താൻ മലൈക്കോട്ടൈ വാലിബൻ കണ്ടെന്നും ചിത്രം വളരെയധികം ഇഷ്ടപ്പെട്ടെന്നും സംവിധായകൻ അനുരാഗ് കശ്യപ്. താൻ കേട്ടത് ആ സിനിമയെ എല്ലാവരും താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയാണ് എന്നാണ്. മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ താൻ പ്രതീക്ഷിക്കുന്നത് അങ്കമാലി ഡയറീസോ, ഈ മ യൗവോ അല്ല, മലൈക്കോട്ടൈ വാലിബൻ മാത്രം ആണ്. അതിൽ ലിജോ എന്താണ് പുതിയതായി ചെയ്തിരിക്കുന്നതെന്നും. മോഹൻലാൽ എങ്ങനെയാണ് ആക്ഷൻ സീനുകൾ ചെയ്തിരിക്കുന്നതെന്ന് കാണാനാണ് ഞാൻ പോകുന്നത്. ഞങ്ങൾ പ്രതീക്ഷിച്ച മോഹൻലാലും ലിജോയും ഇതല്ല എന്ന് പറയുമ്പോൾ ആ എക്സ്പെക്റ്റേഷന് കാരണം മോഹൻലാലോ ലിജോയോ അല്ല അത് നിങ്ങൾ പ്രേക്ഷകർ തന്നെയാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അനുരാഗ്.
അനുരാഗ് കശ്യപ് പറഞ്ഞത് :
ഇന്നത്തെ കാലത്ത് ഞാൻ ഫിലിം ക്രിട്ടിസിസം വളരെ സീരിയസ് ആയി എടുക്കാറില്ല കാരണം ഇന്ന് എല്ലാവരും ക്രിട്ടിക്സ് ആണ്. ജനങ്ങൾ അവരുടെ അഭിപ്രായം പറയുന്നതിൽ എനിക്ക് എതിർപ്പില്ല. നെഗറ്റീവ് ക്രിട്ടിസിസത്തിന് ഒരു നല്ല സിനിമയെ നശിപ്പിക്കാൻ കഴിയില്ല. അടുത്തിടെ ഞാൻ കണ്ട ഒരു സിനിമയുണ്ട്, അതിൻ്റെ ധൈര്യം കൊണ്ടും, പുതിയതായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നു എന്ന കാരണത്താലും എനിക്ക് ഇഷ്ട്ടപ്പെട്ടു. വളരെ വ്യത്യസ്തമായ ഒരു സിനിമയാണത്. മലൈക്കോട്ടൈ വാലിബനെന്നാണ് ആ സിനിമയുടെ പേര്. ഞാൻ കേട്ടത് ആ സിനിമയെ എല്ലാവരും താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയാണ് എന്നാണ്. ഞാൻ ആ സിനിമ കണ്ടു, എനിക്ക് വളരെയധികം ഇഷ്ട്ടമായി. ഞാൻ ഒരു സ്റ്റാറുമായി സിനിമ ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഫാൻസ് ഞാനുമായി സിനിമ ചെയ്തതിൽ നിരാശരായിരുന്നു എന്റെ ഫാൻസ് ആകട്ടെ ഞാൻ താരത്തെ വച്ച് ചെയ്തതിൽ നിരാശരായിരുന്നു. അങ്ങനെയുള്ളപ്പോൾ നിങ്ങൾ ഒരു വലിയ പ്രതീക്ഷയുമായി ആകും തിയറ്ററിൽ എത്തുക. നിങ്ങൾ എന്ത് കാണണമെന്ന് മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടാകും. അങ്ങനെ വരുമ്പോൾ സ്‌ക്രീനിൽ എന്ത് സിനിമയാണോ അതായിരിക്കില്ല നിങ്ങൾ കാണുന്നത്. ഒരു പ്രേക്ഷകനായി എപ്പോഴും ഞാൻ ഒരു ബ്ലാങ്ക് മൈൻഡിൽ ആണ് പോകുന്നത്. മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ ഞാൻ പ്രതീക്ഷിക്കുന്നത് അങ്കമാലി ഡയറീസോ, ഈ മ യൗ അല്ല. മലൈക്കോട്ടൈ വാലിബൻ മാത്രം ആണ്. ലിജോ എന്താണ് പുതിയതായി ചെയ്തിരിക്കുന്നതെന്നും. മോഹൻലാൽ എങ്ങനെയാണ് ആക്ഷൻ സീനുകൾ ചെയ്തിരിക്കുന്നതെന്നും കാണാനാണ് ഞാൻ പോകുന്നത്. ഞങ്ങൾ പ്രതീക്ഷിച്ച മോഹൻലാലും ലിജോയും ഇതല്ല എന്ന് പറയുമ്പോൾ ആ എക്സ്പെക്റ്റേഷന് കാരണം മോഹൻലാലോ ലിജോയോ അല്ല അത് നിങ്ങൾ തന്നെയാണ്.
ജനുവരി 25ന് പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ വേഗത പോര എന്ന് പറയുന്നതിൽ തനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടെന്നും നമ്മുടെ കാഴ്ച മറ്റൊരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തി ആകരുത്. നമ്മുടെ കാഴ്ച നമ്മുടേത് മാത്രമാണെന്നും ചിത്രത്തിന്റെ പ്രസ് മീറ്റിൽ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. ലിജോ എന്ന സംവിധായകനിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ട് എങ്കിൽ മലെെക്കോട്ടെെ വാലിബൻ തിയറ്ററിൽ തന്നെ പോയി കാണണമെന്ന് സംവിധായകൻ ലിജോ കൂട്ടിച്ചേർത്തു. ചിത്രം നിർമിക്കുന്നത് ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ്. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സേട്ട്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.