'കാനിലെ ചലച്ചിത്ര പ്രവർത്തകരുടെ വിജയം അവരുടേത് മാത്രം'; ക്രെഡിറ്റ് എടുക്കാൻ മാത്രമാണ് ഇന്ത്യയ്ക്ക് താൽപര്യമെന്ന് അനുരാ​ഗ് കശ്യപ്

'കാനിലെ  ചലച്ചിത്ര പ്രവർത്തകരുടെ വിജയം അവരുടേത് മാത്രം'; ക്രെഡിറ്റ് എടുക്കാൻ മാത്രമാണ് ഇന്ത്യയ്ക്ക് താൽപര്യമെന്ന് അനുരാ​ഗ് കശ്യപ്
Published on

കാനിലുള്ള സ്വതന്ത്ര സംവിധായകരുടെ നേട്ടത്തെ ഇന്ത്യയുടെ നേട്ടമായി ലേബൽ ചെയ്യരുത് എന്ന് സംവിധായകൻ അനുരാ​ഗ് കശ്യപ്. കാനിലെത്തുന്ന തരം ചിത്രങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നില്ലെന്നും വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാൻ മാത്രമാണ് ഇന്ത്യയ്ക്ക് താൽപര്യമെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു. പായൽ കപാഡിയയ്ക്കെതിരെ കേസ് കൊടുത്ത എഫ്ടിഐഐയിലെ ഹെഡ് തന്നെയാണ് അവരുടെ വിജയത്തിന്റെ ആദ്യ ക്രെഡിറ്റ് എടുത്തത് എന്നത് തന്നെ ഏറ്റവും മോശമായ കാര്യമാണെന്നും അതുകൊണ്ട് തന്നെ കാനിലെ അവരുടെ നേട്ടം അവരുടേത് മാത്രമാണെന്നും പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുരാ​ഗ് കശ്യപ് പറഞ്ഞു.

അനുരാ​ഗ് കശ്യപ് പറഞ്ഞത്:

ഇന്ത്യയ്ക്ക് കാനിൽ ഒരു നിമിഷവും ഉണ്ടായിട്ടില്ല. അതിൽ ഒരു ചിത്രം പോലും ഇന്ത്യൻ അല്ല. കാനിലെത്തുന്ന തരത്തിലുള്ള ചിത്രങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നില്ല. പായൽ കപാഡിയയുടെ സിനിമ സംഭവിച്ചത് ഫ്രഞ്ച് ഫണ്ട് കൊണ്ടാണ്. ആ ചിത്രത്തിന് കൊടുക്കേണ്ടിയിരുന്ന സാമ്പത്തിക ഇളവ് പോലും ഇന്ത്യ ഇപ്പോഴും കൊടുത്തിട്ടില്ല. സന്ധ്യ സുരിയുടെ സിനിമയുടെ ഫണ്ടും യു.കെ ഫിലിം ലോട്ടറി ഫണ്ടിന്റേതാണ്. ഇന്ത്യയ്ക്ക് പല കാര്യങ്ങളുടെയും ക്രെഡിറ്റ് എടുക്കാനാണ് താൽപര്യം., അവർ ഇത്തരത്തിലുള്ള സിനിമകളെ പിന്തുണയ്ക്കുന്നില്ല. അവർ ആ സിനിമയുടെ റിലീസിനെപ്പോലും സപ്പോർ‌ട്ട് ചെയ്യുന്നില്ല. പായൽ കപാഡിയയുടെ മുമ്പത്തെ സിനിമയും കാനിൽ വിജയിച്ചതാണ്. എന്നിട്ട് എന്തുകൊണ്ട് അത് ഇന്ത്യയിൽ റിലീസ് ആയില്ല. ഓസ്കർ നോമിനേഷനുള്ള രണ്ട് ഡോക്യുമെന്ററീസ് നമുക്കുണ്ട് അത് ഇന്ത്യയിൽ റിലീസ് ചെയ്തിട്ടുണ്ടോ? അതുകൊണ്ട് തന്നെ ഇതിന്റെയൊക്കെ ക്രെഡിറ്റ് എടുക്കുന്നത് അവസാനിപ്പിക്കൂ. ഈ ഫേക്ക് സെലിബ്രേഷനും അവസാനിപ്പിക്കുക. നമ്മൾ ഒന്നും ചെയ്യുന്നില്ല. ഇനി ഈ സിനിമ തിയറ്ററിൽ റീലിസായാലോ ആരും കാണുകയുമില്ല, ഏറ്റവും മോശം കാര്യം എന്താണെന്ന് വച്ചാൽ അവർക്കെതിരെ കേസ് കൊടുത്ത, വിദ്യാർത്ഥികളെ ജയിലിലേക്ക് അയച്ച എഫ്ടിഐഐയുടെ ഹെഡാണ് ഈ വിജയത്തിന്റെ ആദ്യ ക്രെഡിറ്റ് എടുത്തത് എന്നതാണ്. എനിക്ക് അഭിമാനം തോന്നുന്നു ഞാൻ എഫ്ടിഐഐയുടെ ഹെഡായിരുന്നപ്പോഴുള്ള സ്റ്റുഡറ്റായിരുന്നു അത്. എന്നാണ് ​ഗജേന്ദ്ര ചൗഹാൻ പറഞ്ഞത്. അയാൾ തന്നെയാണ് അവർക്കെതിരെ കേസ് കൊടുത്തത്. ഇതാണ് ഇന്ത്യ. എനിക്ക് ഇത് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. പക്ഷേ ഇന്ത്യ@കാൻ എന്ന് പറയുമ്പോൾ ഞാൻ വളരെ അസ്വസ്ഥനാണ്. ഒരുപാട് സ്വതന്ത്ര സംവിധായകർക്ക് ഇത് ഒരു ഉത്തേജനമാണ്. പക്ഷേ അവരുടെ വിജയം അവരുടേത് മാത്രമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in