'പുനീതിന്റെ സാമൂഹ്യ സേവനം ഇനിയും തുടരും'; 1800 കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുത്ത് വിശാല്‍

'പുനീതിന്റെ സാമൂഹ്യ സേവനം ഇനിയും തുടരും'; 1800 കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുത്ത് വിശാല്‍
Published on

അന്തരിച്ച കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ വിദ്യാഭ്യാസ ചിലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍പഠനം ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍. പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ മേഖലയുടെ മാത്രം നഷ്ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്ടമാണെന്ന് വിശാല്‍ പറഞ്ഞു. എനിമി സിനിമയുടെ പ്രീ റിലീസ് ചടങ്ങില്‍ വെച്ചാണ് വിശാല്‍ 1800 കുട്ടികളുടെ തുടര്‍പഠനം ഏറ്റെടുക്കുമെന്ന് അറിയിച്ചത്.

വിശാല്‍ പറഞ്ഞത്: 'പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍ഡസ്ട്രിയുടെ മാത്രം നഷ്ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാന്‍ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുന്നു. അദ്ദേഹത്തിനായി അവരുടെ വിദ്യാഭ്യാസം ഞാന്‍ ഏറ്റെടുക്കും. പുനീത് നല്ലൊരു നടന്‍ മാത്രമല്ല, സുഹൃത്ത് കൂടിയായിരുന്നു. സൂപ്പര്‍സ്റ്റാറുകളില്‍ ഇത്രയും വിനയം വച്ചുപുലര്‍ത്തുന്ന മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. ഞാനും അതു തുടരും.'

കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടനായും വിജയ നായകനായി തുടരുന്നതിനിടയിലാണ് പുനീത് രാജ്കുമാറിന്റെ അകാല വിയോഗം. പ്രശസ്ത നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍. ബാലതാരമായാണ് സിനിമാ പ്രവേശം. ബെട്ടാഡ ഹൂവിലെ അപ്പു എന്ന കഥാപാത്രത്തിന് പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

അപ്പു, അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, റാം, ജാക്കീ, ഹുഡുഗരു, രാജകുമാര തുടങ്ങിയവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. നടന്‍, അവതാരകന്‍, പിന്നണി ഗായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലും ശ്രദ്ധേയനായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in