ഷാങ്ഹായ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ദ്രന്‍സ് റെഡ് കാര്‍പ്പറ്റില്‍, പുരസ്‌കാര പ്രതീക്ഷയില്‍ വെയില്‍മരങ്ങള്‍

ഷാങ്ഹായ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ദ്രന്‍സ് റെഡ് കാര്‍പ്പറ്റില്‍, പുരസ്‌കാര പ്രതീക്ഷയില്‍ വെയില്‍മരങ്ങള്‍

Published on
Summary

വിഖ്യാത ടര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ഗേ സെയാലിന്‍ ആണ് ഇത്തവണ ഗോള്‍ഡന്‍ ഗോബ്ളറ്റ് പുരസ്‌കാരങ്ങളുടെ ജൂറി ചെയര്‍മാന്‍.

ഷാങ്ഹായി ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ഗോബ്ളറ്റ് പുരസ്‌കാരത്തിനായുള്ള പ്രധാന മത്സര വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍. നായകനായ നടന്‍ ഇന്ദ്രന്‍സ് മേളയിലെത്തിയിട്ടുണ്ട്. ഇംഗ്‌ളീഷ് താരങ്ങളായ ടോം ഹിഡല്‍സ്റ്റണ്‍, നിക്കോളാസ് ഹൌള്‍ട്ട് ,മില്ല ജോവോവിച്ച് എന്നിവര്‍ക്കും മറ്റ് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള നടീ നടന്മാര്‍ക്കുമൊപ്പം ഇന്ദ്രന്‍സ് ഇന്ത്യയെ പ്രതിനിധീകരിച്ച് റെഡ് കാര്‍പ്പറ്റിലെത്തും. ഡോ. ബിജു രണ്ടാം തവണയാണ് പ്രധാന രാജ്യാന്തര ചലച്ചിത്രമേളകളില്‍ ഒന്നായ ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ സിനിമയുമായി എത്തുന്നത്. 2012 ല്‍ ആകാശത്തിന്റെ നിറത്തിനു ശേഷം 2019 ല്‍ ആണ് മറ്റൊരു ഇന്ത്യന്‍ ചിത്രം ഷാങ്ഹായിയില്‍ പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും. ഹിമാചലിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച വെയില്‍ മരങ്ങള്‍ വേള്‍ഡ് പ്രിമിയര്‍ കൂടെയാണ് ഷാങ്ങ് ഹായ് ഫെസ്റ്റിവലില്‍.

അഭിനേതാവ് എന്ന നിലയില്‍ ഇന്ദ്രന്‍സിന് രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍. വിഖ്യാത ടര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ഗേ സെയാലിന്‍ ആണ് ഇത്തവണ ഗോള്‍ഡന്‍ ഗോബ്ളറ്റ് പുരസ്‌കാരങ്ങളുടെ ജൂറി ചെയര്‍മാന്‍. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോളിയ , വിന്റെര്‍ സ്ലീപ് , വൈല്‍ഡ് പിയര്‍ ട്രീ തുടങ്ങിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളൊരുക്കിയ സംവിധായകനാണ് കേരളത്തിലും വലിയൊരു വിഭാഗം ആരാധകരുള്ള സെയ്‌ലാന്‍.

ഷാങ്ഹായ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ദ്രന്‍സ് റെഡ് കാര്‍പ്പറ്റില്‍, പുരസ്‌കാര പ്രതീക്ഷയില്‍ വെയില്‍മരങ്ങള്‍
ഉണ്ടയിലെ ബിജുകുമാര്‍ സാങ്കല്‍പ്പികമല്ല, ഏ ആര്‍ ക്യാമ്പില്‍ രതീഷ് നേരിട്ടതും വംശീയ അധിക്ഷേപം

ഷാങ്ഹായ് ഫിലിം പ്രോജക്ട് വിഭാഗം ജൂറി ചെയര്‍മാനായി ഹോങ്കോങ് സംവിധായകന്‍ വോങ് കാര്‍ വയ്, മാസ്റ്റര്‍ ക്ലാസ്സ് സെഷന് വേണ്ടി ഫിലിപ്പൈന്‍സ് സംവിധായകന്‍ ബ്രില്യന്റ് മെന്‍ഡോസാ, ആണ് എന്നിവരും മേളയിലുണ്ട്. ജാക്കി ചാന്റെ പേരിലുള്ള പ്രത്യേക ആക്ഷന്‍ സിനിമാ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങിനായി ജാക്കി ചാനും എത്തുന്നുണ്ട് .

112 രാജ്യങ്ങളില്‍ നിന്നുള്ള 3964 സിനിമകളില്‍ നിന്നാണ് 15 സിനിമകള്‍ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത് . ഇന്ത്യയില്‍ നിന്നും വെയില്‍ മരങ്ങള്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നായി 15 സിനിമകള്‍. ഷാങ്ഹായി ചലച്ചിത്ര മേളയില്‍ വിവിധ വിഭാഗങ്ങളിലായി 500 സിനിമകള്‍ ആണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത് . 48 തിയറ്ററുകളിലായാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് ജൂണ്‍ 15 മുതല്‍ 24 വരെയാണ് മേള. ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയാണ് ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍.

ഡോ. ബിജു, വെയില്‍ മരങ്ങളുടെ നിര്‍മാതാവ് ബേബി മാത്യു സോമതീരം, നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെ എന്നിവരും വെയില്‍ മരങ്ങളെ പ്രിതിനിധീകരിച്ച് സ്‌ക്രീനിംഗിന് എത്തിയിട്ടുണ്ട്.

സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരം നിര്‍മിച്ച വെയില്‍മരങ്ങള്‍ ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷന്‍ സിങ്ക് സൗണ്ട് ജയദേവന്‍ ചക്കാടത്ത്, സ്മിജിത് കുമാര്‍ പി.ബി., എഡിറ്റിങ് ഡേവിസ് മാനുവല്‍, സംഗീതം ബിജിബാല്‍, കലാസംവിധാനം ജോതിഷ് ശങ്കര്‍, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആര്‍.

logo
The Cue
www.thecue.in