ഇന്ത്യന്‍ ഭരണഘടന ശില്‍പി ഡോ.ബി ആര്‍ അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് സംഗീത സംവിധായകന്‍ ഇളയരാജ. 'അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍' എന്ന പുസ്തകത്തിന്റെ ആമുഖ കുറിപ്പിലാണ് ഇളയരാജ ഇരുവരെയും താരതമ്യം ചെയ്തിരിക്കുന്നത്.
ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുത്തലാഖ് നിരോധനം, ബേട്ടി ബചാവോ ബേടി പഠാവോ എന്നിവയിലൂടെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ശ്രമിക്കുന്ന മോദിയെ കുറിച്ച് അംബേദ്കര്‍ അഭിമാനിക്കുന്നുണ്ടാകുമെന്നാണ് ഇളയരാജ് കുറിച്ചത്.
ഇളയരാജയുടെ ആമുഖ കുറിപ്പ്:
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആര്‍. അംബേദ്കറും തമ്മിലുള്ള ശ്രദ്ധേയമായ ചില സാദൃശ്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് അംബേദ്കറും മോദിയും. ഇരുവരും പട്ടിണിയും അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇരുവരും പ്രവര്‍ത്തിക്കുകയും ചെയ്തു.
ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി വലിയ സ്വപ്നങ്ങള്‍ കണ്ടവരാണ്. എന്നാല്‍ ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു. സമൂഹത്തിന്റെ മാറ്റത്തിനായും സ്ത്രീകളുടെ ഉന്നമനത്തിനായും കൊണ്ടുവന്ന മുത്തലാഖ് നിരോധനം, ബേട്ടി ബചാവോ ബേടി പഠാവോ തുടങ്ങിയവയിലൂടെ അംബേദ്കര്‍ മോദിയെക്കുറിച്ച് അഭിമാക്കുന്നുണ്ടാകും.
അതേസമയം, മോദിയെയും അംബേദ്കറിനെയും താരതമ്യം ചെയ്തതിന് ഇളയരാജയെ വിമര്‍ശിച്ച് ഡി.എം.കെ. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. അംബേദ്കര് വര്‍ണവിവേചനവും മനു ധര്‍മവും അടിച്ചമര്‍ത്തിയ ദളിതരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തയാണ്. എന്നാല്‍ മോദി മനു ധര്‍മ്മ വാദിയാണെന്നാണ് ഡി.എം.കെ. നേതാവ് ഡി.എസ്.കെ. ഇളങ്കോവന്‍ പറഞ്ഞത്.