അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്ത് സുകുമാരന്‍

അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്ത് സുകുമാരന്‍
Published on

ബോളിവുഡിലെ വിഖ്യാത സംവിധായകന്‍ അനുരാഗ് കശ്യപിന്റെ സിനിമയിലൂടെ ഇന്ദ്രജിത്ത് സുകുമാരന്‍ ഹിന്ദിയിലേക്ക്. ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം ഇന്ദ്രജിത്ത് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ്. അതിശയിപ്പിക്കുന്ന സംവിധായകനൊപ്പം തന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി എന്നാണ് ഇന്ദ്രജിത്ത് സുകുമാരന്‍ ചിത്രത്തോടൊപ്പം കുറിച്ചത്. തങ്ങള്‍ ഒരുമിച്ച് ചെയ്ത ഈ സിനിമ നേരില്‍ കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും നടന്‍ ഇതോടൊപ്പം കുറിച്ചു. അനുരാഗ് കശ്യപ് - ഇന്ദ്രജിത്ത് സുകുമാരന്‍ എന്നത് ഒരു അപൂര്‍വ്വ കോമ്പിനേഷന്‍ ആണെന്നാണ് കമന്റ് ബോക്‌സിലെ പ്രധാന പ്രതികരണം.

ഇന്ദ്രജിത്തിന്റെ ഈ പോസ്റ്റിന് നന്ദി അറിയിച്ചുകൊണ്ട് അനുരാഗ് കശ്യപ് കമന്റ് ചെയ്തിട്ടുണ്ട്. ഇന്ന് ബോളിവുഡില്‍ ഉള്ളവരേക്കാള്‍ നന്നായി ഇന്ദ്രജിത്ത് ഹിന്ദി പറയുന്നു എന്നാണ് സംവിധായകന്‍ കുറിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് ഗംഭീര നടന്‍ മാത്രമല്ലെന്നും നല്ലൊരു മനുഷ്യജീവിയാണെന്നും സംവിധായകന്റെ കമന്റിലുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. താങ്കളുടെ ഒപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അനുജനെ പോലെയാണ് തോന്നുന്നതെന്നും അനുരാഗ് കശ്യപ് മറുപടിയായി കുറിച്ചു. ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഈ പോസ്റ്റിനോട് പ്രതികരിക്കുന്നത്.

'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ആണ് ഇന്ദ്രജിത്തിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. മെയ് 10ന് തിയറ്ററിലെത്തിയ ചിത്രത്തിന് കാര്യമായ വിജയം നേടാനായില്ല. വിജയ് സേതുപതി നായകനായ മഹാരാജയില്‍ അനുരാഗ് കശ്യപ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഈ വര്‍ഷം ഇതുവരെ നെറ്റഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമയും 'മഹാരാജ'യാണ്. ജൂണ്‍ 14ന് തിയറ്ററിലെത്തിയ ചിത്രത്തില്‍ സെല്‍വം എന്ന പ്രതിനായക കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് അവതരിപ്പിച്ചത്. വിജയ് സേതുപതി അഭിനയിക്കുന്ന അമ്പതാമത്തെ ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ടായിരുന്നു. വിജയ് സേതുപതി നായകനായി 100 കോടി ക്ലബ്ബില്‍ എത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു മഹാരാജ. തമിഴ് നടന്‍ വിജയ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തിന് അഭിനന്ദങ്ങളുമായി എത്തിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 8 കോടി രൂപയാണ് ചിത്രം നേടിയത്.

Related Stories

No stories found.
logo
The Cue
www.thecue.in