'റോക്കട്രി ദി നമ്പി ഇഫക്ട്' കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്; വേള്‍ഡ് പ്രീമിയര്‍ മെയ് 19ന്

'റോക്കട്രി ദി നമ്പി ഇഫക്ട്' കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്; വേള്‍ഡ് പ്രീമിയര്‍ മെയ് 19ന്
Published on

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ പദ്മഭൂഷണ്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയ 'റോക്കട്രി- ദ നമ്പി ഇഫക്ട്' കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. മെയ് 19ന് ആയിരിക്കും വേള്‍ഡ് പ്രീമിയറെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് അറിയിച്ചത്. ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വര്‍ഷം പിന്നിടുന്ന അവസരത്തില്‍, ഫിലിം ഫെസ്റ്റില്‍ ഇന്ത്യയ്ക്ക് 'കണ്‍ട്രി ഓഫ് ഓണര്‍' ബഹുമതി നല്‍കിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു രാജ്യത്തെ ആദരിക്കുന്നത്. ഇന്ത്യന്‍ സിനിമയെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് റോക്കട്രി- ദ നന്പി ഇഫക്ട് പ്രദര്‍ശനത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുത്തിരിക്കുന്നത്.

നടന്‍ ആര്‍. മാധവനാണ് ചിത്രത്തിന്റെ സംവിധായകന്‍. മാധവന്‍ തന്നെയാണ് നമ്പി നാരായണനായി അഭിനയിക്കുന്നതും. ജൂലൈ ഒന്നിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ച്ചേഴ്‌സും, ആര്‍. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27th ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടര്‍ന്ന് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചു? ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ അതെങ്ങനെ ബാധിച്ചു? അതാണ് ചിത്രം പറയുന്നത്. ശ്രീ.നമ്പി നാരായണന്റെ ആത്മകഥ -ഓര്‍മകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും സംവിധായകനുമായ ജി. പ്രജേഷ് സെന്‍ ആയിരുന്നു ചിത്രത്തിന്റെ കോ ഡയറക്ടര്‍.

വിവിധ ഭാഷകളില്‍ റോക്കട്രി റിലീസ് ചെയ്യുന്നുണ്ട്. ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിക്കുകയും മലയാളം, തെലുങ്ക് , കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തുന്നു. ഒരേ സമയം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും 'റോക്കട്രി- ദ നമ്പി ഇഫക്ട്.'

ചിത്രത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും, കോളിവുഡ് താരം സൂര്യയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിമ്രാനാണ് നായിക. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിലിസ് ലോഗന്‍, വിന്‍സന്റ് റിയോറ്റ, റോണ്‍ ഡൊനാഷേ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂര്‍, രവി രാഘവേന്ദ്ര , മിഷ ഖോഷല്‍, ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, തുടങ്ങിയ ബോളിവുഡ് താരങ്ങളും മലയാളി താരം ദിനേഷ് പ്രഭാകറും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യ, ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജോര്‍ജിയ, സെര്‍ബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പ്രമുഖ വിതരണ കമ്പനികളായ യുഎഫ്ഒ (UFO Moviez,) യാഷ് രാജ് ഫിലിംസ്, എജിഎസ് സിനിമാസ്, ഫാര്‍സ് ഫിലിംസ് എന്നിവരാണ് റോക്കട്രീ ഇന്ത്യയിലും, ലോകരാജ്യങ്ങളിലെ മറ്റ് തിയേറ്ററുകളിലും എത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in