സോഷ്യൽ മീഡിയയിലടക്കം തന്നെ ബലിയാടാക്കി ആക്രമണം നടന്നപ്പോൾ ആരും പിന്തുണച്ചില്ല; വിടവാങ്ങൽ പ്രസംഗത്തിൽ വികാരഭരിതനായി ഇടവേള ബാബു

സോഷ്യൽ മീഡിയയിലടക്കം തന്നെ ബലിയാടാക്കി ആക്രമണം നടന്നപ്പോൾ ആരും പിന്തുണച്ചില്ല; വിടവാങ്ങൽ പ്രസംഗത്തിൽ വികാരഭരിതനായി ഇടവേള ബാബു
Published on

സോഷ്യൽ മീഡിയയിലടക്കം തന്നെ ബലിയാടാക്കി ആക്രമണം നടനപ്പോൾ അമ്മ സംഘടനയിലെ ആരും തന്നെ പിന്തുണച്ചില്ല എന്ന് സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി ഇടവേള ബാബു. അമ്മയിലെ 25 വർഷക്കാലം എന്നത് ചെറിയൊരു കാലയളവല്ലെന്നും ഒരുപാട് പ്രതിസന്ധികളും പ്രതിബന്ധങ്ങളും അതിലേറെ സോഷ്യൽ മീഡിയയുടെ ആക്രമണങ്ങളും അടക്കം വളരെ സംഭവ ബഹുലമായ 25 വർഷങ്ങളായിരുന്നു അത് എന്നും ഇടവേള ബാബു പറയുന്നു. അമ്മയുടെ പ്രശ്നങ്ങൾ തന്റെ വ്യക്തിപരമായ പ്രശ്നങ്ങളായി മാറാൻ തുടങ്ങിയപ്പോഴാണ് ഇവിടെ നിന്നും ഒരു മാറ്റം വേണം എന്ന് താൻ ആലോചിക്കുന്നത് എന്നും താൻ അടക്കമുള്ളവർ ഈ സ്ഥാനത്ത് ഇരിക്കുന്നത് തങ്ങൾക്ക് എല്ലാവർക്കും വേണ്ടിയാണ് എന്ന് പറഞ്ഞ ബാബു തനിക്ക് കിട്ടാതെ പോയ പിന്തുണ അടുത്ത ഭരണ സമിതിയിലെ ഭാരവാഹികൾക്കെങ്കിലും നൽകണമെന്നും അഭ്യർത്ഥിച്ചു. ഒപ്പം സംഘടനയിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചിലർ തനിക്ക് 'പെയ്ഡ് സെക്രട്ടറി' എന്ന അലങ്കാരം ചാർത്തിത്തന്നതായും അദ്ദേഹം വിടവാങ്ങൽ പ്രസംഗത്തിൽ വികാരഭരിതനായി പറഞ്ഞു.

ഇടവേള ബാബു പറഞ്ഞത്:

ഞാൻ വളരെ ആലോചിച്ചു പറയുന്നത് ശരിയാണോ തെറ്റാണോ എന്ന്. തെറ്റില്ല എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് ഞാൻ അതിലേക്ക് കടക്കുന്നത്, പലരും എന്നോട് ചോദിച്ചു എന്ത് കൊണ്ട് ബാബു ഈ സ്ഥാനത്ത് നിന്നും പിന്മാറുന്നു എന്ന്. 25 വർഷക്കാലം എന്നത് ചെറിയൊരു കാലയളവല്ല. ഒരുപാട് പ്രതിസന്ധികളും പ്രതിബന്ധങ്ങളും അതിലേറെ സോഷ്യൽ മീഡിയയുടെ ആക്രമണങ്ങളും നമ്മുടെ അം​ഗത്വത്തിൽ നിന്ന് രാജി വച്ചു പോയവരുടെ പ്രതിഷേധങ്ങളും അടക്കം വളരെ സംഭവ ബഹുലമായ 25 വർഷങ്ങളായിരുന്നു അത്. ഇതിനിടെ വേദനിപ്പിക്കുന്ന കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും അത്ര കാര്യമാക്കാത്ത ആളാണ് ഞാൻ. ഞാൻ ഇതിനെ ഒരു ജോലിയായിട്ട് ഈ നിമിഷം വരെ കണ്ടിട്ടില്ല. ഒരു പാഷനായിട്ടാണ് ഞാൻ ഇതിനെ കണ്ടത്. ഞാൻ എനിക്ക് സംതൃപ്തി തരുന്ന തരത്തിലാണ് ഈ ജോലി കൊണ്ടു പോയിട്ടുള്ളത്. അതിൽ എതിരഭിപ്രായം ഒക്കെ ഉണ്ടായിരിക്കും. പക്ഷേ ഭൂരിപക്ഷത്തിന്റെ ഒരു വിശ്വാസം എന്നിൽ ഉണ്ടായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അമ്മയുടെ പ്രശ്നങ്ങൾ എന്റെ വ്യക്തിപരമായ പ്രശ്നങ്ങളായി മാറാൻ തുടങ്ങിയപ്പോഴാണ് ഇവിടെ നിന്നും ഒരു മാറ്റം വേണം എന്ന് ഞാൻ ആലോചിച്ചത്. അറിഞ്ഞോ അറിയാതെയോ പലർക്കും സംശയമുണ്ടാവും ഇടവേള ബാബു ആ കസേരയിൽ തുങ്ങിപ്പിടിച്ച് ഇരിക്കുകയാണ് എന്ന്. അങ്ങനെ തോന്നലുള്ള ഒരു വിഭാ​ഗമുണ്ട്. ലാലേട്ടൻ മുമ്പ് ഒരു ജനറൽ ബോഡിയിൽ പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മൾ ഈ കസേരയിൽ ഇരിക്കുന്നത് നമുക്ക് എല്ലാവർക്കും വേണ്ടിയിട്ടാണ് എന്ന്. നമ്മളെ ബലിയാടാക്കി കൊണ്ട് സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കുമ്പോൾ നമ്മളിൽ നിന്നും ഒരാൾ പോലും അതിന് മറുപടി പറയാൻ തയ്യാറായില്ല. എനിക്ക് അതിന് മറുപടി പറയാൻ വലിയ ലിമിറ്റേഷനുകൾ ഉണ്ട്. എന്നെ കുറ്റം പറയുമ്പോൾ ഞാൻ തന്നെ കിടന്ന് ബഹളം കൂട്ടിയിട്ട് കാര്യമില്ല,. എനിക്ക് ആ സഹായം കിട്ടിയിട്ടില്ല എന്ന് ഞാൻ പൂർണ്ണമായിട്ടും വിശ്വസിക്കുന്ന ആളാണ്. അതുകൊണ്ട് ഇനിയുള്ള ഭരണ സമിതിയിലെ ഭാരവാഹികൾക്കെങ്കിലും ആ ദുരാനുഭവം ഉണ്ടാകരുത്. അങ്ങനെ ഒരാളെ കോണർ ചെയ്ത് ആക്രമിക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രതികരിക്കണം. നിങ്ങൾക്കാണ് പ്രതികരിക്കാനുള്ള ശക്തിയുള്ളത്. അതാണ് നമ്മളെ സ്ഥാനം വഹിക്കാൻ കൂടുതൽ പ്രേരിപ്പിക്കുന്നത്. അതുണ്ടായില്ല എന്ന വിഷമം ഞാൻ പറയാതെ മാറ്റി വച്ചിട്ട് കാര്യമില്ല.

തനിക്ക് ശമ്പളം തരണമെന്ന് ആദ്യം പറഞ്ഞത് ജഗതി ശ്രീകുമാറാണ്. എന്നാൽ അന്ന് അത് ആരും കേട്ടില്ല എന്നും. പിന്നീട് ഒൻപത് വർഷം മുൻപാണ് 30,000 രൂപ അലവൻസ് കിട്ടിത്തുടങ്ങിയത് എന്നും സ്ഥാനമൊഴിയുമ്പോൾ അത് 50,000 രൂപ ആയിട്ടുണ്ട് എന്നും ഇടവേള ബാബു പറഞ്ഞു. എന്നാൽ അതിലെ പതിനായിരം രൂപ മാത്രമാണ് എടുക്കാറുള്ളത് ബാക്കിയുള്ളത് ഡ്രൈവർക്കും ഫ്ലാറ്റിനുമാണ്. ആദ്യതവണ ജനറൽ സെക്രട്ടറിയായപ്പോൾ 36 ലക്ഷം രൂപയും രണ്ടാംവട്ടം ഒരുകോടിയും നീക്കിയിരിപ്പുണ്ടാക്കി. സ്ഥാനമൊഴിയുന്നത് സംഘടനയ്ക്ക് ആറരക്കോടി രൂപ ബാക്കിവെച്ചുകൊണ്ടാണ് എന്നും ഇടവേള ബാബു പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in