സേനാപതിയുടെ രണ്ടാം വരവ് ഉപേക്ഷിച്ചോ? , ഇന്ത്യന്‍ 2 ബജറ്റ് 200 കോടിയായി കുറച്ചോ?, കമല്‍ഹാസന്‍ സിനിമയ്ക്ക് സംഭവിച്ചത്

സേനാപതിയുടെ രണ്ടാം വരവ് ഉപേക്ഷിച്ചോ? , ഇന്ത്യന്‍ 2 ബജറ്റ് 200 കോടിയായി കുറച്ചോ?, കമല്‍ഹാസന്‍ സിനിമയ്ക്ക് സംഭവിച്ചത്
Published on

കമല്‍ഹാസന്റെ സമീപകാലത്ത് പ്രഖ്യാപിക്കപ്പെട്ട ഏറ്റവും പ്രധാന പ്രൊജക്ട് ആയിരുന്നു ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ടു. 400 കോടി മുതല്‍ മുടക്കില്‍ കോളിവുഡിലെ മുന്‍നിര ബാനര്‍ ലൈക്ക പ്രൊഡക്ഷന്‍സാണ് ഇന്ത്യന്‍ ടു പ്രഖ്യാപിച്ചത്. കൊവിഡ് ലോക്ക് ഡൗണിന് പിന്നാലെ ഷൂട്ടിംഗ് നിര്‍ത്തിവച്ചതിന് പിന്നാലെ സിനിമ ഉപേക്ഷിക്കപ്പെട്ടതായി അഭ്യൂഹങ്ങളുണ്ടായി.

കമല്‍ഹാസനെ നായകനാക്കി ഇത്രയും വലിയ ബജറ്റ് ചിത്രം മുന്നോട്ട് കൊണ്ടുപോകുന്നതിലെ റിസ്‌കും കൊവിഡും പരിഗണിച്ച് സിനിമ ഉപേക്ഷിച്ചെന്നായിരുന്നു വാര്‍ത്തകള്‍. ബജറ്റ് 200 കോടിയായി വെട്ടിച്ചുരുക്കാനുള്ള തീരുമാനം സംവിധായകന്‍ ഷങ്കര്‍ അംഗീകരിക്കാത്തത് നിര്‍മ്മാണക്കമ്പനിയുമായുള്ള ശീതസമരത്തിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. കമല്‍ഹാസന്‍ കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരസ്യമായി രംഗത്തുവന്നത് നിര്‍മ്മാതാക്കളെ പിന്തിരിയാന്‍ പ്രേരിപ്പിച്ചെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അജിത് നായകനായ പുതിയ സിനിമയിലേക്ക് ഷങ്കര്‍ പ്രവേശിച്ചതായും ഇന്ത്യന്‍ ടു പൂര്‍ത്തിയാക്കാന്‍ പുതിയ കമ്പനിയെ ഷങ്കര്‍ സമീപിച്ചെന്നും വാര്‍ത്തകള്‍ വന്നു. സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളോടെ ഇന്ത്യന്‍ ടു പുനരാരംഭിക്കുന്നതില്‍ ലൈക്കയുടെ നിലപാട് വ്യക്തമാക്കണെന്നാവശ്യപ്പെട്ട് ഷങ്കര്‍ കത്തയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 400 കോടി ബജറ്റില്‍ നിന്ന് 220 കോടിയിലേക്ക് ഷങ്കര്‍ ബജറ്റ് ചുരുക്കിയെങ്കില്‍ നിര്‍മ്മാതാക്കള്‍ ഇനിയും ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും ഇവരുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാദങ്ങളില്‍ ലൈക്ക പ്രതികരിച്ചിട്ടില്ല.

ബിഗ് ബോസ് പുതിയ സീസണും ഫോട്ടോ ഷൂട്ടുകളുമായി കമല്‍ ഹാസന്‍ ചിത്രീകരണത്തിലേക്ക് സജീവമായ സാഹചര്യത്തില്‍ എത്രയും വേഗം സിനിമ തീര്‍ക്കണമെന്നാണ് ഷങ്കറിന്റെ നിലപാട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ അഭിനയിക്കുന്ന അടുത്ത ചിത്രം ഇന്ത്യന്‍ ടു പൂര്‍ത്തിയാക്കിയതിന് പിന്നാലെ തുടങ്ങാനാണ് ആലോചന. ഇന്ത്യന്‍ ടു അനിശ്ചിതമായി നീണ്ടാല്‍ ഈ ചിത്രത്തിലേക്ക് കമല്‍ കടക്കുമെന്നുമറിയുന്നു. ഇടവേള ഉള്‍പ്പെടെ അറുപത് ശതമാനം ഭാഗങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ഇന്ത്യന്‍ ടു രാഷ്ട്രീയ സ്വഭാവമുള്ള ചിത്രമായതിനാല്‍ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രേക്ഷകരിലെത്തിക്കാനായിരുന്നു കമലിന്റെ ആലോചന.

സിനിമ ഉപേക്ഷിക്കപ്പെട്ടെന്ന രീതിയില്‍ പ്രചരിക്കുന്നത് അഭ്യൂഹമാണെന്നും 500ലധികം ആളുകള്‍ ചിത്രീകരണത്തിന് വേണ്ടതിനാല്‍ തുടര്‍ചിത്രീകരണം വൈകുന്നതാണെന്നും ലൈക്ക സിഒഒ പി കണ്ണന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. കമല്‍ഹാസനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നതായി ലൈക്ക വ്യക്തമാക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാംഭാഗമാണ് ഇന്ത്യന്‍ ടു. ഷങ്കറിനൊപ്പം ജയമോഹനും രചനാ പങ്കാളിയാണ്. രവിവര്‍മ്മനാണ് ക്യാമറ. സേനാപതിയായി കമലിന്റെ രണ്ടാം വരവിന് ആരാധകരും കാത്തിരിപ്പിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in