മാമന്നൻ റിലീസ് ചെയ്തതിന് ശേഷമാണ് താൻ അവതരിപ്പിച്ച രത്നവേൽ എന്ന കഥാപാത്രം ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് അറിഞ്ഞത് എന്ന് ഫഹദ് ഫാസിൽ. മാരി സെൽവരാജിന്റെ സംവിധാനത്തിൽ വടിവേലു നായകനായി വന്ന ചിത്രമായിരുന്നു മാമന്നൻ. മാരി സെൽവരാജിന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ തമിഴ്‌നാടിന്റെ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന, വിമർശിക്കുന്ന ചിത്രമായിരുന്നു മാമന്നൻ. ചിത്രം ഒടിടി റിലീസിന് ശേഷം ഫഹദ് അവതരിപ്പിച്ച രത്നവേൽ എന്ന കഥാപത്രത്തെ പ്രകീർത്തിച്ചു കൊണ്ട് നിരവധി ട്വീറ്റുകളും പോസ്റ്റുകളുമാണ് സോഷ്യൽ മീഡിയയിൽ വന്നത്. രത്നവേൽ റൂളിങ് ദ ട്വിറ്റർ എന്ന ക്യാപ്ഷനോടെ അയാൾ അവിടെ ആഘോഷിക്കപ്പെടുകയായിരുന്നു. എന്നാൽ പ്രേക്ഷകർ ആ കഥാപാത്രത്തെ ആഘോഷിച്ചത് തന്റെ കൺട്രോളിന് അതീതമായിരുന്നു എന്ന് ഫഹദ് പറയുന്നു. രത്നവേലിന്റെ വൾനറബിൾ സൈഡ് കാണിച്ചത് കൊണ്ടാണോ പ്രേക്ഷകർക്ക് ആ കഥാപത്രത്തെ ഇഷ്ടപ്പെട്ടത് എന്ന് തനിക്കറിയില്ല എന്നും ഫഹദ് ഫിലിം കംപാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഫഹദ് പറഞ്ഞത്;
മാമന്നൻ റിലീസിന് ശേഷമാണ് ഞാൻ അറിയുന്നത് രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന്. ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് അതൊന്നും അറിയേണ്ട കാര്യമില്ലല്ലോ. ഇയാൾ ഏത് ജാതിയാണ് എന്നറിയേണ്ടേ കാര്യം എനിക്കില്ലല്ലോ. പക്ഷെ രത്നവേൽ ഉയർന്ന ജാതിയിൽപ്പെട്ട ഒരാളാണ് എന്ന് എനിക്ക് തീർച്ചയായും അറിയാമായിരുന്നു. ഒരു പെർഫോമർ എന്ന നിലയിൽ എനിക്ക് അതല്ലേ അറിയേണ്ട കാര്യമുള്ളൂ. ബാക്കിയുള്ളത് എനിക്ക് മനസിലാവുന്നതിന് അതീതമാണ്. എന്റെ കൺട്രോളിന് അപ്പുറവും.
രത്നവേലിന്റെ രണ്ട് മുഖങ്ങളും പ്രേക്ഷകർ കാണുന്നുണ്ട്. അതാണോ ആളുകൾക്ക് ആ കണക്റ്റ് കൊടുത്തത് എന്നും എനിക്കറിയില്ല. സിനിമ തുടങ്ങുമ്പോൾ അയാൾ ഒരു പട്ടിയെ കൊല്ലുന്നതായാണ് കാണുന്നത് എന്നാൽ പിന്നീട് വളരെ വൾനറബിൾ ആയാണ് കാണുന്നത്, അതാണോ ആളുകൾക്ക് കണക്റ്റ് ആയത് എന്ന് എനിക്കറിഞ്ഞുകൂടാ. അതിന് ശേഷം ഞാൻ മാരിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. പക്ഷെ എന്തുകൊണ്ടാണ് രത്നവേലിന്റെ വൾനബിൾ സൈഡ് കാണിച്ചത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു. അവരും അങ്ങനെയാണ് എന്ന് കാണിക്കണം തനിക്ക് എന്നാണ് മാരി അന്നെന്നോട് പറഞ്ഞത്. രണ്ട് കൂട്ടർക്കും വൾനബിൾ സൈഡ്സ് ഉണ്ട് എന്നിട്ടും അവർ മനസ്സിലാക്കുന്നവരല്ല എന്നാണ് അദ്ദേഹം പറയാൻ ശ്രമിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്.
തേവർ മകൻ എന്ന കമൽഹാസൻ ചിത്രത്തിന് നിന്നും അത് തന്നിലുണ്ടാക്കിയ വേദനയിൽ നിന്നുമാണ് മാമന്നൻ ഉണ്ടായത് എന്ന് മാറി സെൽവരാജ് പറഞ്ഞത് വിവാദമായിരുന്നു. തേവർ മകനിൽ വടിവേലു അവതരിപ്പിച്ച ഇസൈക്കി ഇതിൽ മാമന്നനനാണ്. ഇസൈക്കി എന്ന ഭൃത്യനിൽ നിന്ന് മാമന്നനിലേക്കുള്ള ട്രാൻസ്ഫർമേഷൻ കൂടിയാണ് ഈ സിനിമ എന്നാണ് അന്ന് മാരി പറഞ്ഞത്.