നമുക്കൊന്നിച്ച് ഒരു തമിഴ് സിനിമ ചെയ്ത് അത് തെലുങ്കിൽ ഡബ്ബ് ചെയ്യാം സാർ; വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള ആ​ഗ്രഹം പറഞ്ഞ് ജൂനിയർ എൻടിആർ

നമുക്കൊന്നിച്ച് ഒരു തമിഴ് സിനിമ ചെയ്ത് അത് തെലുങ്കിൽ ഡബ്ബ് ചെയ്യാം സാർ; വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള ആ​ഗ്രഹം പറഞ്ഞ് ജൂനിയർ എൻടിആർ
Published on

വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള ആ​ഗ്രഹം പരസ്യമായി തുറന്ന് പറ‍ഞ്ഞ് തെലുങ്ക് താരം ജൂനിയർ എൻടി ആർ. തന്റെ ദേവര എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചെന്നൈയിലെ പരിപാടിയിൽ പങ്കെടുക്കവേയാണ് തന്റെ ഇഷ്ട സംവിധായകൻ വെട്രിമാരൻ ആണെന്നും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്നും ജൂനിയർ എൻടിആർ വെളിപ്പെടുത്തിയത്. ഒരു തമിഴ് ചിത്രത്തിൽ എപ്പോഴാണ് നിങ്ങളെ കാണാൻ സാധിക്കുക എന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം ഭാഷകൾ കൊണ്ട് വ്യത്യസ്തരാണെങ്കിലും സിനിമ എന്ന ഒറ്റ മാധ്യമത്തിൽ എല്ലാവരും ഒന്നാണെന്നും അതിൽ വിഭജനം ഇല്ലെന്നും പ്രസ്സ് മീറ്റിൽ ജൂനിയർ എൻടി ആർ പറഞ്ഞു.

ജൂനിയർ എൻടിആർ പറഞ്ഞത്:

നമ്മൾ ഭാഷകൊണ്ട് വിഭജിക്കപ്പെട്ടിരിക്കാം പക്ഷേ ബാഹുബലിക്ക് ശേഷം സിനിമയിൽ ആ വിഭജനം ഇല്ല. കോളിവുഡോ സാൻഡൽവുഡോ, ടോളിവുഡോ, ബോളിവുഡോ ഇനി ഇല്ല. നമ്മൾ വ്യത്യസ്ത തരം ഭാഷ സംസാരിക്കുന്നു എന്ന് മാത്രമേയുള്ളൂ. പക്ഷേ സിനിമ എന്ന ഒറ്റ വാക്കിൽ നമ്മൾ എല്ലാവരും ഒന്നാണ്. നമ്മൾ പരസ്പരം ഭിന്നിക്കപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ് ഈ സിനിമകളുടെയെല്ലാം ബോക്സ് ഓഫീസ് വിജയങ്ങൾ തെളിയിക്കുന്നത്. ചൈന്നെ എല്ലായ്പ്പോഴും തെലുങ്ക് സിനിമയുടെ ചവിട്ടുപടിയായിരുന്നു. മുഴുവൻ ഇൻഡസ്ട്രിയും ഇവിടെയാണ് നിലനിന്നത്.

അതേ സമയം എപ്പോഴാണ് ഇനി തമിഴിൽ ഒരു സിനിമ ചെയ്യുക എന്ന അവതാരകയുടെ ചോദ്യത്തിന് എന്റെ ഏറ്റവും പ്രിയപ്പെട്ട തമിഴ് സംവിധായകനോടാണ് തനിക്ക് അത് ആവശ്യപ്പെടാനുള്ളതെന്ന് എൻടി ആർ പറഞ്ഞു. വെട്രിമാരൻ സാർ നിങ്ങൾ എനിക്കൊപ്പം ഒരു സിനിമ ചെയ്യൂ. നേരിട്ട് ഒരുമിച്ച് ഒരു തമിഴ് സിനിമ ചെയ്യാം സാർ. ശേഷം അത് തെലങ്കിൽ ഡബ്ബ് ചെയ്യാം. ജൂനിയർ എൻടിആർ പറഞ്ഞു.

സംവിധായകൻ കൊരട്ടാല ശിവയും എൻ.ടി.ആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ദേവര. ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമൂരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. ചിത്രം സെപ്റ്റംബര്‍ 27-ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in