്ടിയുടെ പ്രതികരണം. സാമാന്യ ധാരണയാണ് ആവശ്യമെന്നും, അതിൽ ചർച്ചകൾ നടക്കട്ടെയെന്നും മമ്മുട്ടി പറഞ്ഞു.
റോഷാക്ക് എന്ന പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ദോഹയിൽ നടന്ന പത്രസമ്മേളനത്തിലാണ് പ്രതികരണം. ഇന്റർവ്യൂകളുമായി ബന്ധപ്പെട്ട് സമീപകാലങ്ങളിലുണ്ടായ വിവാദങ്ങളിൽ, അത് ചോദ്യങ്ങളുടെ പ്രശ്നമായാണോ അതോ ഉത്തരങ്ങളുടെ പ്രശ്നമായാണോ ബോധ്യപ്പെട്ടിട്ടുള്ളത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോടാണ് മമ്മുട്ടി പ്രതികരിച്ചത്.
നമ്മൾ തമ്മിലുള്ള ചോദ്യോത്തരങ്ങൾക്ക് കുഴപ്പമില്ല. ഈ ചോദ്യത്തിനും വലിയ കുഴപ്പമില്ല, എന്റെ ഉത്തരത്തിനും വലിയ കുഴപ്പം വരാൻ സാധ്യതയില്ല. പക്ഷെ അതിനെകുറിച്ച് ചർച്ചചെയ്യാൻ പോയാൽ ഈ ഒരു ദിവസം പോരാതെ വരും. ഓരോരുത്തരും ഓരോ ചോദ്യങ്ങളും, ഓരോരുത്തരും അവരവർക്കുമുള്ള മറുപടിയുമാണ് പറയുന്നത്. അപ്പോൾ അതിനെ നമുക്ക് നിയന്ത്രിക്കാനോ, സെൻസർ ചെയ്യാനോ സാധിക്കില്ല. അതിനൊരു സാമാന്യ ധാരണയാണ് വേണ്ടത്. അതിൽ ചർച്ചകൾ നടക്കട്ടെ എന്നാണ് മമ്മുട്ടിയുടെ പ്രതികരണം.
കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമയാണ് റൊഷാക്ക്. ഒക്ടോബർ 7 ന് ചിത്രം തീയേറ്ററുകളിൽ എത്തും. മമ്മുട്ടികമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് റൊഷാക്ക്. ചിത്രത്തിന്റെ പേര് പോലെ ഒരു സൈക്കോളജിക്കല്‍ ത്രില്ലറായിരിക്കുമെന്നു ട്രെയിലർ സൂചന നൽകിയിരുന്നു. മമ്മുട്ടിക്കൊപ്പം, ഷറഫൂദ്ദീന്‍, ഗ്രേസ് ആന്റണി, കോട്ടയം നസീര്‍, ജഗദീഷ് , സഞ്ജു ശിവറാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
സമീര്‍ അബ്ദൂള്ള തിരക്കഥയൊരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് നിമിഷ് രവിയാണ്. എഡിറ്റിങ് കിരണ്‍ ദാസും സംഗീത സംവിധാനം മിഥുന്‍ മുകുന്ദനും കൈകാര്യം ചെയ്യുന്നു. സുപ്രീം സുന്ദറിന്റെ ആക്ഷൻ കൊറിയോഗ്രഫിയിൽ ഒരുങ്ങുന്ന ത്രില്ലെർ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.