1996 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമായിരുന്നു ഇന്ത്യൻ. 22 വർഷങ്ങൾക്ക് ശേഷം ഇരുവരും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി വീണ്ടും ഒന്നിക്കുകയാണ്. ചിത്രമിപ്പോൾ മൂന്ന് ഭാഗങ്ങൾ ആയി ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇൻഡ്യൻ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പൂർണമായും പൂർത്തിയായി എന്നാൽ ആറ് മണിക്കൂറിലേറെ വന്ന ഫൂട്ടേജ് കണ്ടതിന് ശേഷം ചിത്രം രണ്ടു ഭാഗങ്ങളായി പുറത്തിറക്കാൻ സംവിധായകൻ ശങ്കർ ഒരുങ്ങുകയാണെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു. മൂന്നാം ഭാഗത്തിന്റെ 75 ശതമാനത്തോളം ഇപ്പോൾ ഷൂട്ട് കഴിഞ്ഞെന്നും ഒരു വർഷത്തിന്റെ ഇടവേളയിൽ രണ്ടും മൂന്നും ഭാഗങ്ങൾ റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.
ചിത്രത്തിൽ നിരവധി സബ്പ്ലോട്ടുകൾ ഉണ്ട് അതിനാൽ ഒരു മൂന്നാം ഭാഗത്തിലൂടെ മാത്രമേ അവയുടെ അവസാനത്തിലേക്ക് എത്താൻ പറ്റുകയുള്ളു. ചിത്രം രണ്ടു ഭാഗങ്ങളായി പിരിച്ചതിന് ശേഷം അവയ്ക്ക് കൃത്യമായ തുടക്കവും, ഇടവേളയും, ക്ലൈമാക്സും ഉണ്ടാക്കാനായി എഴുത്തുകാരുമായി ചർച്ചയിലാണ് സംവിധായകൻ ശങ്കർ. റെഡ് ജയന്റ് മൂവീസും ലൈക്ക പ്രൊഡക്ഷന്സും ചേർന്നാണ് ഇന്ത്യൻ 2 നിർമിക്കുന്നത്. 2024 ഏപ്രിലിൽ ഇന്ത്യൻ 2 തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം 200 കോടി രൂപയ്ക്ക് വിറ്റു പോയെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന ചിത്രത്തിൽ ഡീ ഏജിങ്ങ് ടെക്നോളജി ഉപയോഗിക്കും എന്ന വാർത്തയും ഇതിനിടെ പുറത്തു വന്നിരുന്നു.
കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നവർ. ആർ. രത്നവേലു, രവിവർമൻ എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്. 'വിക്രം' എന്ന ചിത്രത്തിന് ശേഷം അനിരുദ്ധ് രവിചന്ദറും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2.