തനിക്ക് കാതൽ വളരെയേറെ ഇഷ്ടപ്പെട്ടെന്നും മമ്മൂട്ടിക്ക ഏറ്റവും മനോഹരമായി അഭിനയിച്ച സിനിമയാണതെന്ന് നടൻ മോഹൻലാൽ. അങ്ങനെയൊരു സിനിമ നിങ്ങൾ ചെയ്യുമോയെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാൻ പറ്റില്ല. കാരണം അങ്ങനത്തെ ഒരു സിനിമ നമ്മുടെ അടുത്ത് വരണം, അങ്ങനെ വരുമ്പോൾ ഒരു നടനെ സംബന്ധിച്ചിടത്തോളം അതൊരു ചാലഞ്ച് ആണെന്നും മോഹൻലാൽ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മോഹൻലാൽ പറഞ്ഞത് :
ഞാൻ അദ്ദേഹത്തിന്റെ സിനിമ കണ്ടിരുന്നു, എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട സിനിമയാണ് കാതൽ. മമ്മൂട്ടിക്ക ഏറ്റവും മനോഹരമായി അഭിനയിച്ച സിനിമയാണത്. അങ്ങനെയൊരു സിനിമ നിങ്ങൾ ചെയ്യുമോയെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാൻ പറ്റില്ല. കാരണം അങ്ങനത്തെ ഒരു സിനിമ നമ്മുടെ അടുത്ത് വരണം, അങ്ങനെ വരുമ്പോൾ ഒരു നടനെ സംബന്ധിച്ചിടത്തോളം അതൊരു ചാലഞ്ച് ആണ്. അങ്ങനെ ചെയ്യാൻ പാടില്ലെന്ന് ഒന്നുമില്ല. ഇവിടെയാണല്ലോ അങ്ങനത്തെ കാര്യങ്ങളൊക്കെ ഉള്ളത് പുറത്തൊക്കെ പോയി സിനിമകൾ കണ്ട് കഴിഞ്ഞാൽ അങ്ങനത്തെ സിനിമകളൊന്നും ഇവിടെ ചെയ്യാൻ പറ്റില്ല. പക്ഷെ പറ്റും എന്ന് തെളിയിച്ച സിനിമകളാണ് ഇവയൊക്കെ. സിനിമയിലുള്ള മാറ്റങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് പ്രേക്ഷകർ അത് സ്വീകരിക്കുന്നത്.
ജിയോ ബേബി സംവിധാനം ചെയ്ത കാതലിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ചിത്രത്തിൽ മാത്യുവിന്റെ ഭാര്യ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ നിരവധി പ്രേക്ഷകപ്രശംസ ലഭിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ , ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അലക്സ് അലിസ്റ്റർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.