'കാടല്ലേ... ജീവികളൊക്കെ കാണും' ; വീണ്ടും നായകവേഷത്തില്‍ ഇന്ദ്രന്‍സ്, ദുരൂഹതയുണര്‍ത്തി വാമനന്റെ സ്‌നീക്ക് പീക്ക്

'കാടല്ലേ... ജീവികളൊക്കെ കാണും' ; വീണ്ടും നായകവേഷത്തില്‍ ഇന്ദ്രന്‍സ്, ദുരൂഹതയുണര്‍ത്തി വാമനന്റെ സ്‌നീക്ക് പീക്ക്
Published on

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി എ ബി ബിനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തിറങ്ങി. ഇന്ദ്രന്‍സ് കുടുംബത്തോടൊപ്പം ജീപ്പില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ദുരൂഹത നിറഞ്ഞ രംഗമാണ് സ്‌നീക്ക് പീക്കില്‍ ഉള്ളത്. ചിത്രം ഈ മാസം 16 ന് തിയ്യേറ്ററുകളിലെത്തും.

കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന ദുരൂഹ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ക്യാംപസിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്നും അര്‍ദ്ധരാത്രി സ്ത്രീയുടെ നിലവിളി ശബ്ദം ഉയരുന്ന സംഭവം അന്ന് ഏറെ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു. പ്രസവവാര്‍ഡിന് സമീപമുള്ള ആളൊഴിഞ്ഞയിടത്തായിരുന്നു പൊളിഞ്ഞുവീഴാറായ കെട്ടിടം. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പേടിമൂലം പുറത്തിറങ്ങാന്‍ പോലും കഴിയാത്ത ദിവസങ്ങളായിരുന്നു തുടര്‍ന്നുണ്ടായത്. അധികൃതരുടെ പരാതിയേത്തുടര്‍ന്ന് പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ചുവട് പിടിച്ചാണ് സിനിമയുടെ തിരക്കഥ.

ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന വാമനന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ പറയുന്ന ചിത്രം ഹൊറര്‍ സൈക്കോ ത്രില്ലര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഹൈറേഞ്ചിലെ ഒരു റിസോര്‍ട്ടിലെ മാനേജരാണ് വാമനന്‍. അയാള്‍ വാങ്ങിയ പുതിയ വീട്ടിലേക്ക് കുടുംബസമേതം താമസം മാറുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.

ഇന്ദ്രന്‍സ്, സീമ ജി നായര്‍, ബൈജു, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു ആണ് ചിത്രത്തിന്റെ നിര്‍മാണം.

Related Stories

No stories found.
logo
The Cue
www.thecue.in