53-ാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. 183 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്പാനിഷ് ചലച്ചിത്ര നിര്‍മ്മാതാവ് കാര്‍ലോസ് സൗറയുടെയും ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് ആശാ പരേഖിന്റെയും ചിത്രങ്ങള്‍ റെട്രോസ്പെക്റ്റിവ് വിഭാഗത്തില്‍ ഓപ്പണിങ് ചിത്രങ്ങളായി പ്രദര്‍ശിപ്പിക്കും. ഡിയറ്റര്‍ ബെര്‍നര്‍ സംവിധാനം ചെയ്ത ഓസ്ട്രിയന്‍ ചിത്രം 'അല്‍മ ആന്‍ഡ് ഓസ്‌ക്കര്‍' ഉദ്ഘാടനചിത്രവും ക്രിസ്‌തോഫ് സനൂസിയുടെ 'പെര്‍ഫെക്ട് നമ്പര്‍' മേളയുടെ സമാപന ചിത്രവുമായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റേ പുരസ്‌ക്കാരം ലോക ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനകള്‍ക്ക് സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്ക്ക് മേളയില്‍ സമ്മാനിക്കും. നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന മേളയില്‍ ഫ്രാന്‍സ് ആയിരിക്കും ഇത്തവണ ഫോക്കസ് രാജ്യം.
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കയും, മഹേഷ് നാരായണന്റെ അറിയിപ്പുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഫീച്ചര്‍ ചിത്രങ്ങളില്‍ തന്നെ ഈ വിഭാഗത്തില്‍ ആകെ 25 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. പ്രിയനന്ദനന്‍ ഇരുള ഭാഷയിലൊരുക്കിയ ചിത്രം ധബാരി ക്യുരുവിയും ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ അഖില്‍ ദേവ് സംവിധാനം ചെയ്ത 'വീട്ടിലേക്ക്', വിനോദ് മങ്കരയുടെ 'യാനം' എന്നിവയും പ്രദര്‍ശിപ്പിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ആകെ 15 ചിത്രങ്ങളാണെത്തുന്നത്. ദാരിയുഷ് മെഹര്‍ജുയിയുടെ 'എ മൈനര്‍', ആസിഫ് റുസ്തമോവിന്റെ 'കോള്‍ഡ് ആസ് മാര്‍ബിള്‍', വാലന്റീന മൗറലിന്റെ ' ഐ ഹാവ് ഇലക്ട്രിക്ക് ഡ്രീംസ്', കമലകണ്ണന്‍ എസ്സിന്റെ 'കുരങ്ങു പെഡല്‍', മഹാ ഹാജിന്റെ 'മെഡിറ്ററേനിയന്‍ ഫീവര്‍', സൗദഡെ കാഡന്റെ 'നെസൗഹ്', നാദര്‍ സായ്വര്‍ന്റെ 'നോ ഏന്‍ഡ്', ക്രിസ്‌തോഫ് സനൂസിയുടെ 'പെര്‍ഫെക്റ്റ് നമ്പര്‍', കാര്‍ലോസ് ഐഷല്‍മാന്‍ കൈസറിന്റെ 'റെഡ് ഷൂസ്', റോഡ്രിഗോ ഗുറേറോയുടെ 'സെവന്‍ ഡോഗ്‌സ്',വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയുടെ 'ദ കശ്മീര്‍ ഫയല്‍സ്', ഉര്‍സുല മെയറുടെ 'ദി ലൈന്‍', അരുണ ജയവര്‍ധനയുടെ 'ഓഷ്യന്‍ ഏഞ്ചല്‍', അനന്ത് നാരായണ്‍ മഹാദേവന്റെ 'ദി സ്റ്റോറി ടെല്ലര്‍', ലാവ് ഡിയസിന്റെ 'വെന്‍ ദി വേവ്‌സ് ആര്‍ ഗോണ്‍' എന്നിവയാണ് മത്സരത്തിനെത്തുന്നത്.
കണ്‍്ട്രി ഫോക്കസ് വിഭാഗത്തില്‍ ഫ്രാന്‍സില്‍ നിന്നുമുള്ള എട്ടു ചിത്രങ്ങളും, ഹോമേജ് വിഭാഗത്തില്‍ അഞ്ചു ചിത്രങ്ങളും, ഫെസ്റ്റിവല്‍ കലൈഡോസ്‌കോപ്പിയില്‍ പത്തൊമ്പത് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. സ്‌പെഷ്യല്‍ സെക്ഷനുകളില്‍, റെട്രോസ്പെക്റ്റിവ് വിഭാഗത്തില്‍ നാല് ഇന്ത്യന്‍ നായികമാരെ ആദരിക്കും. ഒപ്പം മണിപ്പൂരി സിനിമയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും നടക്കും. ഹോമേജ് വിഭാഗത്തില്‍ കെ പി എ സി ലളിതയും പ്രതാപ് പോത്തനും ഉള്‍പ്പെടെ 17 മണ്മറഞ്ഞ കലാകാരന്മാരെ മേളയില്‍ ആദരിക്കും.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലും ഗോവ സര്‍ക്കാരും ചേര്‍ന്നാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. 1952-ല്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഇന്ന് ഏഷ്യയിലെ തന്നെ പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായിമാറിയിട്ടുണ്ട്