ഐ.എഫ്.എഫ്.കെ മലയാളം സിനിമാ റ്റുഡേ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട സിനിമകള്‍ എല്ലാം ചലച്ചിത്ര അക്കാദമി സെലക്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചതാണെന്ന കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിൽ പ്രതികരിച്ച് സംവിധായകൻ ഷിജു ബാലഗോപാലൻ. തന്റെ സിനിമ അക്കാദമി ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ നൂറ് ശതമാനം അത് അനലറ്റിക്സിൽ കാണിക്കും. എന്നാൽ തിരുവനന്തപുരത്ത് നിന്നും സീറോ ഡൗൺലോഡാണെന്നും ഷിജു ബാലഗോപാലൻ പറയുന്നു. തന്റെ സിനിമ സെലക്ട് ചെയ്യപ്പെടാത്തതല്ല വിഷയം, സെലക്ട് ചെയ്യാനുള്ള ഏറ്റവും പ്രാധമികമായ കാര്യം എന്ന് പറയുന്നത് അത് കാണുക എന്നുള്ളതാണ്. അത് ലംഘിക്കപ്പെട്ടു എന്നതാണ് വിഷയം. രജിസ്റ്ററിൽ ഒപ്പിടണമെങ്കിൽ ഇന്ന് ഒപ്പിടണമെന്ന് വിചാരിച്ചാലും നടക്കും. എങ്ങനെയാണ് അവർ അത് ഡൗൺലോഡ് ചെയ്തത് എന്ന് അറിയാൻ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാം, അല്ല മറ്റൊരു രീതിയിലാണ് അവർ അത് ഡൗൺലോഡ് ചെയ്തിരുന്നത് എങ്കിൽ അത് ഇല്ലീഗലാണ്. അത് വേറെ കേസാണെന്നും ഷിജു ബാലഗോപാലൻ ദി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഷിജു ബാലഗോപാലന്റെ വാക്കുകൾ :
അക്കാദമി നൽകിയിരിക്കുന്ന വിശദീകരണത്തിൽ ഡൗൺലോഡ് ചെയ്തു കണ്ടു എന്നാണ് പറയുന്നത്. ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ അത് വിമിയോയുടെ അനലറ്റിക്സിൽ അതും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. തിരുവനന്തപുരത്ത് നിന്നും സീറോ ഡൗൺലോഡാണ്. ഞാൻ നൂറ് ശതമാനം പറയുന്നു ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അനലറ്റിക്സിൽ കാണിക്കും. എന്റെ സിനിമ തെരഞ്ഞെടുക്കാത്തതിൽ എനിക്ക് വിഷമമില്ല അത് ഒരു ജൂറിയുടെ തീരുമാനമാണ്. എന്റെ സിനിമ സെലക്ട് ചെയ്യപ്പെടാത്തതല്ല വിഷയം, എന്നെപ്പോലെ തന്നെ പണിയെടുത്തിട്ടുള്ള ആളുകളുടെ സിനിമയായിരിക്കും സെലക്ട് ചെയ്തിട്ടുണ്ടാവുക. പക്ഷേ ഇത് സെലക്ട് ചെയ്യാനുള്ള ഏറ്റവും പ്രാധമികമായ കാര്യം എന്ന് പറയുന്നത് അത് കാണുക എന്നുള്ളതാണ്. അത് ലംഘിക്കപ്പെട്ടു എന്നതാണ് വിഷയം. രജിസ്റ്ററിൽ നമുക്ക് ഒപ്പിടണമെങ്കിൽ ഇന്ന് ഒപ്പിടണമെന്ന് വിചാരിച്ചാൽ നടക്കുന്ന കാര്യമല്ലേ? ഒരു ആറ് മാസം കഴിഞ്ഞാണ് ഈ പരാതി വരുന്നത് എന്ന് വിചാരിക്കുക അപ്പോൾ വേണമെങ്കിലും രജിസ്റ്ററിൽ അവർക്ക് ഒപ്പിടാമല്ലോ? ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാം വേണമെങ്കിൽ. അപ്പോൾ അറിയാമല്ലോ എങ്ങനെയാണ് അവർ അത് ഡൗൺലോഡ് ചെയ്തത് എന്ന്, അല്ല മറ്റൊരു രീതിയിലാണ് അവർ അത് ഡൗൺലോഡ് ചെയ്തിരുന്നത് എങ്കിൽ അത് ഇല്ലീഗലാണ്. അത് വേറെ കേസാണ്. ഞാൻ അഞ്ച് ഫെസ്റ്റിവലിലേക്ക് സിനിമ അയച്ചു. അതിൽ ഒരെണ്ണത്തിന് മാത്രമേ ഡൗൺലോഡ് ചെയ്ത് കാണണമെന്ന് പറഞ്ഞിട്ടുള്ളൂ. അവർ പറഞ്ഞത് പോലെ തന്നെ കൃത്യമായിട്ട് അവർ അത് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിലേക്ക് ഞാൻ അയച്ചിരുന്നു അവരും കണ്ടിട്ടുണ്ട്. കൊൽക്കത്തയിലേക്ക് അയച്ചത് മൂന്ന് തവണ അവർ കണ്ടിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രമാണ് സീറോ എന്ന് കണ്ടത്. ഡൗൺലോഡ് അനലറ്റിക്സും സീറോയാണ്. അപ്പോൾ എങ്ങൻെ ഡൗൺലോഡ് ചെയ്തു എന്ന് വ്യക്തമാക്കാനുള്ള ബാധ്യത അക്കാദമിക്ക് ഉണ്ട്.
ഷിജു ബാലഗോപാലൻ സംവിധാനം ചെയ്ത 'എറാൻ' (The man who always obeys) എന്ന ചിത്രം ഐഎഫ്എഫ്കെയുടെ പ്രദർശനത്തിന് പരിഗണിക്കുന്നതിനായി എല്ലാ ചട്ടങ്ങളും പാലിച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം സെപ്റ്റംബർ 10ന് സമർപ്പിച്ചിരുന്നു. എന്നാൽ ജൂറി ഒരു സെക്കന്റ് പോലും സിനിമ കണ്ടില്ലെന്നും ഷിജു ബാലഗോപാലൻ പറയുന്നു.വീഡിയോ ഷെയറിംഗ് സർവീസ് പ്ലാറ്റ്ഫോമായ വിയമോയുടെ അനലറ്റിക്സ് പ്രകാരം വിഡിയോ ഒരു സെക്കന്റ് പോലും പ്ലേ ചെയ്തിട്ടില്ലെന്നുള്ളതിന്റെ തെളിവും ഷിജു തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. എന്നാൽ സമര്‍പ്പിക്കപ്പെട്ട സിനിമകള്‍ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷന്‍ കമ്മിറ്റിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചനാണെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വിശദീകരവുമായി എത്തി. ഓണ്‍ലൈന്‍ സ്‌ക്രീനറുകളും ഗൂഗിള്‍ ഡ്രൈവ് ലിങ്കുകളുമാണ് എന്‍ട്രികളായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്തതിനുശേഷമാണ് പ്രദര്‍ശിപ്പിച്ചത്. ഓണ്‍ലൈനായി സിനിമകള്‍ സ്ട്രീം ചെയ്യുമ്പോള്‍ പലപ്പോഴും ബഫറിംഗ് സംഭവിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാനാണ് പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്. ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ അക്കാദമി ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ സ്‌ക്രീനര്‍ അനലറ്റിക്‌സിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിവരം അറിയാന്‍ കഴിയില്ലെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫേസ്ബുക്കിൽ കുറിച്ചു. മലയാള സിനിമാ വിഭാഗത്തിലെ എന്‍ട്രിയുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ അക്കാദമിയില്‍ വന്ന് ഇതു സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാവുന്നതാണെന്നും അതിനു പുറമെ, പ്രസ്തുത ചിത്രങ്ങള്‍ കണ്ടു എന്ന് ഓരോ സെലക്ഷന്‍ കമ്മിറ്റി അംഗവും ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ രജിസ്റ്ററും പരിശോധിക്കാവുന്നതാണെന്നും ചലച്ചിത്ര അക്കാദമി ഫേസ്ബുക്കിൽ കുറിച്ചു.