ലോകപ്രശസ്ത വാരികയായ ദ എക്കണോമിസ്റ്റിൽ ഇടം പിടിച്ച് മലയാള സിനിമ. 2024 ലെ മലയാള സിനിമയുടെ നേട്ടങ്ങളും മലയാള സിനിമ ഇന്ത്യയിലെ തന്നെ മറ്റ് സിനിമവ്യവസായ മേഖലകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമായി നിലനിൽക്കുന്നു എന്നതിന്റെ കാരണങ്ങളുമാണ് വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം വിശദീകരിക്കുന്നത്. ലേഖനത്തിൽ മലയാള സിനിമയെ ഇന്ത്യയിലെ ഏറ്റവും ഉൽപ്പാദനക്ഷമമായ ചലച്ചിത്ര വ്യവസായം എന്നും വിശേഷിപ്പിക്കുന്നുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് സിനിമകളെക്കാൾ നേട്ടം മലയാള സിനിമയുണ്ടാക്കിയതിനെ കുറിച്ചും ലേഖനത്തിൽ പറയുന്നുണ്ട്. 3.5 കോടി ജനസംഖ്യയുള്ള കേരളത്തിൽനിന്ന് 2023 ൽ ഇരുന്നൂറോളം സിനിമകളാണ് പുറത്തിറങ്ങിയത്. 50 കോടിയോളം പേർ ഹിന്ദി സംസാരിക്കുന്ന ഇന്ത്യയിൽ ഇതേകാലയളവിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമകളുടെ എണ്ണവും ഇത്രതന്നെയാണ് എന്ന് എക്കണോമിസ്റ്റ് പറയുന്നു.
2024 ൽ മലയാളത്തിൽ നിന്നുള്ള മഞ്ഞുമ്മൽ ബോയ്‌സ് 240 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്. അതേസമയം ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ട് ചെയ്ത ഫൈറ്റർ എന്ന ചിത്രത്തിന് നിർമാണത്തിനായി ഇതേ ബഡ്ജറ്റിന്റെ 13 ശതമാനത്തിലധികമാണ് ചെലവായത് എന്ന് നിരീക്ഷിച്ച എക്കണോമിസ്റ്റ് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്ത് ഇന്ത്യൻ സിനിമകളിൽ മൂന്നെണ്ണം മലയാള സിനിമകളാണെന്നും ചൂണ്ടിക്കാട്ടി. ഒപ്പം ആടുജീവിതം, ഭ്രമയുഗം, ആവേശം തുടങ്ങി വിവിധ ഴോണറുകളിലും വിവിധ കഥാപശ്ചാത്തലത്തിലുമാണ് മലയാളത്തിലെ പണംവാരി ചിത്രങ്ങൾ എത്തിയതെന്നും എക്കണോമിസ്റ്റ് നിരീക്ഷിച്ചു.
വർഷങ്ങളായി മലയാളം സിനിമകൾ മലയാളി പ്രേക്ഷകരിലേക്ക് മാത്രമായി പരിമിതപ്പെടുന്ന സഹചര്യത്തിൽ നിന്നും ഇപ്പോൾ കൂടുതൽ പ്രേക്ഷകരിലേക്ക് മലയാള സിനിമകൾ എത്തുന്നുണ്ടെന്നും കൊവിഡ് സമയത്താണ് അത് കൂടുതലായി സംഭവിച്ചത് എന്നും എക്കണോമിസ്റ്റ് പറയുന്നു. പല സിനിമ വ്യവസായങ്ങളും മഹാഭാരതം പോലുള്ള ഹൈന്ദവ ഇതിഹാസങ്ങളിൽ നിന്നുള്ള കഥകളെ അടിസ്ഥാനമാക്കി സിനിമ എടുക്കുമ്പോൾ മോളിവുഡ് സിനിമ വ്യവസായം അത്തരം സിനിമകളിൽ നിന്ന് ഒഴിഞ്ഞു മാറിയിട്ടുണ്ട് എന്നും സാഹിത്യ-സാമൂഹിക പ്രസ്ഥാനങ്ങളാണ് മലയാള സിനിമയ്ക്ക് രൂപം നൽകിയത് എന്നും ലേഖനത്തിൽ പറയുന്നു. മലയാള സിനിമയുടെ ഈ വിജയം സൂക്ഷ്മമായ കഥകൾക്ക് വിശാലമായ പ്രേക്ഷകരെ കണ്ടെത്താനാകുമെന്നതിന്റെ സൂചനയാണ് എന്നും മാസ് മസാല സിനിമകളെ ഇന്ത്യൻ പ്രേക്ഷകർ ഉപേക്ഷിക്കില്ല എങ്കിലും കാലക്രമേണ, മലയാള സിനിമകൾ കൂടുതൽ സന്തുലിതമായ സിനിമാറ്റിക് ഡയറ്റിലേക്ക് സംഭാവന ചെയ്തേക്കാം എന്നും ലേഖനത്തിൽ പറയുന്നു.