തന്റെ നാവു കാരണം ഒരുപാട് ശത്രുക്കള്‍ തനിക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ഞാനൊരു കൊടും ഭീകരവാദി, ദുഷ്ടന്‍ തുടങ്ങിയ തരത്തിലുള്ള ഇമേജ് മറ്റുള്ളവരില്‍ ഉണ്ടാക്കിയെടുക്കാന്‍ എന്റെ നാവും പഴയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ളും കാരണമായിരുന്നു. മെച്യുരിറ്റി ഉണ്ടാവുന്നതിന് മുന്‍പ് ഞാന്‍ ഒരുപാട് മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. അതൊക്കെ മണ്ടത്തരമാണെന്ന തിരിച്ചറിവ് ഈ അടുത്താണ് എനിക്ക് വന്നതെന്നും സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.
'2018 എവെരിവൺ ഈസ് എ ഹീറോ' എന്ന സിനിമ ചെയ്യാന്‍ ആലോചിച്ചത് മുതല്‍ എനിക്ക് നേരെ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കാരണം മുമ്പ് ഞാന്‍ ചെയ്ത മൂന്നു സിനിമകളും ചെറിയ സ്‌കെലിലുള്ളവയായിരുന്നു. കൂടാതെ എന്റെയൊപ്പം ഈ സിനിമയില്‍ ജോലി ചെയ്യാനിരുന്ന നിരവധി ടെക്നിഷ്യന്മാരും, അഭിനേതാക്കളും മറ്റുള്ളവരുടെ വാക്കുകേട്ട് അവസാന നിമിഷം പിന്മാറുകയും ഉണ്ടായി. നിര്‍മാതാവായ ആന്റോ ജോസഫിനോട് പോലും കാണുന്ന പത്തു പേരില്‍ എട്ടുപേരും ഈ സിനിമ ചെയ്യണമോ എന്ന ചോദ്യം ചോദിക്കുകയുണ്ടായെന്നും ജൂഡ് പറയുന്നു. എന്നാല്‍ ആന്റോ ചേട്ടന് ഈ സിനിമയുടെ പേരില്‍ പശ്ചാത്തപിക്കേണ്ടി വരില്ലെന്ന എന്റെ ഒറ്റ വാക്കിലാണ് ഈ സിനിമ മുന്നോട്ട് പോയതെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.
കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, തന്‍വി റാം, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, ലാല്‍ നരേന്‍, ശിവദ, സുധീഷ് തുടങ്ങി നീണ്ട താരനിരയുമായിട്ടാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. മലയാള സിനിമയില്‍ ഇടക്കാലത്തുണ്ടായ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ചിത്രം മികച്ച രീതിയില്‍ കളക്ഷനും നേടുകയാണ്.
കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ്, അഖില്‍. പി. ധര്‍മജന്‍ എന്നിവര്‍ ചേര്‍ന്നാണ്. നോമ്പിന്‍ പോള്‍ സംഗീതം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് : ചമന്‍ ചാക്കോ ഛായാഗ്രഹണം:അഖില്‍ജോര്‍ജ്.