നിഷിദ്ധോയും ആവാസ വ്യൂഹവും മത്സര വിഭാഗത്തില്‍, ഐഎഫ്എഫ്‌കെ മലയാള സിനിമകള്‍

നിഷിദ്ധോയും ആവാസ വ്യൂഹവും മത്സര വിഭാഗത്തില്‍, ഐഎഫ്എഫ്‌കെ മലയാള സിനിമകള്‍
Published on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 26ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേയ്ക്കുള്ള സിനിമകള്‍ തിരഞ്ഞെടുത്തു. 'മലയാളം സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ നിന്നും നിഷിദ്ധോ, ആവാസ വ്യൂഹം എന്നീ സിനിമകളാണ് തിരിഞ്ഞെടുത്തിരിക്കുന്നത്. നായാട്ട്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്നീ ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങളാണ് 'മലയാളം സിനിമ ഇന്ന്' എന്നീ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സംവിധായകന്‍ ശ്രീ. ഹരികുമാര്‍ ചെയര്‍മാനും ശ്രീ. ഇ സന്തോഷ് കുമാര്‍, ശ്രീമതി. മിറിയം ജോസഫ്, ശ്രീ. സജിന്‍ ബാബു, ശ്രീ. ഡോണ്‍ പാലത്തറ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തെരഞ്ഞെടുത്തത്.

'ഇന്ത്യന്‍ സിനിമ നൗ' എന്ന വിഭാഗത്തില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് കൂഴങ്കല്‍, I'm Not The River Jhelum എന്നീ സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു. 9 സിനിമകളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. ശ്രീ. മധുപാല്‍ ചെയര്‍മാനും ശ്രീമതി. നന്ദിനി രാംനാഥ്, ഡോ. സി. എസ്. വെങ്കിടേശ്വരന്‍, ശ്രീ. രാമചന്ദ്ര പി.എന്‍, ശ്രീ. സന്തോഷ് മണ്ടൂര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഇന്ത്യന്‍ സിനിമകള്‍ തെരഞ്ഞെടുത്തത്.

താര രാമാനുജനാണ് നിഷിദ്ധോ എന്ന ചിത്രത്തിന്റെ സംവിധായിക. കൃഷ്ന്ത് ആര്‍ കെയാണ് ആവാസ വ്യൂഹം സംവിധാനം ചെയ്തത്. തമിഴ് ചിത്രമായ കൂഴങ്കല്ലിന്റെ സംവിധായകന്‍ വിനോത് രാജ് പി എസാണ്. 2022 ഓസ്‌കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ കൂടിയാണ് കൂഴങ്കല്‍. പ്രഭാഷ് ചന്ദ്രയാണ് I'm Not The River Jhelum സംവിധാനം ചെയ്തത്. ഹിന്ദി, കശ്മീരി എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in