'സ്മാര്‍ട്ട്‌ഫോണ്‍ മുതലാളിയാകാന്‍ ഞാനും ശ്രമിച്ചിരുന്നു, ഓരോ തവണയെടുക്കുമ്പോളും ഓരോ പ്രശ്‌നങ്ങള്‍'; ഇന്ദ്രന്‍സ്

'സ്മാര്‍ട്ട്‌ഫോണ്‍ മുതലാളിയാകാന്‍ ഞാനും ശ്രമിച്ചിരുന്നു, ഓരോ തവണയെടുക്കുമ്പോളും ഓരോ പ്രശ്‌നങ്ങള്‍'; ഇന്ദ്രന്‍സ്
Published on

ഒടിടി റിലീസായെത്തിയ ചിത്രം 'ഹോം' മികച്ച പ്രതികണമാണ് സ്വന്തമാക്കുന്നത്. ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ ഗൃഹനാഥന്‍ ഒലിവര്‍ ട്വിസ്റ്റിനെ പോലെ താനും സ്മാര്‍ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പറയുകയാണ് നടന്‍ ഇന്ദ്രന്‍സ്. സ്മാര്‍ട്ട് ഫോണ്‍ 'മുതലാളി'യാകാന്‍ താനും ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഒന്നും നടന്നില്ലെന്നുമാണ് ഇന്ദ്രന്‍സ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

'എന്റെ കയ്യിലുള്ളത് പഴയ മട്ടിലുള്ള കീപാഡ് ഫോണാണ്. സാംസങ്ങിന്റെ B350E എന്ന മോഡല്‍. ഒലിവറിനെ പോലെ സ്മാര്‍ട്ട്‌ഫോണ്‍ മുതലാളിയാകാന്‍ ഞാനും ഒന്നുരണ്ടു തവണ ശ്രമിച്ചിരുന്നു, പക്ഷേ നടന്നില്ല. മകനും മരുമകനും ചേര്‍ന്ന് പലവട്ടം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം പഠിപ്പിക്കാന്‍ നോക്കിയെങ്കിലും അതൊന്നും എന്റെ തലയില്‍ കയറിയില്ല.

ഓരോ തവണ ഫോണെടുക്കുമ്പോഴും എന്തെങ്കിലും പ്രശ്‌നമുണ്ടാകും. പിന്നെ അത് തീര്‍ക്കാന്‍ മക്കളുടെ സഹായം തേടണം, കുറെ കഴിഞ്ഞപ്പോള്‍ മടുത്തു. പഴയമട്ടിലുള്ള ഫോണിലേക്ക് തന്നെ മാറി. ആളുകളെ വിളിച്ച് സംസാരിക്കാനല്ലാതെ മെസേജ് അയക്കാന്‍ പോലും ഫോണ്‍ ഉപയോഗിക്കാറില്ല, പിന്നെന്തിനാണ് സ്മാര്‍ട്ട്‌ഫോണ്‍', ഇന്ദ്രന്‍സ് പറഞ്ഞു.

സിനിമ റിലീസായി ആദ്യമണിക്കൂറുകളില്‍ തന്നെ കോളുകള്‍ വരാന്‍ തുടങ്ങിയെന്നും ഇന്ദ്രന്‍സ്. 'മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പടം കണ്ട് വിളിക്കുന്നയാള്‍ ഫോണ്‍ ഭാര്യക്കും കുട്ടികള്‍ക്കും കൈമാറും. അവരോട് സംസാരിക്കുമ്പോഴേക്കും വേറെയും കോള്‍ വരും. ഒരാളുടെയും കോള്‍ എടുക്കാതെ പോകരുതെന്ന് നിര്‍ബന്ധമുണ്ട്. അതാണ് മകന്‍ മഹേന്ദ്രനെ പെട്ടെന്ന് വിളിച്ചുവരുത്തിയത്.'

മാലിക്കിലെ കഥാപാത്രത്തെ കുറിച്ച് നടന്‍ പറഞ്ഞതിങ്ങനെ, 'മാലിക്കില്‍ അവതരിപ്പിച്ച സി.ഐ.ജോര്‍ജ് സക്കറിയയുടെ സ്വഭാവം എനിക്ക് തന്നെ മനസിലായിട്ടില്ല. ആ കഥാപാത്രത്തിന്റെ ക്രെഡിറ്റ് സംവിധായകന്‍ മഹേഷ് നാരായണനാണ്. മാലിക് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഞാനൊക്കെ നന്നായിപോയല്ലോ എന്നാണ് മനസില്‍ ആദ്യമുയര്‍ന്ന തോന്നല്‍.'

Related Stories

No stories found.
logo
The Cue
www.thecue.in